കിസ്ലിയാര്‍ ഇലക്ട്രോ മെക്കാനിക്കല്‍ പ്ലാന്റിലെ ജീവനക്കാരുമായി പോയ ഹെലികോപ്റ്ററാണ് തകര്‍ന്നത്.

മോസ്‌കോ: റഷ്യയിൽ ഹെലികോപ്ടർ തകർന്ന് 5 പേർ കൊല്ലപ്പെട്ടു. കെ എ 226 എന്ന റഷ്യൻ ഹെലികോപ്ടറാണ് സൈനിക ഫാക്ടറിയിലേക്ക് പോവും വഴി തകർന്നത്. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. കാസ്പിയൻ കടലിനോട് ചേ‍ർന്നുള്ള മേഖലയിലാണ് അപകടമുണ്ടായത്. റഷ്യയിലെ റിപബ്ലിക് ഓഫ് ഡാഗെസ്താൻ എന്ന സ്ഥലത്താണ് ഹെലികോപ്ടർ തകർന്നത്. കിസ്ലിയാര്‍ ഇലക്ട്രോ മെക്കാനിക്കല്‍ പ്ലാന്റിലെ ജീവനക്കാരുമായി പോയ ഹെലികോപ്റ്ററാണ് തകര്‍ന്നത്. കാസ്പിയന്‍ കടലിനടുത്തുള്ള ഗ്രാമത്തില്‍ നിയന്ത്രണം വിട്ട് തകര്‍ന്നുവീഴുകയായിരുന്നു കെ എ 226. 

നിയന്ത്രണം നഷ്ടമായതിന് പിന്നാലെ ഹെലികോപ്റ്റര്‍ ബീച്ചില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹെലികോപ്ടർ രണ്ടായി ഒടിഞ്ഞത്. പിന്‍ഭാഗം ഒരു പാറയില്‍ ഇടിച്ചതിനാല്‍ റോട്ടര്‍ ഒടിഞ്ഞുപോയി. കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ പിന്നീട് കാസ്പിയന്‍ കടലിനോട് ചേര്‍ന്നുള്ള ഗ്രാമത്തിലെ ആളൊഴിഞ്ഞ വീട്ടില്‍ ഇടിച്ചു തകരുകയായിരുന്നു. തുടര്‍ന്ന് ഉണ്ടായ തീപിടിത്തത്തിലാണ് ആള്‍നാശം സംഭവിച്ചത്. സംഭവത്തില്‍ റഷ്യയുടെ ഫെഡറല്‍ വ്യോമയാന ഏജന്‍സിയായ റോസാവിയറ്റ്‌സിയ, ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. ഹെലികോപ്ടർ പൈലറ്റിന് നിയത്രിക്കാൻ കഴിയാതെ വരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.ഹെലികോപ്ടറിന്റെ ഫ്ലൈറ്റ് മെക്കാനിക്കും അപകടത്തിൽ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഏഴ് യാത്രക്കാരെ വരെ കൊണ്ടുപോകാൻ സാധിക്കുന്ന യൂട്ടിലിറ്റി ഹെലികോപ്ടറാണ് കെഎ 226.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം