ഭീമമായ സാമ്പത്തിക ഭാരം അടുത്ത തലമുറയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് പറഞ്ഞ ഋഷി, കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്നും അറിയിച്ചു. പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ജനവിധി പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ചുമതലയേറ്റു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് രാജാവിനെ കണ്ട ശേഷമാണ് ഋഷി സുനക് ചുമതലയേറ്റത്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാന ലക്ഷ്യമെന്ന് ആദ്യ അഭിസംബോധനയില്‍ ഋഷി സുനക് പറഞ്ഞു. ഭീമമായ സാമ്പത്തിക ഭാരം അടുത്ത തലമുറയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് പറഞ്ഞ ഋഷി, കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്നും അറിയിച്ചു. പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ജനവിധി പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിന് ഒരുങ്ങിയ പെന്നി മോർഡൻ്റ് പിന്മാറിയതോടെ ഋഷി സുനക്
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബോറിസ് ജോൺസൺ, തെരേസ മേ മന്ത്രിസഭകളിൽ അംഗമായിരുന്ന ഋഷി സുനക് 42-ാം വയസിലാണ് ബ്രിട്ടൻ്റെ പ്രധാനമന്ത്രി കസേരയിൽ എത്തുന്നത്. 200 വർഷത്തിനിടെ ബ്രിട്ടനിൽ അധികാരമേൽക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് അദ്ദേഹം. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസ് ഋഷി സുനക്കിന് എല്ലാ വിജയാശംസകളും നേർന്നു.

ബ്രിട്ടന്‍റെ കടുത്ത പ്രതിസന്ധി കാലത്താണ് ഋഷി സുനക് രാജ്യത്തെ നയിക്കാൻ എത്തുന്നത്. വിലക്കയറ്റം മുതൽ സ്വന്തം പാർട്ടിയിലെ കലാപങ്ങൾ വരെ നേരിട്ട് വേണം സുനകിന് മുന്നോട്ടുപോകാൻ. രാജ്യം നേരിടുന്ന കനത്ത സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ ആദ്യം വേണ്ടത് സ്ഥിരതയും ഐക്യവുമാണെന്ന് ഋഷി സുനക് പാർട്ടി പ്രവർത്തകരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

Also Read:190 വര്‍ഷം ഇന്ത്യ ഭരിച്ച ബ്രിട്ടനെ, ഇനി ഇന്ത്യന്‍ വംശജന്‍ നയിക്കും; ആരാണ് റിഷി സനുക് ?

വിലക്കയറ്റം

ജി ഏഴ് രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന വിലക്കയറ്റം ഇപ്പോൾ ബ്രിട്ടനിലാണ്. പത്ത് ശതമാനം കടന്ന നാണയപ്പെരുപ്പം ബ്രിട്ടീഷ് മധ്യവർഗത്തിന്‍റെ ജീവിതം വഴിമുട്ടിച്ചിരിക്കുന്നു. ഇതിന് എന്ത് പരിഹാരം എന്നതാണ് ഋഷി സുനക് നേരിടാൻ പോകുന്ന ആദ്യ വെല്ലുവിളി.

നികുതി നയം

ലിസ് ട്രസിന്റെ പതനം വേഗത്തിലാക്കിയത് മുൻപിൻ ആലോചിക്കാതെ പ്രഖ്യാപിച്ച നികുതിയിളവുകളാണ്. തിടുക്കപ്പെട്ട് പ്രഖ്യാപിച്ച സാമ്പത്തിക നയം വിപണിയെ തകർത്തു. പണപ്പെരുപ്പം കുറയ്ക്കാനും സാമ്പത്തിക സ്ഥിരതയ്ക്കും മുൻ ധനമന്ത്രി കൂടിയായ ഋഷി സുനക് എന്ത് ചെയ്യുമെന്ന് ബ്രിട്ടീഷ് ജനത ഉറ്റുനോക്കുന്നു.

Also Read: ലണ്ടനിൽ ​ഗോപൂജ നടത്തി ബിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനകും കുടുംബവും

പാർട്ടിയിലെ പോര്

കൺസർവേട്ടീവ് പാർട്ടി കടുത്ത ആഭ്യന്തര ഭിന്നതകളിൽ ആണ്. ബോറിസ് ജോൺസൺ അവസാന നിമിഷം മത്സരത്തിൽ നിന്ന് പിന്മാറിയത് മനസില്ല മനസോടെയാണ്. 2025 ലെ പൊതു തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും മടങ്ങിവരാമെന്ന് ബോറിസ് ജോൺസൺ കരുതുന്നു. ഇപ്പോൾ ഭൂരിപക്ഷം കൺസർവേട്ടീവ് എംപിമാരും ഋഷി സുനകിനെ പിന്തുണയ്ക്കുന്നുവെങ്കിലും അത് അത്ര ഉറപ്പുള്ള പിന്തുണയല്ല. ലിസ് ട്രസ് പതിച്ചത് എത്ര വേഗം ആയിരുന്നുവെന്ന ഉദാഹരണം ഋഷി സുനക്കിന് മുന്നിൽ തന്നെയുണ്ട്.

ആരോപണങ്ങൾ

വ്യക്തിപരമായ ആരോപണങ്ങളിൽ നിന്ന് മോചിതനല്ല ഋഷി സുനക്. ഭാര്യ അക്ഷത മൂർത്തിക്ക് ഇൻഫോസിസിലുള്ള കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തിന് ബ്രിട്ടനിൽ നികുതി നൽകാതിരിക്കാൻ കുറുക്കുവഴി തേടി എന്ന ആരോപണം ഇടയ്ക്ക് ഉയർന്നിരുന്നു. ബോറിസ് ജോൺസൺ ആരോപണ വിധേയനായ കോവിഡ് ചട്ടലംഘനങ്ങളിൽ ചിലതിൽ ഋഷി സുനകും ആരോപണ വിധേയൻ ആയിരുന്നു.

യുക്രൈൻ യുദ്ധം

റഷ്യയുടെ യുക്രൈൻ ആക്രമണം ബ്രിട്ടനിൽ ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല. ഇതുവരെ 22000 കോടിയുടെ ആയുധ -സാമ്പത്തിക സഹായം ബ്രിട്ടൻ യുക്രൈന് നൽകിക്കഴിഞ്ഞു. ഇനിയും കൂടുതൽ സഹായം യുക്രൈൻ തേടുന്നു. യുദ്ധം അവസാനിക്കാത്തിടത്തോളം അത് ബ്രിട്ടനുമേൽ അമിത ഭാരമായി തുടരുകതന്നെ ചെയ്യും.

ബ്രെക്സിറ്റ്‌ ആഘാതം

ബ്രിട്ടൻ യൂറോപ്യൻ കൂട്ടായ്മ വിട്ടിറങ്ങിയതിന്റെ ആഘാതം ഇനിയും മാറിയിട്ടില്ല. അന്നുമുതൽ തുടങ്ങിയ ഇനിയും തീരാത്ത പ്രശ്നങ്ങൾക്ക് ഋഷി സുനക് മറുപടി പറയേണ്ടി വരും. കാരണം ബ്രക്‌സിറ്റിന്റെ കടുത്ത അനുകൂലികളിൽ ഒരാളായിരുന്നു ഋഷി സുനക്.