മോസ്ക്കോ: കൊവിഡ് പ്രതിരോധമരുന്ന് വികസിപ്പിച്ചെടുത്ത റഷ്യൻ ശാസ്ത്രജ്ഞൻമാരെ അഭിനന്ദിച്ച് പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്. മോസ്കോയിൽ ഷാങ്ഹായി കോര്‍പറേഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ റഷ്യൻ സര്‍ക്കാരിനെയും ജനങ്ങളെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്പുടിനിക് ഫൈവ് പ്രതിരോധമരുന്നിന്‍റെ നിര്‍മാണത്തിൽ നേരത്തെ റഷ്യ ഇന്ത്യയുടെ സഹകരണം തേടിയിരുന്നു. എന്നാൽ വാക്സിന്‍റെ ഫലപ്രാപ്തിയിൽ വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഇന്ത്യ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഇതിനിടെ റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിന്‍ സ്പുട്നിക്ക് ഫൈവ് ഫലപ്രഥമായി പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വാക്സിന്‍ പരീക്ഷിച്ചവരില്‍ ആന്‍റിബോഡി ശേഷി പ്രത്യക്ഷപ്പെടുന്നുണ്ടെന്നും, മറ്റു പാര്‍ശ്വഫലങ്ങള്‍ ഒന്നും കാണുന്നില്ലെന്നുമാണ്  വാക്സിന്‍റെ ആദ്യപരീക്ഷണത്തിന്‍റെ വിവരങ്ങള്‍ പുറത്തുവിട്ട്  ദ ലാന്‍സെറ്റ് ജേര്‍ണല്‍ പറയുന്നത്. വാക്സിന്‍റെ പല പരീക്ഷണ ഘട്ടങ്ങളും ഒഴിവാക്കി ആദ്യം സ്പുട്നിക്ക് V പരീക്ഷിച്ചത് 76 പേരിലായിരുന്നു. വാക്സിന്‍ കാലവധിയായ 42 ദിവസം പിന്നിടുമ്പോള്‍ ഇവര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് ജേര്‍ണല്‍ പറയുന്നത്.

പരീക്ഷിച്ച എല്ലാവരിലും 21 ദിവസത്തിനുള്ളില്‍ ആന്‍റി ബോഡി ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. രണ്ടാംഘട്ടത്തില്‍ വാക്സിന്‍റെ സഹായത്തോടെ വാക്സിന്‍ പരീക്ഷിച്ചവരുടെ ശരീരത്തില്‍ 28 ദിവസത്തിനുള്ളില്‍ ടി-സെല്‍സ് ഉണ്ടായി. 42 ദിവസം നീണ്ടുനിന്ന രണ്ട് ചെറിയ ഘട്ടങ്ങളായി ഉള്ളതാണ് വാക്സിന്‍ പരീക്ഷണം.

രണ്ട് തരം വാക്സിനുകളാണ് റഷ്യ വികസിപ്പിച്ചത്. ഒന്ന് തണുത്ത രൂപത്തിലുള്ളതും, രണ്ടാമത്തേത് ഉണങ്ങി കട്ടിയായ രൂപത്തിലുള്ളതും ( lyophilised). ഇവയില്‍ ആദ്യത്തേത് ലോകത്തിലെ ഏത് ഭാഗത്തും വേഗത്തില്‍ എത്തിക്കാന്‍ സാധിക്കുന്ന തരത്തിലും, ആഗോളതലത്തില്‍ വേഗത്തില്‍ വിതരണം നടത്താന്‍ ഉതകുന്നതരത്തിലുള്ള വാക്സിനാണ്. എന്നാല്‍ രണ്ടാം തരം വാക്സിന്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കാനാണ്. 2-8 ഡിഗ്രി സെല്‍ഷ്യസില്‍വരെ ഇത് സൂക്ഷിക്കാന്‍ സാധിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്.