അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ എത്ര കാലം വേണമെങ്കിലും സൈനിക പോരാട്ടം തുടരാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ നീക്കത്തിന് മറുപടിയായാണ് ഈ പ്രസ്താവന. ഭാവിയിൽ ആക്രമണം ഉണ്ടാകില്ലെന്ന ഉറപ്പും നഷ്ടപരിഹാരവും ലഭിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നും ഇറാൻ നിലപാടെടുത്തു.

ടെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക പോരാട്ടം എത്ര കാലത്തേക്ക് വേണമെങ്കിലും തുടരാൻ ഇറാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. സ്വയം പ്രതിരോധിക്കാൻ ഇറാൻ ഒട്ടും മടിക്കില്ലെന്നും, ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാൻ ഇറാൻ സൈന്യം സജ്ജമാണ്. തങ്ങളെ ആക്രമിക്കാൻ വരുന്നവവരെ പാഠം പഠിപ്പിക്കാൻ ഈ യുദ്ധത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം ടെഹ്റാനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ സംയുക്ത നാവിക പട്രോളിംഗിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് ഇറാന്റെ പ്രസ്താവന. കടലിടുക്ക് തങ്ങൾ അടച്ചിട്ടില്ലെന്നും എന്നാൽ അമേരിക്കയുമായും സഖ്യകക്ഷികളുമായും ബന്ധമുള്ള കപ്പലുകൾക്ക് ഈ പാത സുരക്ഷിതമായിരിക്കില്ലെന്നും ഇറാൻ സൂചന നൽകി. മേഖലയിലെ സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ മറ്റ് രാജ്യങ്ങൾ സംയമനം പാലിക്കണമെന്നും ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും അരാഗ്ചി ആവശ്യപ്പെട്ടു.

വെടിനിർത്തലിനോ നയതന്ത്ര ചർച്ചകൾക്കോ തങ്ങൾ മുൻകൈ എടുത്തിട്ടില്ലെന്ന് അരാഗ്‌ചി ആവർത്തിച്ച് പറഞ്ഞു. അമേരിക്കയും ഇസ്രായേലും ചേർന്ന് "തിരഞ്ഞെടുത്ത യുദ്ധം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അമേരിക്കൻ നിക്ഷേപങ്ങളെയും സൈനിക താവളങ്ങളെയും മാത്രമാണ് ഇറാൻ ലക്ഷ്യം വെക്കുന്നത്. പശ്ചിമേഷ്യൻ മേഖലയിലെ അയൽരാജ്യങ്ങൾ തങ്ങളുടെ മണ്ണ് ഇസ്രായേലിന് ഉപയോഗിക്കാൻ വിട്ടുനൽകുന്നത് നിശബ്ദമായി കണ്ടുനിൽക്കാനാവില്ല. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാവില്ലെന്ന ഉറപ്പും യുദ്ധ നഷ്ടപരിഹാരവും വേണമെന്നാണ് ഇറാന്റെ നിലപാട്.