ഇതുവരെ ആറ് ജാറുകളിൽ വിഷം കലർത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അഞ്ചെണ്ണം അധികൃതർ കണ്ടെടുത്തു

വിയന്ന: പ്രശസ്ത കമ്പനിയുടെ കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണത്തിൽ എലി വിഷം. 39കാരൻ ഓസ്ട്രിയയിൽ പിടിയിൽ. ജർമൻ ബേബി ഫുഡ് ബ്രാൻഡായ'ഹിപ്പ്'കമ്പനിയുടെ ഉൽപ്പന്നങ്ങളിലാണ് എലിവിഷം കണ്ടെത്തിയത്. എലിവിഷം കലർത്തി കമ്പനിയെ ഭീഷണിപ്പെടുത്തിയതിനാണ് 39കാരനെ ഓസ്ട്രിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ച സംഭവത്തിന് ഇതോടെ നിർണ്ണായകമായ വഴിത്തിരിവുണ്ടായിരിക്കുകയാണ്.കഴിഞ്ഞ മാസം ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നിവിടങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഹിപ്പ് കമ്പനിയുടെ കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണ ജാറുകളിൽ എലിവിഷം കലർത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. 'കാരറ്റും ഉരുളക്കിഴങ്ങും' ചേർന്ന മിശ്രിതമുള്ള ജാറുകളിലായിരുന്നു വിഷം കണ്ടെത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

കമ്പനിയിൽ നിന്ന് ഏകദേശം 2 ദശലക്ഷം യൂറോ (ഏകദേശം 18 കോടി രൂപ) തട്ടിയെടുക്കാനുള്ള ഭീഷണിയുടെ ഭാഗമായാണ് ഈ ക്രൂരകൃത്യം നടന്നതെന്ന് അധികൃതർ കരുതുന്നു. കമ്പനിക്ക് അയച്ച ഭീഷണി സന്ദേശത്തിൽ പണം നൽകിയില്ലെങ്കിൽ കൂടുതൽ ഉൽപ്പന്നങ്ങളിൽ വിഷം കലർത്തുമെന്ന മുന്നറിയിപ്പ് ഉൾപ്പെട്ടിരുന്നു. സാൽസ്ബർഗ് പ്രവിശ്യയിൽ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ബർഗൻലാൻഡ് പൊലീസ് ആണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. എങ്കിലും, ഇയാൾ ഒറ്റയ്ക്കാണോ അതോ മറ്റേതെങ്കിലും സംഘത്തിന്റെ സഹായത്തോടെയാണോ ഇത് ചെയ്തതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. വിഷം കലർത്തിയ ജാറുകൾ വിപണിയിൽ എത്തിയതോടെ ഹിപ്പ് കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങൾ വ്യാപകമായി തിരിച്ചുവിളിച്ചിരുന്നു. 

ഇതുവരെ ആറ് ജാറുകളിൽ വിഷം കലർത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അഞ്ചെണ്ണം അധികൃതർ കണ്ടെടുത്തു. ജാറുകളുടെ അടിയിൽ ചുവന്ന വൃത്തമുള്ള വെളുത്ത സ്റ്റിക്കറുകൾ ഒട്ടിച്ചാണ് പ്രതികൾ ഇവ തിരിച്ചറിഞ്ഞിരുന്നതെന്നാണ് പൊലീസ് പറഞ്ഞു. ഈ ഭക്ഷണങ്ങൾ കഴിച്ച് ആർക്കും അപകടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളില്ല. യൂറോപ്പിലെ ഭക്ഷ്യസുരക്ഷയെയും കമ്പനികളുടെ സുരക്ഷാ ക്രമീകരണങ്ങളെയും ചോദ്യം ചെയ്യുന്നതായിരുന്നു ഈ സംഭവം. പ്രതിയെ പിടികൂടിയതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം