Asianet News MalayalamAsianet News Malayalam

Russia Ukraine Crisis : യുക്രൈനെതിരായ ആക്രമം കടുപ്പിക്കാൻ സൈന്യത്തോട് റഷ്യ; എല്ലാ വശത്ത് നിന്നും ആക്രമിക്കണം

കീവിലുള്ള യുക്രൈൻ നേതൃത്വം ച‌ർച്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് സൈന്യത്തിന് പുതിയ നി‌‌ർദ്ദേശം നൽകിയിരിക്കുന്നതെന്നാണ് റഷ്യൻ പ്രതിരോധമന്ത്രാലയം വ്യക്തമാക്കുന്നത്.

russia urges military to step up violence against ukraine
Author
Ukraine, First Published Feb 26, 2022, 9:35 PM IST

കീവ്: യുക്രൈനിൽ (Ukraine)  യുദ്ധം കനക്കുന്നു. ആക്രമണം രൂക്ഷമാക്കാൻ റഷ്യ (Russia)  സൈനിക‌‌ർക്ക് നി‌ർദ്ദേശം നൽകി. എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കാനാണ് റഷ്യൻ പ്രതിരോധമന്ത്രാലയം സൈനികർക്ക് നൽകിയിരിക്കുന്ന നി‌‌‌ർദ്ദേശം. കീവിലുള്ള യുക്രൈൻ നേതൃത്വം ച‌ർച്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് സൈന്യത്തിന് പുതിയ നി‌‌ർദ്ദേശം നൽകിയിരിക്കുന്നതെന്നാണ് റഷ്യൻ പ്രതിരോധമന്ത്രാലയം വ്യക്തമാക്കുന്നത്.

ബെലാറസിൽ ചർച്ച നടത്താനുള്ള നിർദ്ദേശം യുക്രൈൻ ലംഘിച്ചുവെന്നാണ് റഷ്യ പറയുന്നത്. സമവായത്തിന് തയ്യാറാകാതെ യുക്രൈൻ പോരാട്ടം നീട്ടിക്കൊണ്ട് പോയെന്നും കുറ്റപ്പെടുത്തൽ ഉണ്ട്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്‍റേതാണ് വിശദീകരണം. അതേസമയം, തിങ്കളാഴ്ച രാവിലെ വരെ കീവ് നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തി. കീവ് നഗരത്തിൽ രാത്രിയും പകലും കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. റഷ്യൻ സേന നഗരത്തിൽ കടന്നതിനാലാണ് പുതിയ തീരുമാനം. 

സുരക്ഷാ, പ്രതിരോധ മേഖലകളിൽ നെതർലാൻഡ് പിന്തുണ അറിയിച്ചെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. യുദ്ധത്തിനെതിരായ കൂട്ടായ്മ ലക്ഷ്യം കാണും എന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

റഷ്യ ആക്രമണം അവസാനിപ്പിക്കണം എന്ന് യുക്രൈൻ വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സുമിയിൽ ഷെല്ലാക്രമണം തുടരുകയാണ്. തങ്ങളുടെ ആക്രമണത്തിൽ റഷ്യയുടെ Su 30 യുദ്ധവിമാനം കരിങ്കടലിൽ തകർന്നു വീണതായി യുക്രൈൻ അവകാശപ്പെട്ടു. യുക്രൈനിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് തടസ്സം നേരിടുന്നുണ്ട്. അതേസമയം, ആയുധ കരാർ ഉള്ള രാജ്യങ്ങൾക്ക് ആയുധം നൽകാൻ ജർമ്മനി അനുമതി നൽകി.

Read Also:  'ഓപ്പറേഷൻ ഗംഗ'; റൊമേനിയ അതിർത്തി കടന്ന ആദ്യസംഘം മുംബൈയിലെത്തി, 27 പേർ മലയാളികൾ

യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ലെന്നാണ് റഷ്യ  നേരത്തെ നൽകിയ വിശദീകരണം. കീവിൽ ഫ്ലാറ്റ് സമുച്ചയത്തിന്  നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് റഷ്യ പറയുന്നത്. ആക്രമണം നടത്തിയെന്ന റിപ്പോ‍ർട്ട് പ്രതിരോധ മന്ത്രാലയം നിരസിച്ചു. കീവിൽ അപ്പാ‍ർട്ട്മെന്റിൽ പതിച്ചത് യുക്രൈൻ മിസൈലാണെന്നും റഷ്യ പറഞ്ഞു. 

അതേസമയം റഷ്യൻ അധിനിവേശത്തിൽ സൈനികരും സാധാരണ പൌരൻമാരുമായ 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ കണക്കുകൾ‌ നിരത്തുന്നു. ആയിരത്തിലധികം പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈൻ സർക്കാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 ജനവാസകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടുവെന്നാണ് യുക്രൈൻ്റെ വിശദീകരണം. 1.20 ലക്ഷം യുക്രൈൻ പൌരൻമാർ ഇതിനോടകം അതിർത്തി കടന്ന് യൂറോപ്യൻ രാജ്യങ്ങളിൽ അഭയം പ്രാപിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.  

അറുപത് റഷ്യൻ സൈനിക‍ർ ഹെലികോപ്റ്റ‍റിൽ  വന്നിറങ്ങിയെന്നും ഇവരെ യുക്രൈൻ സൈന്യം തുരത്തിയെന്നും യുക്രൈനിലെ പടിഞ്ഞാറൻ പട്ടണമായ ലിവീവ് മേയ‍ർ അറിയിച്ചു. പൊടുന്നനെ റഷ്യ ലിവീവ് ലക്ഷ്യമാക്കി ആക്രമണം നടത്തുന്നതിന് പിന്നിൽ കാരണമെന്താണെന്ന് അറിയില്ല. എന്നാൽ യുക്രൈൻ പ്രസിഡൻ്റ് സെലൻസ്കി തലസ്ഥാനമായ കീവിൽ നിന്നും ലിവീവിലേക്ക് കടന്നുവെന്ന് നേരത്തെ ചില ചൈനീസ് മാധ്യമങ്ങൾ റിപ്പോ‍‍‍ർട്ട് ചെയ്തിരുന്നു. സെലൻസ്കിയെ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണം എന്ന വിലയിരുത്തലുണ്ട്. 

Follow Us:
Download App:
  • android
  • ios