എഴുപത്തിയൊന്നുകാരനായ ആ മോസ്കോ വിധേയൻ പണ്ട് 2014-ൽ യുക്രൈനിൽ നടന്ന ജനകീയപ്രക്ഷോഭത്തിൽ പുറത്തുപോകേണ്ടി വന്നയാളാണ്. അന്ന് പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞ് വിക്തോർ യാനുക്കോവിച് നാടുവിട്ടത് റഷ്യയിലേക്കാണ്.
കീവ്/ ഖാർകീവ്: യുക്രൈനിൽ (Ukraine War) സെലൻസ്കി (Vlasimir Zelensky) സർക്കാരിനെ അട്ടിമറിച്ച് പുതിയ പ്രസിഡന്‍റിനെ അവരോധിക്കാൻ റഷ്യ (Russia) നീക്കം തുടങ്ങി. റഷ്യൻ അനുകൂലിയും കടുത്ത മോസ്കോ വിധേയനുമായ മുൻ പ്രസിഡന്‍റ് വിക്ടർ യാനുകോവിച് (Viktor Yanukovich) അടക്കമുള്ളവരുമായി ബെലാറൂസ് (Belarus) തലസ്ഥാനത്ത് ചർച്ചകൾ തുടങ്ങി. അതേസമയം, ഇനിയൊരു ലോകയുദ്ധമുണ്ടായാൽ അത് ആണവയുദ്ധമാകുമെന്നും സർവനാശമാകുമെന്നുമാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‍റോവിന്‍റെ (Sergei Lavrov) മുന്നറിയിപ്പ്. യുക്രൈനിൽ എല്ലാ വിഭാഗം ജനങ്ങളെയും പ്രതിനിധീകരിക്കുന്ന സർക്കാർ ഉണ്ടാകണമെന്ന് സെർജി ലാവ്‌റോവ് പറഞ്ഞു.
റഷ്യ - യുക്രൈൻ യുദ്ധരംഗത്ത് പൊടുന്നനെ ഒരു പുതിയ പേര് ഉയർന്ന് വരികയാണ്. എഴുപത്തിയൊന്നുകാരനായ വിക്തോർ ഫെഡറോവിച് യാനുകോവിച്. 2014- വരെ യുക്രൈൻ ഭരിച്ച റഷ്യൻ അനുകൂലിയായ, മോസ്കോയുടെ കളിപ്പാവ എന്നറിയപ്പെട്ട പ്രസിഡന്‍റ്. 2014-ൽ യൂറോമൈദാൻ ജനകീയപ്രക്ഷോഭത്തിൽ അധികാരക്കസേരയിൽ നിന്ന് തെറിച്ചപ്പോൾ രാഷ്ട്രീയാഭയം തേടിയത് റഷ്യയിൽ. ഈ യാനുകോവിച് ഇപ്പോൾ ബെലാറൂസിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2019-ൽ യുക്രൈൻ കോടതി രാജ്യദ്രോഹക്കുറ്റത്തിന് 13 വർഷത്തെ തടവുശിക്ഷ വിധിച്ചയാളാണ് വിക്തോർ യാനുകോവിച്. നീണ്ട കാലം പൊതുസമൂഹത്തിൽ നിന്ന് അകന്നു കഴിഞ്ഞ യാനുകോവിച് ഇപ്പോൾ പെട്ടെന്ന് റഷ്യയുടെ അണിയായ ബെലാറൂസിലെത്തി രാഷ്ട്രീയചർച്ചകളിൽ പങ്കെടുക്കുന്നത് കൃത്യമായും റഷ്യൻ പിൻബലത്തോടെത്തന്നെയാണ്. വ്ലാദിമിർ സെലൻസ്കിയെ പുറത്താക്കിയ ശേഷം യുക്രൈനിൽ ആരെ ഭരണമേൽപ്പിക്കണമെന്ന് നേരത്തേത്തന്നെ വ്ലാദിമിർ പുടിന് കൃത്യമായ പ്ലാൻ ഉണ്ടായിരുന്നിരിക്കണം. അതിന്‍റെ തുടർച്ചയാണ് ബെലാറൂസിൽ നടക്കുന്ന ചർച്ചകൾ എന്ന് വിദേശകാര്യവിദഗ്ധർ വിലയിരുത്തുന്നു.
