ഒന്‍പത് നില കെട്ടിടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച്ച രാത്രി മുതൽ കാർകീവിൽ കനത്ത വെടിവപ്പാണ് നടക്കുന്നത്.  

കീവ്: യുക്രൈനിലെ (Ukraine) കീവിലും കാര്‍കീവിലും ഉഗ്രസ്ഫോടനങ്ങള്‍ നടത്തി റഷ്യ (Russia). ജനവാവസ കേന്ദ്രങ്ങളിലും സൈന്യം ആക്രമണം നടത്തുകയാണ്. കാർകീവിലെ അപ്പാർട്ട്മെന്‍റിന് നേരെ സൈന്യം വെടിയുതിര്‍ത്തതായും ഇതില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായുമാണ് പുറത്തുവരുന്ന വിവരം. ഒന്‍പത് നില കെട്ടിടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച്ച രാത്രി മുതൽ കാർകീവിൽ കനത്ത വെടിവപ്പാണ് നടക്കുന്നത്. കീവ് പിടിച്ചെടുക്കാൻ അവസാന തന്ത്രവും പയറ്റുകയാണ് റഷ്യ. വീടുകൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും എതിരായ വ്യോമാക്രമണം ശക്തമാക്കി. ജനം ബങ്കറുകളിലും മെട്രോ സബ്‍വേകളിലും അഭയം തേടുന്നതിനാൽ ആൾ അപായം കുറവാണ്. നാട്ടുകാരിൽ നിന്ന് ആയുധങ്ങൾ തിരികെ വാങ്ങണണമെന്ന് യുക്രൈനോട് ആവശ്യപ്പെട്ട റഷ്യ അല്ലെങ്കിൽ ഭവിഷ്യത്ത് ഏറെയായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി. തന്ത്രപ്രധാന മേഖലകൾ പിടിച്ചെടുക്കുന്നതിനൊപ്പം ജനവാസ കേന്ദ്രങ്ങളിലും ലക്ഷ്യമിട്ട് പ്രസിഡന്‍റിനെ കീഴടങ്ങാൻ നിർബന്ധിതരാക്കുകയാണ് റഷ്യൻ ലക്ഷ്യം. അതിനിടയിൽ സ്വന്തം രാജ്യത്തെ പ്രതിഷേധങ്ങളെ അറസ്റ്റിലൂടെ നേരിടുകയാണ് റഷ്യ. 

റഷ്യന്‍ ആക്രമണത്തെ നാലാം ദിവസവും പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് യുക്രൈന്‍. റഷ്യയുടെ കടന്നുകയറ്റം തടയാന്‍ യുക്രൈന്‍ റെയില്‍വേ ലൈന്‍ തകര്‍ത്തു. റഷ്യയില്‍ നിന്ന് യുക്രൈനിലേക്കുള്ള റെയില്‍വേ ലൈനുകളാണ് യുക്രൈന്‍ തകര്‍ത്തത്. റഷ്യന്‍ സൈന്യം റെയില്‍വേ ലൈനുകള്‍ വഴി വരാതെ ഇരിക്കാനാണ് നീക്കം. അതേസമയം യുക്രൈനില്‍ കുടുങ്ങിയവരെ റഷ്യ വഴി ഒഴിപ്പിക്കുന്നതിന് സമയമെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സൈനിക നടപടിക്കിടെ അതിര്‍ത്തി തുറക്കാനാവില്ലെന്ന നിലപാട് റഷ്യ എടുത്തതോടെയാണ് ഇതുവഴിയുള്ള ഒഴിപ്പിക്കല്‍ വൈകുന്നത്. റഷ്യൻ വിദേശകാര്യമന്ത്രിയുമായി എസ് ജയശങ്കർ ഇതുസംബന്ധിച്ച് സംസാരിച്ചേക്കും. പടിഞ്ഞാറൻ അതിർത്തിയിൽ കൂടുതൽ അതിർത്തികൾ തുറക്കാൻ യുക്രൈനോട് ഇന്ത്യ ആവശ്യപ്പെട്ടു. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ യുക്രൈനില്‍ നിന്ന് പോളണ്ടിലേക്ക് അഭയാര്‍ത്ഥി പ്രവാഹം നടക്കുകയാണ്. ലക്ഷക്കണക്കിന് മനുഷ്യരാണ് യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്നത്. പോളണ്ടിലെ അതിര്‍ത്തിയില്‍ സ്ഥിതി ഗുരുതരമാണെന്നാണ് വിവരം. 

  • 'തോക്ക് ചൂണ്ടി ഭീഷണി, മർദ്ദനം',പോളണ്ട് അതിർത്തിയിൽ വിദ്യാർത്ഥികൾക്ക് നേരെ യുക്രൈൻ സൈന്യത്തിന്റെ ആക്രമണം

കീവ് : യുക്രൈനിൽ നിന്നും പോളണ്ട് അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ ദുരിതത്തിൽ. മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് അതിർത്തിയിൽ യുക്രൈൻ സൈന്യം വിദ്യാർത്ഥികളെ തോക്ക് ചൂണ്ടിയും ലാത്തിച്ചാർജ്ജിലൂടെയും ഭീഷണിപ്പെടുത്തുന്നുവെന്ന് മലയാളി വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കിലോമീറ്ററുകളോളം നടന്ന് എത്തിയ വിദ്യാര്‍ത്ഥികളെ സൈന്യം അതിർത്തി കടക്കാൻ അനുവദിക്കുന്നില്ല. തിരികെ പോകാനാവശ്യപ്പെട്ട് തങ്ങളെ മർദ്ദിച്ചതായും അതിർത്തിയിലേക്കുള്ള വഴിയിൽ വെച്ച് ആക്രമിച്ചതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ആകാശത്തേക്ക് വെടി വെച്ചു. കൂട്ടം കൂടി നിൽക്കുന്ന വിദ്യാർത്ഥികളുടെ നേർക്ക് വാഹനം കയറ്റാൻ ശ്രമിച്ച് തടയുന്നതിന്‍റെയും മർദ്ദിക്കുന്നതിന്‍റെയും ദൃശ്യങ്ങളും വിദ്യാർത്ഥികൾ പുറത്തുവിട്ടു. യുക്രൈനിലേക്ക് മടങ്ങിപ്പോകാനാവശ്യപ്പെട്ടാണ് സൈന്യത്തിന്‍റെ ഈ നടപടികൾ. ഭക്ഷണവും വെള്ളവുമില്ലാതെ കൊടും തണുപ്പിൽ അതിർത്തി കടക്കാനെത്തുന്നവരോടാണ് ഈ ക്രൂരത. മർദ്ദനത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഒരു വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞു.