ട്രംപിന്റെ പരാമർശത്തിൽ മറുപടിയുമായി റഷ്യയും രം​ഗത്ത്. എണ്ണ ഇറക്കുമതി സംബന്ധിച്ച ഇന്ത്യയുടെ തീരുമാനങ്ങൾ ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ അനുസരിച്ചാണെന്ന് റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് പറഞ്ഞു.

ദില്ലി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടിയായി റഷ്യയും രം​ഗത്ത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തോട് പ്രതികരിക്കവേ, എണ്ണ ഇറക്കുമതി സംബന്ധിച്ച ഇന്ത്യയുടെ തീരുമാനങ്ങൾ ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ അനുസരിച്ചാണെന്ന് റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് പറഞ്ഞു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. ഊർജ്ജ മേഖലയിലെ സഹകരണം ഇന്ത്യയുടെ താൽപ്പര്യങ്ങളുമായി വളരെയധികം യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രധാനമാണെന്നും ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ റഷ്യ ഇടപെടില്ലെന്നും ഇന്ത്യയും റഷ്യയും തമ്മിലുള്ള ദീർഘകാല ഉഭയകക്ഷി ബന്ധത്തെ അടിവരയിടുന്നുവെന്നും പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. 

ഇന്ത്യ-റഷ്യ ബന്ധം എല്ലായ്‌പ്പോഴും തുല്യവും തടസ്സമില്ലാത്തതും പരസ്പരം പ്രയോജനകരവുമായിരുന്നുവെന്നും അലിപോവ് പറഞ്ഞു. നേരത്തെ ട്രംപിന് മറുപടിയുമായി ഇന്ത്യൻ വിദേശകാര്യ കാര്യ മന്ത്രാലയവും രം​ഗത്തെത്തിയിരുന്നു. 

ഇന്ത്യ എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാരാണ്. അസ്ഥിരമായ ഊർജ്ജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സ്ഥിരമായ മുൻഗണന നൽകും. ഇറക്കുമതി നയങ്ങൾ പൂർണ്ണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു. സ്ഥിരമായ ഊർജ്ജ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് ഊർജ്ജ നയത്തിന്റെ ലക്ഷ്യങ്ങൾ. ഇതിൽ ഊർജ്ജ സ്രോതസ്സുകൾ വിശാലമാക്കുന്നതും വിപണി സാഹചര്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമായ രീതിയിൽ വൈവിധ്യവൽക്കരിക്കുന്നതും ഉൾപ്പെടുന്നുവെന്നും അദ്ദേഹം പ്രസ്താവന കൂട്ടിച്ചേർത്തു.

വർഷങ്ങളായി ഞങ്ങളുടെ ഊർജ്ജ സംഭരണം വിപുലീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദശകത്തിൽ ഇത് ക്രമാനുഗതമായി പുരോഗമിച്ചു. അമേരിക്കയിലെ നിലവിലെ ഭരണകൂടം ഇന്ത്യയുമായുള്ള ഊർജ്ജ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചർച്ചകൾ തുടരുകയാണെന്നും പറയുന്നു.

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി മോദി തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടതിന് പിന്നാലെയാണ് മറുപടിയുമായി ഇന്ത്യ രം​ഗത്തെത്തിയത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഉണ്ടാകില്ലെന്ന് അദ്ദേഹം എനിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന് അത് ഉടനടി ചെയ്യാൻ കഴിയില്ല. സങ്കീർണമായ പ്രക്രിയയായാണ്. പക്ഷേ പ്രക്രിയ ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

യുക്രൈനിലെ യുദ്ധം ആരംഭിച്ചതുമുതൽ, പാശ്ചാത്യ ശക്തികളും അമേരിക്കയും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിനെ ആവർത്തിച്ച് വിമർശിച്ചിരുന്നു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. യൂറോപ്പിന്റെ പ്രശ്നങ്ങൾ ലോകത്തിന്റെ പ്രശ്നങ്ങളാണ്, പക്ഷേ ലോകത്തിന്റെ പ്രശ്നങ്ങൾ യൂറോപ്പിന്റെ പ്രശ്നങ്ങളല്ല എന്ന മനോഭാവത്തിൽ നിന്ന് പാശ്ചാത്യലോകം വളരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതും ട്രംപിന്റെ താരിഫ് ആക്രമണത്തിന് പിന്നിലെ കാരണമായിരുന്നു.