അമേരിക്കയുടെ സ്വതന്ത്രാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് ചൈനീസ് നടപടിയെന്ന് വ്യക്തമാക്കിയാണ് ബീജിംഗ് സന്ദര്‍ശനം റദ്ദാക്കിയത്

മൊണ്ടാന: അമേരിക്കൻ വ്യോമാതിർത്തിയിൽ ചൈനയുടെ ബലൂൺ കണ്ടെത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര പ്രതിസന്ധി രൂക്ഷം. നാളെ തുടങ്ങാനിരുന്ന സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈന സന്ദർശനം അമേരിക്ക റദ്ദാക്കി. മോണ്ടാനായിലെ വളരെ ന്യൂക്ലിയര്‍ സെന്‍സിറ്റീവ് ആയ മേഖലയിലാണ് ചൈനീസ് ബലൂണ്‍ കണ്ടെത്തിയത്. അമേരിക്കയുടെ സ്വതന്ത്രാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് ചൈനീസ് നടപടിയെന്ന് വ്യക്തമാക്കിയാണ് ബീജിംഗ് സന്ദര്‍ശനം റദ്ദാക്കിയത്. ഉചിതമായ സമയത്ത് മാത്രമേ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇനി ബീജിംഗിലേക്ക് പോവൂയെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെള്ളിയാഴ്ച മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നടക്കുന്ന നയതന്ത്ര പ്രതിനിയുടെ ആദ്യത്തെ സന്ദര്‍ശനമാണ് റദ്ദാക്കിയത്. എന്നാല്‍ ചൈനീസ് ബലൂണ്‍ വെടിവച്ചിടേണ്ടെന്നാണ് പെന്‍റഗണ്‍ തീരുമാനിച്ചിരിക്കുന്നത്. പെന്‍റഗണ്‍ തീരുമാനത്തിന് പിന്നാലെ തന്നെ നയതന്ത്ര പ്രതിനിധി സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന സൂചനകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലിങ്കന്‍റെ സന്ദര്‍ശനം റദ്ദാക്കിയത്. എന്നാല്‍ വെള്ളിയാഴ്ചയ്ക്ക് ശേഷം യുഎസുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ വരാതിരിക്കാനുള്ള ശ്രമങ്ങള്‍ ചൈന നടത്തുന്നതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയന്ത്രണം നഷ്ടമായി എത്തിയതാണ് ബലൂണെന്നാണ് ചൈന വിശദമാക്കുന്നത്.

കാലാവസ്ഥാ നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്നതാണ് ബലൂണെന്നും ചൈനയുടെ അവകാശവാദം. ഈ ആഴ്ച ആദ്യമാണ് ബലൂണ്‍ ആദ്യം മൊണ്ടാന മേഖലയില്‍ കാണപ്പെട്ടത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സിലോയുടെ കേന്ദ്രമാണ് മൊണ്ടാന. ഇന്‍റലിജന്‍സിന് ബലൂണ്‍ ഭീഷണിയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മധ്യ അമേരിക്കന്‍ മേഖലയില്‍ കണ്ട ബലൂണ്‍ കിഴക്കന്‍ മേഖലയിലേക്കാണ് നീങ്ങിയത്. കണ്ടെത്തിയ ബലൂണ്‍ ചാര പ്രവര്‍ത്തിക്ക് ഉപയോഗിക്കുന്നതാണെന്നാണ് വ്യാപക ആരോപണം. 

നിരന്തരമായ ഇന്ത്യാ-ഇസ്രായേൽ വിരുദ്ധ പരാമർശം; യുഎസ് വിദേശകാര്യ സമിതിയിൽ നിന്ന് ഇൽഹാൻ ഒമറിനെ പുറത്താക്കി