ഇറാനെതിരായ അന്ത്യശാസനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മനംമാറ്റത്തിന് ഒരുങ്ങുന്നു. സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടായാൽ സമയപരിധി നീട്ടാൻ തയ്യാറാണെന്ന് അദ്ദേഹം സൂചന നൽകി. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധം ഒഴിവാകുമെന്ന പ്രതീക്ഷകൾ സജീവമായി

വാഷിംഗ്ടൺ: ഇറാനെതിരായ 'ചൊവ്വാഴ്ച' അന്ത്യശാസനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാട് തിരുത്തിയെന്ന് റിപ്പോ‍ർട്ട്. സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിൽ സമയപരിധി നീട്ടാൻ തയ്യാറാണെന്നാണ് ട്രംപ് സൂചന നൽകിയത്. പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് വലിയ ആശ്വാസമാകുന്നതാണ് ട്രംപിന്‍റെ മനംമാറ്റം. ഇറാനെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന കടുത്ത ഭീഷണി അവരെ ചർച്ചകളിൽ നിന്ന് പിന്നോട്ടുവലിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്രംപിന്റെ മനംമാറ്റം. അതേസമയം, ബഹ്‌റൈനിലെ അമേരിക്കൻ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി വൈറ്റ് ഹൗസ് തള്ളിയതായും സിവിലിയൻ കേന്ദ്രങ്ങൾ തകർക്കരുതെന്ന് കാനഡ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ചർച്ചകൾക്കുള്ള വാതിലുകൾ തങ്ങൾ അടച്ചിട്ടില്ലെന്ന് ഇറാനും വ്യക്തമാക്കിയതോടെ സമാധാന പ്രതീക്ഷകൾ വീണ്ടും സജീവമാകുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player

ഇറാനെ പൂർണമായി നശിപ്പിക്കും, ട്രംപിന്‍റെ ചൊവ്വാഴ്ച ഭീഷണി ഇങ്ങനെ

ഇറാന് നൽകിയ അന്ത്യശാസനം പാലിച്ചില്ലെങ്കിൽ ഒരു വലിയ നാഗരികത തന്നെ ഇന്ന് രാത്രി ഇല്ലാതാകുമെന്നാണ് നേരത്തെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നത്. ഹോർമൂസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. താൻ നൽകിയ ചൊവ്വാഴ്ചത്തെ സമയപരിധിക്കുള്ളിൽ ഇറാൻ സമാധാന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ, രാത്രിയോടെ ഒരു നാഗരികത തന്നെ എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഭീതിതമായ ഈ വാക്കുകൾ അദ്ദേഹം കുറിച്ചത്. "ഒരു നാഗരികത മുഴുവൻ ഇന്ന് രാത്രി മരിക്കും, അത് ഒരിക്കലും തിരികെ കൊണ്ടുവരാൻ കഴിയില്ല. അങ്ങനെ സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് മിക്കവാറും സംഭവിക്കും" - ട്രംപ് കുറിച്ചതിങ്ങനെയായിരുന്നു. ലോകത്തിന്‍റെ നീണ്ടതും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായിരിക്കും ഇന്ന് രാത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലോകത്തെ ഒരു മഹാദുരന്തത്തിന്‍റെ വക്കിലെത്തിക്കുന്നതാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഭീഷണിയെന്ന് വിമർശനം ഉയർന്നിരുന്നു.

എതിർത്ത് റഷ്യ

ട്രംപിന്റെ ഇറാനെതിരായ 'ചൊവ്വാഴ്ച' അന്ത്യശാസനത്തെ എതിർത്ത് റഷ്യ രംഗത്തെത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാനായി ആരും ഭീഷണിയും അന്ത്യശാസനവും മുഴക്കേണ്ടതില്ലെന്ന നിലപാടാണ് റഷ്യ കൈക്കൊണ്ടിരിക്കുന്നത്. സമാധാനം ഇപ്പോഴും സാധ്യമാണെന്നും ചർച്ചകൾക്ക് സമയം കൊടുക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിലും ഇത്തരം അന്ത്യശാസനകളോടും യു എൻ സുരക്ഷ കൗൺസിൽ കടമ നിർവഹിക്കണം എന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച അവസാനിക്കും മുന്നേ ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ തീരുമാനം അറിയിച്ചില്ലെങ്കിൽ ഒരു നാഗരികതയെ പൂർണമായും ഇല്ലാതാക്കുമെന്ന ട്രംപിന്‍റെ കൊലവിളിയോടാണ് റഷ്യ അതിശക്തമായി പ്രതികരിച്ചിരിക്കുന്നത്.