വാഷിംങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ ജന പ്രതിനിധി സഭയുടെ ഇംപീച്ച്മെന്‍റ് റിപ്പോർട്ട്. 2020 ലെ തെര‍ഞ്ഞെടുപ്പിൽ വിദേശ ഇടപെടലിനായി ട്രംപിന്‍റെ ഓഫീസ് കൃത്യവിലോപം നടത്തിയെന്നാണ് കണ്ടെത്തൽ. കണ്ടെത്തലുകൾ സ്റ്റേറ്റ് ഹൗസ് ജുഡീഷ്യറി കമ്മറ്റി പരിഗണിക്കും. അടുത്ത വർഷം നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളി ബോൺ ബെഡനെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ യുക്രയിനോട് ആവശ്യപ്പെട്ടു.

സമ്മർദ തന്ത്രമെന്നോണം സൈനിക സഹായം തടഞ്ഞു വച്ചു. സ്വ താൽപര്യത്തിന് വിദേശ നയത്തെ കൂട്ടുപിടിച്ചു. തെളിവെടുപ്പിന് ഹാജരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, അങ്ങനെ പോകുന്നു ട്രംപിനെതിരായ കണ്ടെത്തലുകൾ. അമേരിക്കൻ ചരിത്രത്തിൽ ജന പ്രതിനിധി സഭ ഏറ്റെടുത്ത ഇംപീച്ച്മെന്‍റ് അന്വേഷണത്തെ പൂർണമായും തടയാൻ ശ്രമിച്ച ആദ്യ പ്രസിന്‍റാണ് ട്രംപെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

എന്നാൽ, ബാലിശമായ തെളിവുകൾ അടിസ്ഥാനമാക്കി, ഏക പക്ഷീയമായ അന്വേഷണമാണ് നടത്തിയതെന്ന് പറഞ്ഞ് പ്രതിരോധിക്കുകയാണ് ട്രംപ് കേന്ദ്രം. അതേ സമയം, ഇന്ന് മൊഴിയെടുപ്പിന് ഹാജരാകണമെന്ന നിർദ്ദേശം ട്രംപ് അംഗീകരിച്ചില്ല. നാറ്റോയുടെ എഴുപതാമത് ഉച്ചോകോടി നടക്കുന്നതിനാൽ ലണ്ടനിലെന്നാണ് വിശദീകരണം. ട്രംപിനെതിരായ കണ്ടെത്തലുകൾ ഇന്ന് ചേരുന്ന , സ്റ്റേറ്റ് ഹൗസ് ജുഡീഷ്യറി കമ്മറ്റി പരിഗണിക്കും.

കുറ്റങ്ങൾ ശരിവച്ചാൽ , ഇംപീച്ച് മെന്‍റ് നടപടി റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിന്‍റെ പരിഗണനയ്ക്ക് വിടും. സെനറ്റും കണ്ടെത്തലുകൾ മുന്ന് രണ്ട് ഭൂരിപക്ഷത്തിൽ പാസാക്കിയാൽ ട്രംപിന് പ്രസിഡന്‍റ് സ്ഥാനം നഷ്ടമാകും.