Asianet News MalayalamAsianet News Malayalam

ശ്രീലങ്കൻ ഭീകരാക്രമണത്തിൽ മരിച്ച കാസർകോട് സ്വദേശിയുടെ സംസ്കാരം ശ്രീലങ്കയിൽ നടത്തും

റസീനയുടെ മൃതദേഹം കേരളത്തിൽ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോർക്ക അധികൃതർ ബസുക്കളെ അറിയിച്ചിരുന്നു. എന്നാൽ സംസ്കാരം ശ്രീലങ്കയിൽ തന്നെ സംസ്കരിക്കാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.

Raseena Khadir, malayalee lady killed in Sri Lanka blasts will be cremated in Sri Lanka
Author
Colombo, First Published Apr 22, 2019, 8:58 AM IST

കൊളംബോ: ശ്രീലങ്കയിൽ ഇന്നലെ നടന്ന സ്ഫോടനപരമ്പരയിൽ മരിച്ച കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയിൽത്തന്നെ  സംസ്കരിക്കാൻ ബന്ധുക്കൾ തീരുമാനിച്ചു. ശ്രീലങ്കൻ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തിൽ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോർക്ക അധികൃതർ ബസുക്കളെ അറിയിച്ചിരുന്നു.  ഇക്കാര്യത്തിൽ നോർക്ക അധികൃതർ  ഹൈക്കമ്മീഷണറുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുകയും ചെയ്തു. എന്നാൽ സംസ്കാരം ശ്രീലങ്കയിൽ തന്നെ സംസ്കരിക്കാൻ ബന്ധുക്കൾ നിശ്ചയിക്കുകയായിരുന്നു.

റസീനയുടെ പിതാവ് പി എസ് അബ്ദുല്ലയും ബന്ധുക്കളും വർഷങ്ങൾക്ക് മുമ്പ് ശ്രീലങ്കയിലേക്ക് കുടിയേറിയതാണ്. ഭർത്താവ് അബ്ദുൽ ഖാദർ കുക്കാടിനൊപ്പമാണ് ദുബായിൽ സ്ഥിര താമസമാക്കിയ റസീന ബന്ധുക്കളെ കാണാൻ ഒരാഴ്ച മുമ്പ് ശ്രീലങ്കയിൽ എത്തിയത്. ശ്രീലങ്കയിൽ ഭീകരാക്രമണം നടന്ന ഷാംഗ് റിലാ ഹോട്ടലിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യുന്നതിന് തൊട്ട് മുമ്പായിരുന്നു സ്ഫോടനം നടന്നത്. ഭർത്താവ് അബ്ദുൽ ഖാദർ തലേദിവസം ദുബായ്ക്ക് പുറപ്പെട്ടിരുന്നു. ദുബായ് വിമാനത്താവളത്തിൽ വച്ചാണ് ഇദ്ദേഹം സ്ഫോടനവിവരം അറിയുന്നത്. 

ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയിൽ നടന്ന സ്‌ഫോടനപരമ്പരയിൽ മരണം 215 ആയി. അഞ്ഞൂറിലേറെപ്പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമായതുകൊണ്ട് മരണസംഖ്യ ഉയരാനാണ് സാധ്യത. റസീനയെ കൂടാതെ ലക്ഷ്മി നാരായൺ ചന്ദ്രശേഖർ, രമേഷ് എന്നീ ഇന്ത്യാക്കാരും ആക്രമണത്തിൽ മരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios