ഇറ്റലിയിലെ റോമിലെ പെട്രോൾ പമ്പിൽ ഉണ്ടായ സ്ഫോടനത്തിൽ 45 പേർക്ക് പരിക്കേറ്റു. 12 പോലീസുകാരും 6 അഗ്നിശമന സേനാംഗങ്ങളും ഉൾപ്പെടെയാണ് പരിക്കേറ്റവർ.

റോം: ഇറ്റലിയിലെ റോമിൽ പെട്രോള്‍ പമ്പിലുണ്ടായ വൻ സ്ഫോടനത്തില്‍ 45 പേര്‍ക്ക് പരിക്ക്. 12 പൊലീസ് ഉദ്യോഗസ്ഥരും ആറ് അഗ്നിശമന സേനാംഗങ്ങളുമടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ധന ടാങ്ക് നിറയ്ക്കുന്നതിനിടെ ഉണ്ടായ ഗ്യാസ് ചോര്‍ന്നതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് റോം മേയര്‍ റോബര്‍ട്ടോ ഗ്വാല്‍ട്ടിരി വ്യക്തമാക്കിയത്. അപകടത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായി.

ചെറു സ്ഫോടനമുണ്ടായപ്പോള്‍ തന്നെ കെട്ടിടങ്ങളില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൂടുതല്‍ അപകടം ഉണ്ടാകുന്നതിന് മുന്‍പേ കൃത്യമായി ഇടപെട്ടതിന് പൊലീസിനും അഗ്നി ശമന സേനാംഗങ്ങള്‍ക്കും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി നന്ദി അറിയിച്ചു.

വിശദ വിവരങ്ങൾ ഇങ്ങനെ

ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ പ്രിനെസ്റ്റിനോ മേഖലയിലെ പെട്രോൾ പമ്പിലാണ് ശക്തമായ സ്ഫോടനമുണ്ടായത്. സ്ഫോടന ശബ്ദം നഗരത്തിന്റെ മറ്റ് ഭാഗങ്ങളിൽ വരെ കേട്ടെന്നും ജനലുകൾ വിറച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ധന ടാങ്ക് നിറയ്ക്കുന്നതിനിടെ ഉണ്ടായ ഗ്യാസ് ചോർച്ചയാണ് തീപിടുത്തത്തിനും തുടർന്നുള്ള സ്ഫോടനത്തിനും കാരണമായതെന്നാണ് റോം മേയര്‍ റോബര്‍ട്ടോ ഗ്വാല്‍ട്ടിരി പറയുന്നത്. പെട്രോൾ, ഡീസൽ, ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽ പി ജി) എന്നിവ വിതരണം ചെയ്യുന്ന പമ്പിലെ സ്ഫോടനം നഗരത്തിൽ വലിയ ആഘാതമുണ്ടാക്കി. സ്ഫോടനത്തിൽ 45 ലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ ഗുരുതരമായ പൊള്ളലേറ്റ രണ്ട് പേർ വെന്‍റിലേറ്ററിലാണ്. 12 പോലീസ് ഉദ്യോഗസ്ഥർ, 6 ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന് മുമ്പ് ഒരു ട്രക്ക് ഗ്യാസ് പൈപ്പ്‌ലൈനിൽ ഇടിച്ചതിനെ തുടർന്ന് ഗ്യാസ് ചോർച്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. കൂടാതെ പ്രദേശത്തെ ഒരു കായിക കേന്ദ്രത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാവിലെ 8:30 ന് ശേഷമായിരുന്നു സ്ഫോടനം നടന്നതെങ്കിൽ അത് ഒരു മഹാ ദുരന്തമായേനെയെന്ന് ഈ കായിക കേന്ദ്രത്തിന്‍റെ പ്രസിഡന്റ് ഫാബിയോ ബാൽസാനി പറഞ്ഞു. കാരണം എട്ടരക്ക് ശേഷം കുട്ടികളുടെ ഒരു സമ്മർ ക്യാമ്പ് ഇവിടെ നിശ്ചയിച്ചിരുന്നുവെന്നും അദ്ദേഹം വിവരിച്ചു. അതേസമയം കൂടുതല്‍ അപകടം ഉണ്ടാകുന്നതിന് മുന്‍പേ കൃത്യമായി ഇടപെട്ടതിന് പൊലീസിനും അഗ്നി ശമന സേനാംഗങ്ങള്‍ക്കും നന്ദി അറിയിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി രംഗത്തെത്തി.