ജക്കാര്‍ത്ത: ബൈക്കിന്‍റെ ടയര്‍ കഴുത്തില്‍ കുടുങ്ങി വര്‍ഷങ്ങളായി ദുരിതമനുഭവിക്കുകയാണ് ഒരു ഭീമന്‍ മുതല. മുതലയെ രക്ഷപ്പെടുത്താന്‍ പലതവണ അധികൃതര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. നാല് മീറ്റര്‍ നീളമുള്ള ഭീമന്‍ മുതലയുടെ കഴുത്തില്‍ നിന്നും ടയര്‍ നീക്കം ചെയ്യുന്നവര്‍ക്ക് വന്‍ തുക പ്രതിഫലം നല്‍കുമെന്നാണ് ഇന്തോനേഷ്യ അധികൃതരുടെ പ്രഖ്യാപനം. മധ്യസുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലുവിലാണ് ഈ മുതല ജീവിക്കുന്നത്. 

അടുത്തിടെ പുറത്തിറങ്ങിയ ഒരു വീഡിയോയില്‍ മുതലയ്ക്ക് ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടെത്തിയതോടെയാണ് മുതലയെ രക്ഷിക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍ അധികൃതര്‍ സമീപിച്ചത്. കഴുത്തില്‍ ടയര്‍ കുടുങ്ങിയത് മുതലയുടെ മരണത്തിന് വരെ കാരണമാകാമെന്നും അധികൃതര്‍ സംശയിക്കുന്നു. പ്രതിഫലം ലഭിക്കുമെന്നോര്‍ത്ത് ആരും അപകടത്തിലേക്ക് ചാടരുതെന്നും വന്യജീവികളെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി മുന്‍പരിചയമുള്ളവര്‍ മാത്രം മുമ്പോട്ടു വന്നാല്‍ മതിയെന്നുമാണ് അധികൃതരുടെ അറിയിപ്പ്. പ്രതിഫല തുക എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല.