ഇന്ത്യ അടക്കം രാജ്യങ്ങൾ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്നും ലിത്വാനിയൻ അംബാസിഡർ ജൂലിയസ് പ്രാണവിഷ്യൂസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുക്രൈനിൽ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു.
ദില്ലി: യുദ്ധം (war) അവസാനിപ്പിക്കാൻ റഷ്യ (russia) എത്രയും വേഗം തയാറാകണമെന്ന് ലിത്വാനിയൻ അംബാസിഡർ ജൂലിയസ് പ്രാണവിഷ്യൂസ്. റഷ്യ ജനങ്ങളെ കൂട്ടക്കൊല ചെയ്യുകയാണ്. ഈ സാഹചര്യം തുടരാൻ കഴിയില്ല. വളരെ വലിയ പ്രതിസന്ധിയിലേക്ക് ലോകം നീങ്ങും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്നും ലിത്വാനിയൻ അംബാസിഡർ (Lithuania Ambassador) ജൂലിയസ് പ്രാണവിഷ്യൂസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുക്രൈനിൽ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു.
വെടിനിർത്തൽ വിഫലമായതോടെ യുക്രൈൻ നഗരങ്ങളിൽ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. മരിയോ പോളിൽ അടക്കം സ്ഥിതി ഗുരുതരമാണ്. നാറ്റോയോട് യുക്രൈൻ കൂടുതൽ പോർ വിമാനങ്ങൾ ആവശ്യപ്പെട്ടു. റഷ്യൻ വിമാനങ്ങൾക്ക് വ്യോമപാത നിരോധിക്കണമെന്ന് പ്രസിഡന്‍റ് സെലൻസ്കി, യുഎസ് സെനറ്റിലും ആവശ്യമുയർത്തി. നോ ഫ്ലൈ സോൺ പ്രഖ്യാപിക്കുന്നത് യുദ്ധപ്രഖ്യാപനത്തിന് സമാനമാണെന്നാണ് റഷ്യൻ പ്രസിഡന്റ് പുടിന്റെ നിലപാട്. അതിനിടെ റഷ്യ യുക്രൈൻ മൂന്നാംവട്ട സമാധാന ചർച്ച നാളെ നടക്കും.
യുക്രൈൻ പ്രതിസന്ധിയിൽ നിർണായക ചർച്ചകൾക്ക് ബ്രിട്ടൻ തയാറാകുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ യൂറോപ്യൻ നേതാക്കളെ അടുത്തയാഴ്ച കാണും. റഷ്യക്കുമേൽ അന്താരാഷ്ട്ര സമ്മർദം ശക്തമാക്കുന്ന ആറിന നടപടികൾ മുന്നോട്ടുവെക്കും എന്നാണ് സൂചന. പോളണ്ട് യുക്രൈന് കൂടുതൽ യുദ്ധ വിമാനങ്ങൾ നൽകും. സോവിയറ്റ് കാലത്തെ വിമാനങ്ങളാണ് നൽകുക. ഇവ ഉപയോഗിക്കാൻ യുക്രൈൻ പൈലറ്റുമാർക്ക് പരിശീലനം കിട്ടിയിട്ടുണ്ട്. അമേരിക്കൻ നിർമിത പോർ വിമാനങ്ങൾ യുക്രൈന്റെ പക്കൽ ഉണ്ടെങ്കിലും ഇവയിൽ പരിശീലനം കിട്ടിയവർ യുക്രൈൻ വ്യോമസേനയിൽ കുറവാണ്.
അതേസമയം, യുക്രൈൻ പ്രശ്നം ചർച്ചയിലൂടെ ആണ് പരിഹരിക്കേണ്ടത് എന്ന് ആവർത്തിച്ച് ചൈന രംഗത്തെത്തി .സംഘർഷം രൂക്ഷമാകുന്ന ഒരു നടപടിയോടും യോജിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കനെ അറിയിച്ചു.നാറ്റോ വികസനത്തിൽ റഷ്യയുടെ ആശങ്ക പരിഗണിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
യുക്രെയ്നില്‍ നിന്ന് അഭയാർഥി പ്രവാഹം തുടരുകയാണ്. സമീപ രാജ്യങ്ങളിലേക്ക് എത്തിയവരുടെ എണ്ണം പതിനാല് ലക്ഷത്തോട്
അടുത്തു. ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശത്തെ തുടര്‍ന്ന്, ക്യാമ്പുകളിൽ മരുന്നെത്തിക്കുകയാണ് ലോകാരോഗ്യ സംഘടന.
ലോകത്തെ പ്രധാന ബ്രാന്‍ഡുകളായ പ്യൂമയും അഡോബും റഷ്യയിലേക്കുള്ള കയറ്റുമതി നിര്‍ത്തിവച്ചു. പ്യൂമ റഷ്യയിലെ സ്റ്റോറുകള്‍
താല്‍കാലികമായി അടച്ചു.അഡോബ് റഷ്യയിലെ വില്‍പന നിര്‍ത്തി.ഐ ഫോണ്‍ നിര്‍മാണത്തിന്ഉപയോഗിക്കുന്ന നീലക്കല്ലിന്റെ
കയറ്റുമതി നിയന്ത്രിക്കാന്‍ റഷ്യന്‍വ്യവസായ മന്ത്രാലയം തീരുമാനിച്ചു.
ഇതിനിടെ യുക്രൈനിൽ ഉള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം കേന്ദ്രം തുടരുകയാണ്. ഓപ്പറേഷൻ ഗംഗയിലൂടെ 2600 പേരെ കൂടി ഇന്ന് ഇന്ത്യയിലെത്തിക്കും. ഇതുവരെ 613500 പേരെയാണ് തിരികെയെത്തിച്ചത്. കേരളത്തിലേക്ക് മൂന്ന് പ്രത്യേക വിമാനങ്ങളുണ്ടാകും. പോളണ്ട് അതിർത്തിയിൽ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത് കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ് നേരിട്ടെത്തിയാണ്. രക്ഷാപ്രവർത്തനം വൈകാതെ പൂർത്തിയാക്കുമെന്നും,രണ്ടു ദിവസത്തിനകം നല്ല മാറ്റം ഉണ്ടാകുമെന്നും വികെ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുദ്ധമുഖത്ത് പരിഭ്രാന്തി ഉണ്ടാവുക സ്വാഭാവികമാണ്. എല്ലാവരേയും സുരക്ഷിതമായി തിരികെ എത്തിക്കുമെന്നും ജനറൽ വി.കെ.സിങ് പറഞ്ഞു.
