റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ വിമാനത്താവളങ്ങൾ അടച്ചു. യുക്രൈൻ്റെ ഡ്രോൺ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് വിമാനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളങ്ങൾ അടച്ചത്. 59 ഡ്രോണുകൾ വെടിവെച്ചിട്ടതായി മോസ്കോ അധികൃതർ. 

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് മീതെ ഡ്രോണുകൾ വർഷിച്ച് യുക്രൈൻ്റെ തിരിച്ചടി. തിങ്കളാഴ്ച ഉണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ മോസ്കോയിലെ നാല് വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. റഷ്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് ഡസൻ കണക്കിന് ഡ്രോൺ തകർത്തതിന് പിന്നാലെയാണ് വിമാനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളങ്ങൾ അടച്ചത്. 59 ഡ്രോണുകൾ വെടിവെച്ചിട്ടതായി മോസ്കോ മേയർ സെർജി സോബിയാനിൻ ടെലഗ്രാമിലൂടെ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റഷ്യ - യുക്രൈൻ സംഘർഷം ശക്തമാകുന്നതിനിടെ ആണ് മോസ്കോയിൽ വിമാനത്താവളങ്ങൾ അടച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുറൽ മേഖലയിലെ വിമാനത്താവളങ്ങളും റഷ്യ താൽക്കാലികമായി അടച്ചിരുന്നു. ഞായറാഴ്ച രാത്രി റഷ്യയുടെ നിയന്ത്രണത്തിലുള്ള ക്രിമിയയ്ക്ക് നേരെ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടുകയും 28 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റഷ്യൻ സേനയ്ക്ക് ഇന്ധനം വിതരണം ചെയ്തിരുന്ന ഓയിൽ ഡിപ്പോയ്ക്കും ഇന്ധന സംവിധാനങ്ങൾക്കും നേരെയായിരുന്നു യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയത്. യുക്രൈൻ അതിർത്തിയിൽനിന്ന് ഏകദേശം 2000 കിലോമീറ്റർ അപ്പുറമുള്ള റഷ്യയിലെ യുറൽ മേഖലയിലുള്ള ത്യുമെനിൽ സ്ഥിതിചെയ്യുന്ന എണ്ണ റിഫൈനറിക്ക് നേരെയും യുക്രൈൻ ആക്രമണം ഉണ്ടായി. റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള എണ്ണ സംസ്കരണ പ്ലാൻ്റുകളിൽ ഒന്നിനുനേരെയാണ് ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി യുക്രൈൻ റഷ്യയുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം തുടരുകയാണ്. ഇതോടെ, റഷ്യയുടെ തെക്കൻ മേഖലകളിൽ ​ഇന്ധനക്ഷാമം നേരിടുന്നതായി റിപ്പോ‍ർട്ടുണ്ട് ഉണ്ടായിരുന്നു. 3000ത്തിലധികം കിലോമീറ്റർ ദൂരപരിധി ശേഷിയുള്ള ദീർഘദൂര ഡ്രോണുകൾ വികസിപ്പിച്ചതായി യുക്രൈൻ പ്രസിഡൻ്റ് വ്ലോഡിമിർ സെലൻസ്കി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ആക്രമണം കടുപ്പിച്ച് റഷ്യയും

അതേസമയം യുക്രൈനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടു റഷ്യയും ആക്രമണം കടുപ്പിക്കുകയാണ്. ഞായറാഴ്ച തെക്കൻ യുക്രൈനിലെ ഒഡേസയ്ക്ക് നേരെ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒഡേസ ജില്ലയിലെ കാർഷിക സംവിധാനത്തിന് നേരെയായിരുന്നു റഷ്യ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചത്. മിസൈൽ പതിച്ചതിനെ തുടർന്ന് വാഹനങ്ങൾക്കും ഇന്ധന സംഭരണ ടാങ്കുകൾക്കും തീപിടിച്ചു.