ഇസ്ലാമാബാദ്: ഡിസംബർ 30 നമ് നൂറുകണക്കിന് പേർ ചേർന്ന് തകർത്ത ഹിന്ദു ക്ഷേത്രം പുനർനിർമ്മിച്ച് നൽ‌കണമെന്ന് ഉത്തരവിട്ട് പാക്ക് സുപ്രീം കോടതി. കരക് ജില്ലയിലെ തെരി ​ഗ്രാമത്തിലെ ശ്രീ പരമഹംസ് ജി മഹാരാജ് സമാധിയും കൃഷ്ണധ്വാര മന്ദിറുമാണ് നൂറ് കണക്കിന്  പേർ ചേർന്ന് തകർക്കുകയും തീയിടുകയും ചെയ്തത്.  എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഇവിടെ ക്ഷേത്രം പുനർ നിർമ്മിച്ചുനൽകണമെന്നാണ് ഖൈബർ പഖ്തുൻഖ്വ പ്രവിശ്യാ സർക്കാരിന് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. 

സംഭവം നടന്നതിന് പിന്നാലെ സ്വമേധയാ കേസെടുത്ത ചീഫ് ജസ്റ്റിസ് ​ഗുൽസാർ അഹമ്മദ് കേസ് ജനുവരി അഞ്ചിന് വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു. ക്ഷേത്ര നിർമ്മാണത്തിന്റെ പണി ഉടൻ തുടങ്ങണമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ നിർമ്മാണത്തിന്റെ പുരോ​ഗതി സംബന്ധിച്ച റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. 

1997ലാണ് ആദ്യമായി ഈ ക്ഷേത്രം ആക്രമിക്കപ്പെട്ടത്. 2015 ൽ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് പ്രദേശിക സംഘങ്ങൾ പുനർനിർമ്മിക്കാമെന്ന് വ്യക്തമാതക്കിയിരുന്നു. എന്നാൽ‌ പിന്നീട് ഭൂമിയെ തുടർവന്നുണമടായ തർക്കത്തിൽ ഹൈന്ദവ വിശ്വാസികളും  പ്രദേശിക നേതൃത്വവും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നു. ഇതിന് പിന്നാലെയാണ് ഡിസംബർ 30 ന് ക്ഷേത്രം ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.