'സൂട്ടി ഗൾ' എന്ന അപൂർവ്വയിനം കടൽപ്പക്ഷിയെ കുവൈത്തിൽ കണ്ടെത്തി. സാധാരണയായി തെക്കൻ അറേബ്യൻ ഗൾഫ് മേഖലകളിൽ കാണപ്പെടുന്ന ഈ പക്ഷിയുടെ സാന്നിധ്യം, കുവൈത്തിലെ സമുദ്ര പരിസ്ഥിതി ആരോഗ്യകരമാണെന്നതിന്‍റെ തെളിവാണെന്ന് അധികൃതർ വ്യക്തമാക്കി.

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ സമുദ്ര പരിസ്ഥിതി ചരിത്രത്തിൽ ആദ്യമായി അപൂർവ്വ ഇനത്തിൽപ്പെട്ട 'സൂട്ടി ഗൾ' കടൽപക്ഷിയെ കണ്ടെത്തി. കുവൈത്ത് എൻവയോൺമെന്‍റ് പബ്ലിക് അതോറിറ്റി വക്താവ് ശൈഖ അൽ-ഇബ്രാഹിം ആണ് ഈ സുപ്രധാന വിവരം പങ്കുവെച്ചത്. ഒമർ അൽ-ഷഹീൻ, അബ്ദുറഹ്മാൻ അൽ-സർഹാൻ, ഹമൂദ് അൽ-ഷൈജി എന്നിവരടങ്ങുന്ന അതോറിറ്റിയുടെ പ്രത്യേക നിരീക്ഷണ സംഘമാണ് പക്ഷിയെ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാധാരണയായി തെക്കൻ അറേബ്യൻ ഗൾഫ് മേഖലകളായ യുഎഇ, ഒമാൻ, തെക്കൻ പാകിസ്ഥാൻ, കിഴക്കൻ ആഫ്രിക്കൻ തീരങ്ങൾ എന്നിവിടങ്ങളിലാണ് ഈ പക്ഷികൾ കാണപ്പെടാറുള്ളത്. ചെങ്കടലിലെയും യുഎഇ, ഒമാൻ, യെമൻ, കിഴക്കൻ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെയും ചില ദ്വീപുകളിലും തീരങ്ങളിലുമാണ് ഇവ പ്രധാനമായും പ്രജനനം നടത്തുന്നത്. കുവൈത്തിൽ ഇതിന് മുമ്പ് ഈ പക്ഷിയെ ദൃശ്യമായിട്ടില്ല. 

ചത്ത മീനുകളെയാണ് 'സൂട്ടി ഗൾ' പക്ഷികൾ പ്രധാനമായും ആഹാരമാക്കുന്നത്. അതോടൊപ്പം മറ്റ് കടൽപക്ഷികളുടെ മുട്ടകളും കുഞ്ഞുങ്ങളെയും, ചെറിയ കടലാമകളെയും ഇവ ഭക്ഷണമാക്കാറുണ്ട്. അപൂർവ്വമായ ഈ പക്ഷിയുടെ കുവൈത്തിലെ സാന്നിധ്യം രാജ്യത്തെ സമുദ്ര പരിസ്ഥിതി അതീവ ആരോഗ്യകരവും ജൈവവൈവിധ്യ സമ്പന്നവുമാണ് എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് ശൈഖ അൽ-ഇബ്രാഹിം കൂട്ടിച്ചേർത്തു.