ഈ മാസം ആദ്യം ഉത്തരകൊറിയയുടെ പുതിയ വോൺസാൻ-കാൽമ ബീച്ച് റിസോർട്ട് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് സന്ദർശിച്ചിരുന്നു.
മോസ്കോ: ഉത്തരകൊറിയയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിച്ച് റഷ്യ. റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്കും പ്യോഗ്യാങ്ങിനും ഇടയിലാണ് റഷ്യ ഞായറാഴ്ച മുതൽ വിമാന സർവീസ് ആരംഭിച്ചത്. ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധത്തിന്റെ ഭാഗമായാണ് വിമാന സർവീസ്.
റഷ്യൻ വിമാനക്കമ്പനിയായ നോർഡ്‌വിൻഡ് നടത്തുന്ന ആദ്യ വിമാനം മോസ്കോയിലെ ഷെറെമെത്യേവോ വിമാനത്താവളത്തിൽ നിന്ന് 400-ലധികം യാത്രക്കാരുമായി ഉത്തരകൊറിയയിലേക്ക് പറന്നുയർന്നു. മാസത്തിൽ ഒരിക്കൽ ഉത്തരകൊറിയയിലേക്ക് ഒരു സർവീസ് നടത്തുമെന്ന് റഷ്യയുടെ ഗതാഗത മന്ത്രാലയം അറിയിച്ചു.
ഈ മാസം ആദ്യം ഉത്തരകൊറിയയുടെ പുതിയ വോൺസാൻ-കാൽമ ബീച്ച് റിസോർട്ട് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് സന്ദർശിച്ചിരുന്നു. പിന്നാലെ, റഷ്യൻ വിനോദസഞ്ചാരികളെ റിസോർട്ട് സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം കിം ജോങ് ഉന്നിന് വാഗ്ദാനം നൽകി. 20,000 ത്തോളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന റിസോർട്ട്, രാജ്യത്തിന്റെ പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കിമ്മിന്റെ ശ്രമഫലമായാണ് തുറന്ന് കൊടുത്തത്.
പകർച്ചവ്യാധി സമയത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉത്തരകൊറിയ ലഘൂകരിക്കുകയും അതിർത്തികൾ ഘട്ടം ഘട്ടമായി വീണ്ടും തുറക്കുകയും ചെയ്തു. എന്നാൽ അന്താരാഷ്ട്ര ടൂറിസം പൂർണ്ണമായും പുനരാരംഭിക്കുമോ എന്നതിൽ വ്യക്തത വരുത്തിയിട്ടില്ല.
കൊറോണ വൈറസ് പാൻഡെമിക് മൂലം നിർത്തിവെച്ചിരുന്ന റഷ്യയുടെ കിഴക്കൻ തുറമുഖ നഗരമായ വ്‌ളാഡിവോസ്റ്റോക്കിനും പ്യോങ്‌യാങ്ങിനും ഇടയിലുള്ള പതിവ് വിമാന സർവീസുകൾ 2023 ൽ വീണ്ടും തുറന്നു. റഷ്യയും ഉത്തരകൊറിയയും സമീപ വർഷങ്ങളിൽ സൈനികവും മറ്റ് ബന്ധങ്ങളും മെച്ചപ്പെടുത്തിയികുന്നു. യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയെ പിന്തുണയ്ക്കുന്നതിനായി ഉത്തരകൊറിയ ആയുധങ്ങളും സൈനികരെയും റഷ്യക്ക് വിട്ടുനൽകിയിരുന്നു.
