ഐക്യരാഷ്ട്ര സഭ ഇന്ന് വിളിച്ചു ചേർത്ത പ്രത്യേക സെഷനിൽ റഷ്യയുടെയും യുക്രൈന്റെയും അംബാസഡർമാർ തമ്മിൽ രൂക്ഷമായ ആരോപണ-പ്രത്യാരോപണങ്ങൾ നടന്നു
കീവ്: സമാധാനത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യുക്രൈന്റെ തലസ്ഥാനമായ കീവിൽ വീണ്ടും സ്ഫോടനങ്ങൾ നടന്നു. പോരാട്ടം നിർത്തണമെന്നാണ് യുഎൻ ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്ര സഭ ഇന്ന് വിളിച്ചു ചേർത്ത പ്രത്യേക സെഷനിൽ റഷ്യയുടെയും യുക്രൈന്റെയും അംബാസഡർമാർ തമ്മിൽ രൂക്ഷമായ ആരോപണ-പ്രത്യാരോപണങ്ങൾ നടന്നു. ചർച്ചകൾ മൂന്നാം റൗണ്ടിലേക്ക് കടന്നു. 131 മലയാളികളെ ഇതുവരെ യുക്രൈനിൽ നിന്ന് നാട്ടിലെത്തിച്ചു. സമാധാന ശ്രമങ്ങളുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി സംസാരിച്ചു.
യുദ്ധം അവസാനിപ്പിക്കണമെങ്കിൽ യുക്രൈൻ ആയുധം താഴെ വെക്കണമെന്നും ക്രിമിയയിൽ റഷ്യയുടെ പരമാധികാരം അംഗീകരിക്കണം എന്നുമാണ് ഫ്രഞ്ച് പ്രസിഡന്റിന് മുന്നിൽ വ്ലാഡിമർ പുടിൻ വെച്ചിരിക്കുന്ന നിബന്ധനകൾ. യുക്രൈൻ - റഷ്യ അടുത്ത വട്ട ചർച്ചകൾ പോളണ്ട് - ബാലറൂസ് അതിർത്തിയിൽ നടന്നേക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു. യുക്രൈൻ യൂറോപ്യൻ യൂണിയൻ അംഗത്വത്തിന് വീണ്ടും അപേക്ഷ നൽകിയിരിക്കുകയാണ്.
അതിനിടെ കീവിൽ തുടർച്ചയായി സ്ഫോടനങ്ങൾ നടക്കുന്നതായാണ് ഇവിടെ നിന്നുള്ള വിവരം. കീവിൽ കുടുങ്ങിയിരുന്ന 900 ഇന്ത്യൻ വിദ്യാർത്ഥികൾ ട്രെയിനിൽ രാജ്യത്തെ പശ്ചിമ മേഖലയിലേക്ക് യാത്ര ചെയ്യുകയാണ്. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സെഷൻ യുക്രൈൻ വിഷയം ചർച്ച ചെയ്തു. അഭയാർത്ഥികൾക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ യുഎൻ ഇടവേളകളില്ലാതെ ശ്രമിക്കുകയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. യുക്രൈനിലെ പോരാട്ടം ഉടനടി നിർത്തണം. സൈനിക കേന്ദ്രങ്ങളെ മാത്രമേ ആക്രമിക്കുന്നുള്ളൂ എന്നാണ് റഷ്യൻ വാദം എങ്കിലും സിവിലിയൻസ് ആക്രമിക്കപ്പെടുന്നതായി സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളുണ്ട്. ഈ അക്രമങ്ങൾ അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന്റെ പരമാധികാരം ലംഘിക്കാൻ പാടില്ല. റഷ്യയുടെ ഭാഗത്ത് നിന്നു വന്ന ആണവായുധ ഭീഷണി അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയ്ക്ക് മേലുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്ത് മാത്രമേ യുക്രൈൻ സംഘർഷത്തിൽ പരിഹാരം ഉണ്ടാകൂവെന്നാണ് റഷ്യൻ അംബാസഡർ യുഎന്നിൽ വ്യക്തമാക്കിയത്. അന്താരാഷ്ട്ര മാധ്യമങ്ങളും, പല പാശ്ചാത്യ രാജ്യങ്ങളും റഷ്യക്കെതിരെ വ്യാപകമായ ദുഷ്പ്രചരണം നടത്തുന്നു. റഷ്യ യുക്രൈനിലെ ആശുപത്രികളോ, അപ്പാർട്മെന്റുകളോ, സിവിലിയൻ കേന്ദ്രങ്ങളോ ആക്രമിച്ചിട്ടില്ല. ഇതെല്ലാം യുക്രൈൻ അനുകൂലികളുടെ ദുഷ്പ്രചരണങ്ങളാണെന്നും റഷ്യ കുറ്റപ്പെടുത്തുന്നു. യുക്രൈൻ വർഷങ്ങളായി ഡോൻബാസ്, ലുഹാൻസ്‌ക് മേഖലകളിൽ വ്യാപകമായ കൂട്ടക്കൊലയും, അക്രമങ്ങളും നടത്തി വരുന്നു. ഇവിടുത്തെ ജനങ്ങളെ സംരക്ഷിക്കാനാണ് റഷ്യയുടെ സൈനിക നീക്കം. യുക്രൈൻ അധിനിവേശമോ, പിടിച്ചടക്കാനോ റഷ്യ ഉദ്ദേശിക്കുന്നില്ല. റഷ്യയുടെ ന്യായമായ സുരക്ഷാ ആവശ്യങ്ങൾ വർഷങ്ങളായി നാറ്റോ രാജ്യങ്ങൾ പരിഗണിക്കുന്നില്ലെന്നും റഷ്യൻ അംബാസഡർ കുറ്റപ്പെടുത്തി.
യുദ്ധത്തിന്റെ പൂർണ ഉത്തരവാദിത്വം റഷ്യക്കെന്ന് യുഎന്നിൽ യുക്രൈനിൽ കുറ്റപ്പെടുത്തി. മനുഷ്യർ കൊല്ലപ്പെടുകയാണ്. നിരപരാധികളവരെ ആക്രമിക്കുകയാണ്. യുക്രൈനിലെ നിർണായക കേന്ദ്രങ്ങളെ റഷ്യ തകർക്കുകയാണ്. ആണവ കേന്ദ്രങ്ങളും, സിവിലിയൻ പാർപ്പിട കേന്ദ്രങ്ങളും റഷ്യ ആക്രമിക്കുന്നു. കിൻഡർ ഗാർഡനുകളും ആശുപത്രികളും ആംബുലൻസുകളും ഓർഫനേജുകളും റഷ്യ ആക്രമിച്ചു. ഉക്രൈനിൽ 16 കുട്ടികളടക്കം, 352 പേരെ റഷ്യ കൊലപ്പെടുത്തി. മരണ സംഘ്യ വർധിക്കുകയാണെന്നും യുക്രൈൻ അംബാസഡർ പറഞ്ഞു.
