വ്യവസായ മേഖലയിലേക്കാണ് കാർഗോ വിമാനം തകർന്ന് വീണത്. ഇത് വലിയ രീതിയിൽ മേഖലയിൽ അഗ്നിബാധയ്ക്ക് കാരണമായിരുന്നു.
കെന്റക്കി: അമേരിക്കയിലെ കെന്റക്കിയിലെ വിമാനാപകടത്തിൽ ഏഴ് പേർ കൊല്ലപ്പട്ടതായി റിപ്പോർട്ട്. 11 ലേറെ പേർക്കാണ് പരിക്കേറ്റത്. കെന്റക്കിയിലെ ലൂയിസ് വില്ലേ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർഗോ വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് കെന്റക്കി ഗവർണർ ആൻഡ്രൂ ഗ്രഹാം ബെഷിയർ വിശദമാക്കുന്നത്. വ്യവസായ മേഖലയിലേക്കാണ് കാർഗോ വിമാനം തകർന്ന് വീണത്. ഇത് വലിയ രീതിയിൽ മേഖലയിൽ അഗ്നിബാധയ്ക്ക് കാരണമായിരുന്നു. പ്രാദേശിക സമയം വൈകുന്നേരം 5.15ഓടെയാണ് മക്ഡൊണൽ ഡഗ്ലസ് എം ഡി 11 എന്ന കാർഗോ വിമാനം മൂന്ന് ക്യാബിൻ അംഗങ്ങളുമായി തകർന്നത്. ഹോണോലുലുവിലേക്ക് പുറപ്പെട്ടതായിരുന്നു ഈ വിമാനം. വിമാനത്തിന്റെ അവശിഷ്ടങ്ങൾ നീക്കുന്ന മുറയ്ക്ക് ഗുരുതര പരിക്കേറ്റ കൂടുതൽ പേരെ കണ്ടെത്തിയതായാണ് ആൻഡ്രൂ ഗ്രഹാം ബെഷിയർ വിശദമാക്കുന്നത്. വിമാനം ഇടിച്ച് വീണ വ്യവസായ മേഖലയിലെ സ്ഥാപനങ്ങളിലും ജീവനക്കാർ ഉണ്ടായിരുന്നു. ഇവരിൽ മരിച്ച രണ്ട് പേരെ തിരിച്ചറിഞ്ഞതായും ആൻഡ്രൂ ഗ്രഹാം ബെഷിയർ വിശദമാക്കി.
തകർന്നത് 34 വർഷം പഴക്കമുള്ള വിമാനം
വിമാനത്തിനുള്ളിൽ അപകടകരമായ കാർഗോ അല്ലായിരുന്നു ഉണ്ടായിരുന്നതെന്നാണ് ആൻഡ്രൂ ഗ്രഹാം ബെഷിയർ വിശദമാക്കിയിട്ടുള്ളത്. വിമാനത്തിലെ ജീവനക്കാർ എല്ലാവരും മരിച്ചതായാണ് ഗവർണർ വിശദമാക്കുന്നത്. വിമാനം വ്യവസായ മേഖലയിലേക്ക് ഇടിച്ചിറങ്ങിയതിന് പിന്നാലെ അഗ്നിഗോളമായി മാറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഒരു ചിറകിൽ തീ പിടിച്ച നിലയിൽ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി അഗ്നി ഗോളമാകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വ്യവസായ മേഖലയിലെ നിരവധി കെട്ടിടങ്ങളിലേക്ക് തീ പിടിച്ചിരുന്നു. അപകടത്തിന് പിന്നാലെ ചൊവ്വാഴ്ച രാത്രിയിലെ ഇവിടെ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിരുന്നു. 34 വർഷം പഴക്കമുള്ള എംഡി 11 ഫ്രെയ്റ്റർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബോയിം ഗ് എംഡി 11 ഏറ്റെടുത്ത സമയത്ത് ഇത്തരം വിമാനങ്ങളുടെ നിർമ്മാണം നിർത്തിയിരുന്നു.
സുരക്ഷാ വീഴ്ചകൾ മുൻനിർത്തിയായിരുന്നു ബോയിംഗിന്റെ ഈ തീരുമാനം. യുപിഎസ് 2006ലാണ് ഈ വിമാനം സർവ്വീസിന് ഉപയോഗിച്ച് തുടങ്ങിയത്. ചൊവ്വാഴ്ച ലൂയിസ് വില്ലേയിൽ നിന്ന് ബാൾട്ടിമോറിലേക്ക് പോയി തിരിച്ച് വന്ന ശേഷമാണ് ഈ വിമാനം ഹോണോലുലുവിലേക്ക് പോകാനായി തയ്യാറെടുത്തത്. ടേക്ക് ഓഫിന് പിന്നാലെ 175 അടി ഉയരത്തിലേക്ക് എത്തിയ വിമാനം 184 നോട്ടിക്കൽ വേഗതയിലും എത്തിയ ശേഷമാണ് കുത്തനെ താഴേയ്ക്ക് പതിച്ചത്. സംഭവത്തിൽ അന്വേഷണമുണ്ടാകുമെന്ന് ഫെഡറൽ ഏവിയേഷൻ അതോറിറ്റി വിശദമാക്കി.
