Asianet News MalayalamAsianet News Malayalam

റഷ്യ സ്പുട്‌നിക് വാക്സീൻ ഉണ്ടാക്കിയത് യുകെയുടെ കോവിഷീൽഡ്‌ വാക്സീന്റെ ബ്ലൂപ്രിന്റ് മോഷ്ടിച്ചെന്ന് ആക്ഷേപം

സ്പുട്നിക് V വാക്സീൻ പ്രവർത്തിക്കുന്നത് ആസ്റ്റർ സെനേക്കയുടെ വാക്സീൻ പ്രവർത്തിക്കുന്ന അതേപോലെ ആണെന്നുള്ള വിവരവും പുറത്തു വരുന്നു.

Russia stole blue print of aster zeneca vaccine to make its own sputnik V
Author
London, First Published Oct 11, 2021, 4:20 PM IST

'സ്പുട്നിക് V' (Sputnik V) എന്ന പേരിൽ റഷ്യ(Russia) ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്സീൻ(Covid Vaccine) കണ്ടുപിടിച്ചത്, യുകെയിലെ ആസ്റ്റർ സെനേക്ക(Aster Zeneca) കമ്പനി വികസിപ്പിച്ചുകൊണ്ടിരുന്ന വാക്സീന്റെ ബ്ലൂ പ്രിന്റ്, ചാരന്മാർ വഴി അടിച്ചുമാറ്റി എന്ന ആക്ഷേപവുമായി യുകെയിലെ മന്ത്രിമാർ. യുകെയിലെ സുരക്ഷാകേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡെയ്‌ലി മെയിൽ ആണ് ഈ വിവരം പുറത്തുവിട്ടിട്ടുള്ളത്. പുടിന്റെ ഒരു ചാരൻ ഈ ബ്ലൂ പ്രിന്റ് മോഷ്ടിക്കാൻ വേണ്ടി ആസ്റ്റർ സെനേക്കയിൽ കയറിക്കൂടി എന്നും, അങ്ങനെ സംഘടിപ്പിച്ച ബ്ലൂ പ്രിന്റ് ഉപയോഗിച്ചാണ്, ആസ്റ്റർ സെനേക്കയുടെ കോവിഷീൽഡ്‌ വാക്സീനുമായി അവിശ്വസനീയമായ സാമ്യങ്ങൾ ഉള്ള സ്പുട്നിക് വാക്സീൻ റഷ്യ വികസിപ്പിച്ചെടുത്തത് എന്നതിന് വ്യക്തമായ തെളിവുകളുണ്ട് എന്നും ഇവർ പറയുന്നു.  

ഹോം ഓഫീസ് മിനിസ്റ്റർ ആയ ഡാമിയൻ ഹൈൻഡ്സ് ഈ വിവരം സ്ഥിരീകരിക്കാൻ മടിച്ചു എങ്കിലും, വാർത്ത നിഷേധിക്കാനും താനില്ല എന്ന് മറുപടി പറഞ്ഞു. മാർച്ച് 2020 മുതൽക്ക് തന്നെ റഷ്യയുടെ സൈബർ ചാരന്മാർ ഓക്സ്ഫോർഡിന്റെ സെർവറുകൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നടത്തുന്നുണ്ട് എന്നും ഡെയ്‌ലി മെയിൽ പറയുന്നു. കഴിഞ്ഞ ഏപ്രിലിൽ തങ്ങൾ മനുഷ്യരിൽ ട്രയലുകൾ നടത്താൻ പോവുകയാണ് എന്ന് ആസ്റ്റർ സെനേക്ക  പ്രഖ്യാപിച്ചതിനു പിന്നാലെ, അടുത്ത മാസം തന്നെ റഷ്യ തങ്ങൾ പുതിയ ഒരു വാക്സീൻ സ്പുട്നിക് V കണ്ടു പിടിച്ചു കഴിഞ്ഞതായി പ്രഖ്യാപിക്കുകയാണുണ്ടായത്.  തങ്ങളുടെ വിജയം പ്രസിഡന്റ് പുടിൻ വഴി പ്രഖ്യാപിക്കുകയും ചെയ്യുകയാണ് അന്നുണ്ടായത്. 

എന്നാൽ പിന്നീട് പുറത്തുവന്ന വിവരങ്ങൾ പ്രകാരം സ്പുട്നിക് V വാക്സീൻ പ്രവർത്തിക്കുന്നത് ആസ്റ്റർ സെനേക്കയുടെ വാക്സീൻ പ്രവർത്തിക്കുന്ന അതേപോലെ ആണെന്നുള്ള വിവരവും പുറത്തു വരുന്നു. രണ്ടും വൈറൽ വെക്ടർ വാക്‌സിനുകൾ ആണ്. അതായത് നിഷ്ക്രിയമായ മറ്റൊരു വൈറസിന്റെ സഹായത്തോടെയാണ് രോഗത്തെ പ്രതിരോധിക്കുന്ന ഏജന്റിനെ രണ്ടു വൈറസും രോഗികളിൽ എത്തിക്കുന്നത്.  ഇങ്ങനെ ക്രെംലിനിനു വേണ്ടി പ്രവർത്തിക്കുന്ന ചാരന്മാർ ചേർന്ന് യുകെയിൽ ചാരപ്പണി നടത്തിയാണ് വാക്സീന്റെ ബ്ലൂപ്രിന്റ് റഷ്യ മോഷ്ടിച്ചത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. 

Follow Us:
Download App:
  • android
  • ios