കേരളത്തിൽ നിരോധിച്ച് 30 വർഷങ്ങൾക്ക് ശേഷം, അതേ രുചിയും ഗുണങ്ങളുമായി ചാരായം യൂറോപ്യൻ വിപണിയിൽ തിരിച്ചെത്തുന്നു. കൊടുങ്ങല്ലൂർ സ്വദേശി മിഥുൻ മോഹൻ നേതൃത്വം നൽകുന്ന ഈ സംരംഭം, യൂറോപ്യൻ മലയാളികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കേരളത്തിൽ ചാരായ നിരോധനത്തിന്‍റെ മുപ്പതാം വാർഷികമാണ്. ഇതിനിടെ കേരളത്തിൽ നഷ്ടപ്പെട്ട വിപണി ലോകത്ത് തന്നെ തിരിച്ച് പിടിക്കാൻ അവനെത്തുന്നു. മറ്റാരുമല്ല, നമ്മുടെ സ്വന്തം 'ചാരായം'. എന്നാൽ, തിരിച്ചുവരവിൽ തത്ക്കാലം കേരളത്തിലേക്കില്ല. ആ തിരിച്ചുവരവിന്‍റെ ആവേശവും ഗൃഹാതുരത്വവുമെല്ലാം അനുഭവിക്കാനുള്ള അവസരം യൂറോപ്യൻ മലയാളികൾക്കാണെന്ന് മാത്രം. ആ തിരിച്ച് വരവിന് പിന്നിൽ ചാരായ നിരോധനം ഇല്ലാതാക്കിയ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ കണ്ണീര് കൂടി ചേരുന്നു.
അതേ നിറം, മണം, ഗുണം, രുചി
1996 ഏപ്രിൽ 1 -ന് ആന്‍റണി സർക്കാർ നിരോധിച്ച ചാരായം അതിന്‍റെ എല്ലാ ഗുണങ്ങളോടും കൂടിയാണ് തിരികെ എത്തുന്നത്. അതേ നിറം, മണം, ഗുണം, രുചി. പിന്നെ 33 % ആൽക്കഹോൾ എന്ന അളവും തെറ്റിച്ചിട്ടില്ല. മാത്രമല്ല, പഴയ ലേബൽ മുതൽ 90 മില്ലിയുടെ 'പൊടിക്കുപ്പി' വരെ പഴയത് പോലെ നിലനിർത്തി കൊണ്ടായിരിക്കും അവൻ 2026 ഏപ്രിൽ 1 -ന് യൂറോപ്യൻ വിപണിയിൽ ഇറങ്ങുകയെന്ന് ആ പഴയ, പുതിയ മദ്യത്തിന്‍റെ സ്ഥാപകൻ മിഥുൻ മോഹൻ പറയുന്നു.
"ചാരായത്തെക്കുറിച്ച് പറയാൻ തുടങ്ങുമ്പോൾ എപ്പോഴും മനസിലേക്ക് വരുന്നത് നിരോധനത്തെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട 12,500 -ൽ അധികം വരുന്ന തൊഴിലാളികളെയാണ്. എന്‍റെ അമ്മാവൻ ദിലീപ് കുമാർ അതിലൊരാളാണ്. എന്‍റെ ചുറ്റുപാടുമുള്ള നിരവധി കുടുംബങ്ങൾ ഒരൊറ്റ ദിവസം കൊണ്ട് ദാരിദ്ര്യത്തിന്‍റെ പാതയിലേക്ക് തള്ളപ്പെട്ടു." മിഥുൻ മോഹൻ ഓർത്തെടുക്കുന്നു. 30 വർഷത്തെ ഇടവേളക്ക് ശേഷം ഒരു ഉൽപ്പന്നം അതുപോലെ തന്നെ പുനഃസൃഷ്ടിക്കുകയെന്നത് ഏറെ ശ്രമകരമായിരുന്നു. പഴയകാലത്തെ ചാരായത്തെക്കുറിച്ച് ഓർമ്മകൾ പങ്കുവെക്കാൻ താൽപര്യമുള്ള ആളുകളെ കണ്ടും സംസാരിച്ചും കൂടുതൽ അറിവ് നേടി. അതിൽ ചാരായ ഉപഭോക്താക്കൾ മുതൽ ഡിസ്റ്റിലറി നടത്തിയിരുന്നവരും, ഷാപ്പ് മാനേജർമാരും എക്സൈസ് ഉദ്യോഗസ്ഥരും തുടങ്ങി ചാരായവുമായി അന്ന് ബന്ധപ്പെട്ടിരുന്നവരെല്ലാം ഉൾപ്പെടുന്നു.

