ബീജിങ്/മോസ്കോ: പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈനികരെ നിയോഗിക്കാനുള്ള അമേരിക്കന്‍ നീക്കത്തിന് മുന്നറിയിപ്പുമായി ചൈനയും റഷ്യയും. അമേരിക്ക സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുകയാണെന്നും കൂടുതല്‍ സൈനികരെ നിയോഗിക്കാനുള്ള തീരുമാനത്തിലൂടെ പശ്ചിമേഷ്യയില്‍ പ്രശ്നങ്ങളുടെ പെട്ടി തുറക്കാന്‍ ശ്രമിക്കുകയാണെന്നും ഇരു രാജ്യങ്ങളും കുറ്റപ്പെടുത്തി. ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കറുകള്‍ അക്രമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പശ്ചിമേഷ്യയില്‍ 1000 സൈനിക ട്രൂപിനെ നിയോഗിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. എന്നാല്‍, അമേരിക്കന്‍ ആരോപണം ഇറാന്‍ നിഷേധിച്ചു. 

പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതില്‍ ചൈനയും റഷ്യയും ഉത്കണ്ഠ രേഖപ്പെടുത്തി. മേഖലയില്‍ സംഘര്‍ഷം വളര്‍ത്തുന്ന നടപടികള്‍ ആരും സ്വീകരിക്കരുത്. പശ്ചിമേഷ്യയില്‍ പ്രശ്നങ്ങളുടെ പന്‍ഡോര ബോക്സ്(pandora box) തുറക്കരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിവേകത്തോടെ തീരുമാനമെടുക്കണം. 2015ലെ കരാര്‍ എളുപ്പത്തില്‍  ഉപേക്ഷിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയത് ചൈനയെ ചൊടിപ്പിച്ചിരുന്നു. ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള കരാറിന്‍റെ അന്തിമഘട്ടത്തിലാണ് ഇരുരാജ്യങ്ങളും. 

പശ്ചിമേഷ്യയില്‍ സൈനിക ബലം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍നിന്ന് അമേരിക്ക പിന്മാറണമെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി യാബ്കോവ് അമേരിക്കയോടാവശ്യപ്പെട്ടു. മേഖലയില്‍ യുദ്ധസമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് നല്ലതല്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ഒരു രാജ്യമായും യുദ്ധത്തിലല്ലെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ ഭീഷണി നേരിടാനും സഖ്യരാഷ്ട്രങ്ങളെ സംരക്ഷിക്കാനും 1000 സൈനിക ട്രൂപ്പുകളെ വിന്യസിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹന്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഇറാനുമായി സംഘര്‍ഷത്തിനല്ല സൈന്യത്തെ നിയോഗിക്കുന്നതെന്നും അവിടെയുള്ള അമേരിക്കന്‍ സൈന്യത്തിന് സുരക്ഷയൊരുക്കാനാണെന്നും അമേരിക്ക വ്യക്തമാക്കി.