കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയില്‍ ആഭ്യന്തര യുദ്ധത്തിന് സമാനമായ സംഭവ വികാസങ്ങളും നാടകീയ രംഗങ്ങളുമുണ്ടായതായി റിപ്പോര്‍ട്ട്. സിന്ധ് പൊലീസ് മേധാവിയെ പാക്ക് സൈന്യം തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിൽ  സൈനിക മേധാവി ഖുമര്‍ ജാവേദ് ബജ്വ അന്വേഷണത്തിന് ഉത്തരവിട്ടു. കറാച്ചിയിലെ സൈനിക കമാൻഡറോടാണ് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ അന്വേഷണം നടത്താൻ ഉത്തരവിട്ടത്.

മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മരുമകനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടാനാണ് അർധ സൈനിക വിഭാഗമായ പാക്കിസ്ഥാൻ റേഞ്ചേഴ്സ്, പ്രവിശ്യ പൊലീസ് മേധാവി മുഷ്താഖ് മെഹറിനെ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം. ഇതിനെ തുടര്‍ന്ന് സിന്ധ് പൊലീസും പാക്കിസ്ഥാൻ സൈന്യവും തമ്മിൽ വെടിവയ്പ്പു നടന്നിരുന്നുവെന്നും കറാച്ചിയിൽ ‘ആഭ്യന്തര യുദ്ധം’ ആരംഭിച്ചുവെന്നും സ്ഥിരീകരിക്കാത്ത വിവരം ദി ഇന്റർനാഷനൽ ഹെറാൾഡ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. 

വെടിവയ്പ്പിൽ 10 പൊലീസുകാർ മരിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ 'ദ ഡോണ്‍' അടക്കമുള്ള പാക്കിസ്ഥാനിലെ പ്രധാന മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഒക്ടോബര്‍ 18, 19 ദിവസങ്ങളിലാണ് സംഭവങ്ങള്‍ അരങ്ങേറിയത് എന്ന് സിന്ധ് പൊലീസിന്‍റെ ട്വിറ്റര്‍ പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്. പക്ഷെ കാര്യങ്ങള്‍ കൃത്യമായി എന്ത് സംഭവിച്ചു എന്നത് ഇവരും വ്യക്തമാക്കുന്നില്ല.

 

ഒക്ടോബർ 18/19 രാത്രിയിൽ സിന്ധ് പ്രവിശ്യയിലെ പൊലീസിന് ഹൃദയവേദനയുണ്ടാക്കുന്നതും അവജ്ഞയുണ്ടാക്കുന്നതുമായ പ്രശ്നങ്ങൾ ഉണ്ടായതായി സിന്ധ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിരവധി ട്വീറ്റുകളിലായി വെളിപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് സമാനമായ കുറേ ട്വീറ്റുകളും ഈ അക്കൌണ്ടിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പാക്ക് റേഞ്ചേഴ്സോ പ്രധാനമന്ത്രി ഇമ്രാൻ ഖാനോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ പൊലീസ് മേധാവിയോടു കാണിച്ച അനീതിയിൽ പ്രതിഷേധിച്ച് ചില പൊലീസ് ഉദ്യോഗസ്ഥർ ലീവ് എടുത്തതും വിവാദങ്ങൾക്ക് ആക്കംകൂട്ടി. 

കഴിഞ്ഞ പതിനെട്ടിന്, പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭരണത്തിനെതിരെ പ്രതിപക്ഷത്തിന്റെ റാലിയിൽ പ്രതിഷേധിച്ചതിനു പിന്നാലെയാണ് ഷരീഫിന്റെ മരുമകൻ മുഹമ്മദ് സഫ്ദറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയിൽനിന്നു ജാമ്യം ലഭിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ആരോപണങ്ങൾ വന്നത്. മുഷ്താഖ് മെഹറിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചാണ് സഫ്ദറിന്റെ അറസ്റ്റിനായി ഉത്തരവ് ഇറക്കിയതെന്നാണ് ആരോപണം.

താനും അവധിയെടുക്കാൻ ആലോചിച്ചിരുന്നുവെന്നും എന്നാൽ പിന്തുണയ്ക്കുന്ന മറ്റ് ഉദ്യോഗസ്ഥരോട് 10 ദിവസം ലീവിൽ പോയി അധികൃതർക്ക് അന്വേഷണത്തിന് അവസരം കൊടുക്കാൻ പിന്നീട് ആവശ്യപ്പെടുകയായിരുന്നുവെന്നും മെഹർ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ തന്നെ തട്ടിക്കൊണ്ടുപോയെന്നോ ആരാണ് പാക്ക് റേഞ്ചേഴ്സിന്റെ ഓഫിസിലേക്ക് നിർബന്ധപൂർവം കൂട്ടിക്കൊണ്ടുപോയതെന്നോ പ്രതികരിക്കാൻ മെഹർ തയാറായില്ല.