Asianet News MalayalamAsianet News Malayalam

Ukraine Crisis : സമാധാന ചർച്ച: ഉപാധികളില്ലെന്ന് റഷ്യ, പ്രതീക്ഷയില്ലെന്ന് യുക്രൈൻ; യുഎൻ രക്ഷാസമിതി ഇന്ന് ചേരും

റഷ്യയിൽ നിന്ന് ലോക രാജ്യങ്ങൾ എണ്ണയും ഗ്യാസും വാങ്ങരുതെന്ന് യുക്രൈൻ അഭ്യർത്ഥിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ചോരയാണ് റഷ്യ ഉറ്റുനോക്കുന്നതെന്നും എണ്ണയും ഗ്യാസും വാങ്ങുന്നവ‍ർ റഷ്യയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും യുക്രൈൻ അഭിപ്രായപ്പെട്ടു

Russia Ukraine Crisis, peace talks continues, United Nations Security Council will hold an emergency meeting today
Author
Kiev, First Published Feb 28, 2022, 12:40 AM IST

കീവ്: യുക്രൈനിൽ യുദ്ധം അഞ്ചാം ദിവസവും തുടരുന്നതിനിടെ ഒരു വശത്ത് സമാധാന ചർച്ചകളും തുടരുകയാണ് (Russia Ukraine Crisis). റഷ്യ-യുക്രൈൻ യുദ്ധം (Ukraine Crisis) ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബെലൂറസിൽ റഷ്യ-യുക്രൈൻ രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങളാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഉപാധികളില്ലാത്ത ചർച്ചയാണെന്നാണ് റഷ്യയുടെ പ്രതികരണം.  ഇപ്പോഴത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്നാണ് യുക്രൈൻ പ്രസിഡന്‍റ് സെലന്‍സ്‌കി (Ukraine President Zelensky)  പ്രതികരിച്ചത്. ഒരു ശ്രമം നടത്താമെന്ന ചിന്ത മാത്രമേയുള്ളൂ, താൻ ശ്രമിച്ചില്ലെന്ന് യുക്രൈൻ ജനത കുറ്റപ്പെടുത്തരുത്', അതിനാലാണ് വഴങ്ങിയതെന്നും സെലന്‍സ്‌കി പ്രതികരിച്ചിരുന്നു.

പ്രസിഡന്റിന്റെ പ്രതിനിധി സംഘങ്ങളുള്‍പ്പെടെയാണ് ചര്‍ച്ച നടക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ബെലൂറസിലെ രഹസ്യ കേന്ദ്രത്തിലാണ് ചര്‍ച്ച. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ശുഭവാര്‍ത്തയാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചയിൽ ലോകം വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്.

അതിനിടെ യു എൻ രക്ഷാസമിതിയും വിഷയം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അമേരിക്കൻ സമയം ഇന്ന് ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെയാകും യോഗം ചേരുകയെന്നാണ് റിപ്പോ‍ർട്ടുകൾ. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിന്‍റെ അഭ്യ‍ർത്ഥന പ്രകാരമാണ് യോഗം ചേരുന്നത്. യുക്രൈനിലെ മാനുഷിക പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാകും യോഗത്തിലെ പ്രധാന അജണ്ട.

അതേസമയം പോരാട്ടം തുടരുന്ന യുക്രൈൻ ലോകത്തിന് മുന്നിൽ പുതിയ ആവശ്യം മുന്നോട്ടുവച്ച് രംഗത്തെത്തിയിട്ടുണ്ട്. റഷ്യയിൽ നിന്ന് ലോക രാജ്യങ്ങൾ എണ്ണയും ഗ്യാസും വാങ്ങരുതെന്ന് യുക്രൈൻ അഭ്യർത്ഥിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ചോരയാണ് റഷ്യ ഉറ്റുനോക്കുന്നതെന്നും എണ്ണയും ഗ്യാസും വാങ്ങുന്നവ‍ർ റഷ്യയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും യുക്രൈൻ അഭിപ്രായപ്പെട്ടു.

സമാധാന ചർച്ച: ഉപാധികളില്ലെന്ന് റഷ്യ, പ്രതീക്ഷയില്ലെന്ന് യുക്രൈൻ; യുഎൻ രക്ഷാസമിതി ഇന്ന് ചേരും

അതിനിടെ യുക്രൈന് ആയുധങ്ങൾ വാങ്ങാൻ യൂറോപ്യൻ യൂണിയൻ (EU) പിന്തുണ അറിയിച്ചിട്ടുണ്ട്. ബലാറൂസിന് മേൽ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി. റഷ്യൻ മാധ്യമങ്ങളെ വിലക്കാനും തീരുമാനമായി. റഷ്യൻ വിമാനങ്ങൾക്ക് യൂറോപ്യൻ യൂണിയൻ വ്യോമപാത നിഷേധിച്ചിട്ടുമുണ്ട്.

അതേസമയം യുക്രൈൻ തലസ്ഥാനമായ കീവിലടക്കം ശക്തമായ യുദ്ധം ഇപ്പോഴും നടക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമനമായ അന്‍റണോവ് 225 മിരിയ റഷ്യൻ ആക്രമണത്തിൽ തകർന്നെന്ന റിപ്പോ‍ർട്ടുകളും പുറത്തുവന്നിട്ടുണ്ട്. യുക്രൈനിലെ രണ്ട് ആണവ നിലയങ്ങൾക്ക് കേടുപാടുകൾ ഉണ്ടായെന്നും വ്യക്തമായിട്ടുണ്ട്. ആണവ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ ഉള്ള കീവ്, ഖാർകീവ് മേഖലകളിൽ ആണ് മിസൈൽ ആക്രമണം ഉണ്ടായത്. ആണവ വികിരണം ഇല്ലെന്നും അന്താരാഷ്ട്ര ആണവ ഏജൻസി  റിപ്പോർട്ട് ചെയ്തു. കാര്‍കീവില്‍ ഇരുസൈന്യവും തമ്മില്‍ തെരുവ് യുദ്ധം നടക്കുകയാണ്. നോവ കഖോവ റഷ്യ പിടിച്ചെടുത്തെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചു. സുമിയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒഡേസയില്‍ ഡ്രോണ്‍ ആക്രമണം നടന്നു. കീവില്‍ സ്‌ഫോടനങ്ങള്‍ നടക്കുകയും വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ യുക്രൈന്റെ പലഭാഗങ്ങളിലായി രൂക്ഷമായ ആക്രമണമാണ് റഷ്യ നടത്തുന്നത്.

ആണവ ഭീഷണിയുമായി പുടിൻ; ആണവ പ്രതിരോധ സംവിധാനത്തിന് ജാഗ്രതാ നിർദേശം

ഇതിനിടെ റഷ്യ ആണവ ഭീഷണി ഉയർത്തുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. റഷ്യൻ ആണവ പ്രതിരോധ സേനയ്ക്ക് പ്രസിഡന്‍റ് വ്ളാദിമർ പുടിൻ (Vladimir Putin) ജാ​ഗ്രതാ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. സേനാ തലവന്മാർക്കാണ് പുടിൻ നിർദ്ദേശം നൽകിയിരിക്കുന്നത്. പടിഞ്ഞാറൻ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച പുടിൻ നാറ്റോ പ്രകോപിപ്പിക്കുന്നു എന്ന് അഭിപ്രായപ്പെട്ടതായും സജ്ജമായിരിക്കണമെന്ന് പുടിൻ നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.

Follow Us:
Download App:
  • android
  • ios