ചാരായത്തിന് മാത്രം നിരോധനം
ഗോവക്കാരുടെ ഫെനി മുതൽ ഫ്രഞ്ചുകാരുടെ ഷാംപെയനും മെക്സിക്കോകാരുടെ ടെക്കിലയും സ്കോട്ട്‌ലൻഡുകാരുടെ വിസ്കിയും എല്ലാം അവരുടെ പൈതൃകത്തിന്‍റെ ഭാഗമായി ആഘോഷിക്കപ്പെടുമ്പോൾ, നമ്മുടെ നാട്ടിന്‍റെ സ്വന്തം ചാരായത്തെ കേരളത്തിൽ നിരോധിക്കുകയാണ് ചെയ്തത്. എന്നിട്ട്, വിദേശ മദ്യമെന്ന പേരിൽ നിലവാരം കുറഞ്ഞ മദ്യം നാട്ടിൽ കൂടിയ വിലയിൽ വിൽക്കുന്നു. ഇതൊന്നും അത്ര ശരിയായ നടപടിയല്ലെന്നാണ് മിഥുൻ മോഹന്‍റെ അഭിപ്രായം.
ചാരായം തിരിച്ച് വരുന്നതിനെ കുറിച്ചുള്ള വാർത്തകളും സമൂഹ മാധ്യമ പോസ്റ്റുകളും കണ്ട് വിളിക്കുന്ന യൂറോപ്യൻ മലയാളികൾ ഇതിനെ വെറുമൊരു 'product launch' എന്നതിനേക്കാളുപരി, നമ്മുടെ പൈതൃക പാനീയത്തിന്‍റെ സംരക്ഷണമായാണ് കാണുന്നതെന്ന് തനിക്ക് തോന്നുന്നുവെന്ന് മിഥുൻ മോഹൻ കൂട്ടിച്ചേർക്കുന്നു.

(മിഥുൻ മോഹൻ)
'ചാരായം റിട്ടേണ്‍ പാർട്ടി'
ഏപ്രിൽ ഒന്നിന് പോളണ്ടിൽ വെച്ചാണ് ഉദ്ഘാടനം ചെയ്യാൻ തയ്യാറെടുക്കുന്നതെങ്കിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലുള്ള പ്രവാസി മലയാളികൾ അവിടങ്ങളിലെ ഇന്ത്യൻ റസ്റ്റോറന്‍റുകളിലും ബാറുകളിലും 'ചാരായം റിട്ടേണ്‍ പാർട്ടി' (Charayam return party) നടത്തുന്നുണ്ട്. മാൾട്ടയിലെ ദി മിന്‍റ് റെസ്റ്റോറന്‍റ്, ഇംഗ്ലണ്ടിൽ അനന്തപുരം ഈസ്റ്റ് ഹാം, കേരള ഹട്ട് നോർത്താംപ്ടൺ തുടങ്ങിയവരും തിരിച്ചു വരുന്ന ചാരായത്തെ വരവേൽകാൻ ഇതിനോടകം തന്നെ ഒരുങ്ങിക്കഴിഞ്ഞു എന്നറിയുമ്പോഴാണ് ചാരായം കുടിച്ചിട്ടില്ലാത്ത തലമുറ പോലും അതിന്‍റെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന് മനസിലാവുക.യുകെയിലെ മുഖ്യ വിതരണക്കാരായ ക്രഡൻസ് കണക്ഷൻസ് രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നും മുൻകൂർ ഓർഡറുകൾ സ്വീകരിച്ചു തുടങ്ങി. അതെ, ഇറങ്ങും മുമ്പേ അവൻ വിപണി കിഴടക്കിത്തുടങ്ങിയിരിക്കുന്നു.
വിവിധ രാജ്യങ്ങളിലെ വിതരണ ശൃംഖലകളുള്ള സ്ഥാപനങ്ങളുമായി സംസാരിക്കുന്നുണ്ടെന്നും പരമാവധി രാജ്യങ്ങളിൽ ഉൽപന്നം എത്തിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും മിഥുൻ മോഹൻ പറയുന്നു. മദ്യവ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സംരംഭകനാണ് കൊടുങ്ങല്ലൂർ സ്വദേശിയായ മിഥുൻ മോഹൻ. കഴിഞ്ഞ 12 വർഷത്തിലേറെയായി യൂറോപ്പിലാണ് താമസം. ആയുർവേദത്തിന്‍റെ രുചിക്കൂട്ടുകളും പോളിഷ് വോഡ്കയും ചേർത്ത് നിർമ്മിച്ച 'ആയുർവോഡ്' എന്ന ഉൽപന്നത്തിന് 2025 -ലെ വാർസോ സ്പിരിറ്റ് മത്സരത്തിൽ മിഥുൻ മോഹൻ സ്വർണ മെഡൽ നേടിയിരുന്നു. മലയാളിയുടെ സ്വന്തം 'ചാരായം' പുതിയ പല റെക്കോഡുകളും മെഡലുകളും നേടി ലോക മദ്യ വിപണി കീഴടക്കും. പഴയ ആ നിരോധനത്തിന്‍റെ കൈപ്പുനീര് അവൻ ഒഴുക്കിക്കളയും.


