വിനിമയം തുടങ്ങിയപ്പോൾ തന്നെ രൂപക്ക് മുന്നേറ്റം ദൃശ്യമായി. നിലവിൽ ഒരു ഡോളറിന് 20 പൈസയുടെ മൂല്യം ഉയര്‍ന്നിട്ടുണ്ട്
ദില്ലി: യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ 25 ശതമാനം താരിഫ് ഭീഷണി, ഇന്ത്യൻ രൂപക്ക് മുന്നിൽ ഏശിയില്ല. ഡോളറിന് മുന്നിൽ രൂപയുടെ ഉയർത്തെഴുന്നേൽപ്പാണ് ഇന്ന് കണ്ടത്. വിനിമയം തുടങ്ങിയപ്പോൾ തന്നെ രൂപക്ക് മുന്നേറ്റം ദൃശ്യമായി. നിലവിൽ ഒരു ഡോളറിന് 20 പൈസയുടെ മൂല്യം ഉയര്‍ന്നിട്ടുണ്ട്. രൂപയുടെ ഉയർത്തെഴുന്നേൽപ്പ് ട്രംപിന്‍റെ താരിഫ് ഭീഷണിക്കിടയിലും ഇന്ത്യക്ക് ആത്മവിശ്വാസമേകുന്നതാണെങ്കിലും ഇന്ന് ഓഹരി വിപണിയിൽ തിരിച്ചടി നേരിടുന്നത് വെല്ലുവിളിയാണ്. നിലവിൽ സെന്‍സെക്സിലും നിഫ്റ്റിയിലും ഇടിവാണ് രേഖപ്പെടുത്തുന്നത്. സെന്‍സെക്സ് 210 പോയിന്‍റ് ഇടിഞ്ഞിട്ടുണ്ട്. നിഫ്റ്റിയിലെ എല്ലാ സെക്ടറുകളിലും ഇതുവരെ ഇടിവാണ് പ്രകടമായിട്ടുള്ളത്. നിഫ്റ്റി 24,700 ന് താഴെ എത്തിയിട്ടുണ്ട്. ഫാർമ, ഐ ടി ഓഹരികളടക്കം തകർന്നിട്ടുണ്ട്.
ഇന്ന് ആദ്യ മണിക്കൂറുകളിൽ ഇടിവാണെങ്കിലും ഇന്നലത്തെ പോലെ ഓഹരി വിപണി തിരിച്ചുകയറിയാൽ അത് ഇന്ത്യക്ക് വലിയ പ്രതീക്ഷയാകും. ഇന്നലെ ആദ്യ മണിക്കൂറിൽ ഇടിവിലേക്ക് പോയെങ്കിലും അധികം വൈകാതെ ഓഹരി വിപണി തിരിച്ചു കയറുകയായിരുന്നു. സെൻസെക്സും നിഫ്ടിയും വ്യാപാരത്തിന്‍റെ തുടക്കത്തില്‍ തന്നെ വലിയ നഷ്ടം രേഖപ്പെടുത്തിയെങ്കിലും ഉച്ചയോടെ നഷ്ടം നികത്തി വിപണി മെച്ചപ്പെടുകയായിരുന്നു.
അതേസമയം യു എസ് തീരുവയിൽ ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന സൂചനയാണ് കേന്ദ്രസർക്കാർ നൽകുന്നത്. രാജ്യതാൽപര്യം സംരക്ഷിച്ചേ മുന്നോട്ട് പോകൂവെന്നും വ്യവസ്ഥകൾ പരിശോധിക്കുകയാണെന്നും വാണിജ്യമന്ത്രി പീയൂഷ് ഗോയൽ ഇന്നലെ ലോക്സഭയിൽ പറഞ്ഞു. ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയും പിഴയും ചുമത്തുമെന്ന ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. വിദേശകാര്യമന്ത്രി എസ് ജയശങ്കറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു വാണിജ്യമന്ത്രിയുടെ പ്രസ്താവന. യു എസ് താരിഫിലെ വ്യവസ്ഥകൾ ഇന്ത്യ പരിശോധിക്കുകയാണെന്നും കർഷകരുടെ താൽപര്യം അടക്കം സംരക്ഷിച്ചേ മുന്നോട്ട് പോകൂ എന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്‍റേത് സമ്മർദ്ദ തന്ത്രം എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. യു എസുമായി വ്യാപാര കരാറിൽ ധാരണയായെന്ന പ്രഖ്യാപനവും എണ്ണ ശേഖരം വികസിപ്പിക്കാനുള്ള നീക്കവും ഈ തന്ത്രത്തിന്‍റെ തെളിവാണെന്ന് സർക്കാർ വ്യത്തങ്ങൾ വിശദീകരിക്കുന്നു. ടെക്സ്റ്റൈൽസ് അടക്കം ഇത് ഉടൻ ബാധിക്കുന്ന ചില മേഖലകൾക്ക് എങ്ങനെ സംരക്ഷണം നൽകാം എന്നത് കേന്ദ്ര സർക്കാർ ആലോചിക്കും. കാർഷിക ക്ഷീര ഉത്പന്നങ്ങൾക്ക് ഇളവ് വേണം എന്നാണ് അമേരിക്കയുടെ ആവശ്യം. നിലവിൽ ഇന്ത്യ വെണ്ണ, പാൽപ്പൊടി എന്നിവയ്ക്ക് 40 നും 60 നും ഇടയ്കക്ക് തീരുവ ഇന്ത്യ ചുമത്തുന്നുണ്ട്. ഇത് പത്തിൽ താഴെ ആക്കണം എന്നാണ് യു എസ് ആവശ്യം. ഇതിനു വഴങ്ങേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇന്ത്യയുടെ കയറ്റുമതി രംഗത്തെ പ്രത്യാഘാതം വരും ദിവസങ്ങളിൽ വിലയിരുത്തും. ഓഹരി വിപണയിൽ ഇന്നലെ വലിയ തകർച്ച ഇല്ലാത്തത് സർക്കാരിന് ആശ്വാസമാണ്. എന്നാൽ ഇന്നത്തെ സാഹചര്യം ഇക്കാര്യത്തിൽ നിർണായകമാകും. ഇന്ത്യയുമായുള്ള ചർച്ച തുടരുന്നു എന്ന് ഇന്ന് വ്യക്തമാക്കിയ ട്രംപ് റഷ്യയക്കും ഇന്ത്യയ്ക്കും ഇടയിൽ എന്തു നടക്കുന്നു എന്നത് യു എസിന് വിഷയമല്ല എന്ന് മാറ്റിപറഞ്ഞതും സമവായത്തിനുള്ള സാധ്യത തുറന്നിടുന്നതാണ്. ഇന്ത്യയുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കുന്നത്.

