മെല്‍ബണ്‍: ഇന്ന് മഴ പെയ്തതോടെ, സെപ്തംബറില്‍ ആരംഭിച്ച ഓസ്ട്രേലിയയിലെ കാട്ടുതീയ്ക്ക് നേരിയ ശമനമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഈസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ചില ഭാഗങ്ങളില്‍ വ്യാഴാഴ്ച മഴ പെയ്തിരുന്നു. 28 പേരാണ് കാട്ടുതീയില്‍ മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോടിക്കണക്കിന് ജീവികള്‍ മരിച്ചുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ചൂട് കൂടിയതും മഴ കുറഞ്ഞതും കാട്ടുതീയില് നാശനഷ്ടം വര്‍ദ്ധിക്കാന്‍ കാരണമായി. 

മഴ പെയ്തതോടെ പലയിടങ്ങളിലേയും കാട്ടുതീ നിയന്ത്രണവിധേയമായി. മഴ പൂര്‍ണ്ണമായും കാട്ടുതീ കുറയ്ക്കില്ലെന്നും അഗ്നിശമന സേന ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കാട് കത്തി നശിച്ചതോടെ ദിവസങ്ങളായി പട്ടിണിയിലായ വന്യജീവികള്‍ക്ക് ന്യൂ സൗത്ത് വെയ്ല്‍സ് നാഷണല്‍ പാര്‍ക്ക് ജീവനക്കാരും വന്യജീവി സംരക്ഷണ പ്രവര്‍ത്തകരും ഭക്ഷണം വിതറി നല്‍കിയിരുന്നു. കാട്ടുതീ ബാധിച്ച പ്രദേശങ്ങളില്‍ ഹെലികോപ്റ്ററിലെത്തിയാണ് ഇവര്‍ ക്യാരറ്റും മധുരക്കിഴങ്ങും ഉള്‍പ്പെടെ നിക്ഷേപിച്ചത്. 

കാട്ടുതീയില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതോടെ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സില്‍ ഒരാഴ്ചത്തെ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഹിലാരി ക്ലിന്‍റണ്‍, ബേര്‍ണി സാന്‍ഡേഴ്‌സ, ഗ്രേറ്റ തുംബെര്‍ഗ് എന്നിവരടങ്ങുന്ന പ്രമുഖര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ന്യൂ സൗത്ത് വെയ്ല്‍സില്‍ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. മുമ്പ് നവംബറിലും ഡിസംബറിലും ഇവിടെ 7 ദിവസത്തെ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതേസമയം കാട്ടതീ മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സന്നദ്ധസംഘടനകളിൽ സംഭാവന ചെയ്യുന്നവർക്ക് തന്റെ ന​ഗ്നചിത്രങ്ങൾ അയച്ചു കൊടുക്കാമെന്ന് ഇൻസ്റ്റ​ഗ്രാമിൽ സജീവമായ കെയ്‌ലന്‍ വാര്‍ഡ് എന്ന യുവതി അറിയിച്ചിരുന്നു.