എന്നാൽ യാനുകോവിചിനെ മാത്രം കേന്ദ്രീകരിച്ചാകുമോ ചർച്ചകൾ? ആകില്ല എന്നും പല പാശ്ചാത്യമാധ്യമങ്ങളും പറയുന്നുണ്ട്. യാനുകോവിചിനെതിരായ ജനകീയ പ്രക്ഷോഭത്തിന് ശേഷം 71 ശതമാനം പേരുടെ അനുകൂലവോട്ടോടെയാണ് വ്ലാദിമിർ സെലൻസ്കി അധികാരത്തിലെത്തിയത് എന്നത് റഷ്യയ്ക്ക് മുന്നിൽ കണ്ടേ തീരൂ. യുക്രൈനിയൻ ജനതയ്ക്ക് അത്രയ്ക്ക് താത്പര്യമില്ലാത്ത ഒരാളെ അധികാരമേൽപ്പിക്കുമോ പുടിൻ? ഇതെല്ലാം കണക്കിലെടുത്താലും റഷ്യയ്ക്ക് യുക്രൈനിൽ ഇപ്പോൾ അധികാരം നടത്താൻ ഒരു കളിപ്പാവ വേണം. അത് പരിഗണിച്ചാൽ ഏറ്റവും യോഗ്യൻ യാനുക്കോവിച് തന്നെയാണ്.
എല്ലാക്കാലത്തും യുക്രൈന് മേൽ നേരിട്ടാധിപത്യം നടപ്പാക്കില്ലെന്ന് പുടിൻ നേരത്തേ പറഞ്ഞിരുന്നു. 'നാസിവൽക്കരണ'ത്തിൽ നിന്ന് യുക്രൈനെ മോചിപ്പിക്കലാണ് തന്‍റെ ലക്ഷ്യമെന്നായിരുന്നു ആക്രമണത്തിന് ആഹ്വാനം നൽകുന്ന പ്രസംഗത്തിൽ പുടിൻ പറഞ്ഞത്. എല്ലാ വിഭാഗം യുക്രൈൻകാരെയും പ്രതിനിധീകരിക്കുന്ന സർക്കാർ ആണ് ലക്ഷ്യമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‍റോവും പറയുന്നു.
എന്തായാലും അമേരിക്കയോടും യൂറോപ്പിനോടും വിധേയത്വം ഇല്ലാത്ത ഒരു റഷ്യൻ അനുകൂലിയെ ഭരണം ഏൽപ്പിച്ച ശേഷമേ റഷ്യയുടെ സൈനിക നടപടി അവസാനിപ്പിക്കൂ എന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ.
ഇതിനിടയിൽ റഷ്യ ആണവായുധ ഭീഷണി ആവർത്തിക്കുന്നത് കടുത്ത ആശങ്കയോടെയാണ് ലോകം കാണുന്നത്. മൂന്നാം ലോകമഹായുദ്ധം ഉണ്ടായാൽ അത് തീർച്ചയായും ആണവ യുദ്ധം ആയിരിക്കുമെന്നും അത് വിനാശകരമാകുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറയുന്നു. യുക്രൈനുമായി ചർച്ചകൾക്ക് തയ്യാറാണ്. എന്നാൽ 2014 മുതൽ റഷ്യയുടെ കൈവശമുള്ള ക്രിമിയയിൽ നിന്ന് പിന്മാറില്ല.
ഉപരോധം കൊണ്ട് റഷ്യയെ ഒറ്റപ്പെടുത്താൻ കഴിയില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. റഷ്യയുമായി വ്യാപാര ബന്ധം തുടരുമെന്നും ഏകപക്ഷീയ ഉപരോധങ്ങളെ അംഗീകരിക്കുന്നില്ലെന്നും ചൈന നേരത്തേ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ആഗോള ബാങ്കിംഗ് ശൃംഖലയായ സ്വിഫ്റ്റ് റഷ്യക്ക് എതിരെ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും സ്വന്തമായി ബാങ്കിംഗ് ശൃംഖലയുള്ള ചൈനയുടെ സഹായം റഷ്യയ്ക്ക് വലിയ പിൻബലമാണ്.
