ജയിലിലോ മാനസികാരോഗ്യ കേന്ദ്രത്തിലോ പോയാലും വേണ്ടില്ല, തനിക്ക് പൈലറ്റിനെ കാണണമെന്ന് വനിത വാശിപിടിച്ചു.
മോസ്കോ: വിമാനയാത്രക്കിടെ 49കാരിയുടെ പരാക്രമം. വിമാനത്തിന്റെ ശുചിമുറിയിൽ പുകവലിക്കുന്നത് ക്യാബിൻ ക്രൂ ചോദ്യം ചെയ്തതോടെയാണ് യുവതി അതിക്രമം കാണിച്ചത്. കോക്പിറ്റിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും സഹയാത്രക്കാരുടെ മുന്നിൽ വസ്ത്രമഴിക്കുകയും ചെയ്തു. റഷ്യൻ നഗരമായ സ്റ്റാവ്റോപോളിൽനിന്ന് മോസ്കോയിലേക്കുള്ള യാത്രക്കിടെയാണ് സ്ത്രീയുടെ പരാക്രമം. വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവരും മരിക്കുമെന്നും അവർ പറഞ്ഞു. വിമാനം 33,000 അടി ഉയരത്തിൽ പറക്കവേയാണ് ഏവരെയും ആശങ്കയിലാക്കിയത്. 49കാരിയായ അൻഷെലിക മോസ്‌ക്വിറ്റിന എന്ന വനിതയാണ് പ്രശ്നമുണ്ടാക്കിയതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു.
ഏറെ ശ്രമപ്പെട്ടാണ് ക്രൂ അംഗങ്ങൾ ഇവരെ നിയന്ത്രിച്ചത്. നിങ്ങൾ നിയമം ലംഘിക്കുകയാണെന്ന് വനിതയോട് യാത്രക്കാരും അധികൃതരും പറഞ്ഞെങ്കിലും അവർ വഴങ്ങിയില്ല. ജയിലിലോ മാനസികാരോഗ്യ കേന്ദ്രത്തിലോ പോയാലും വേണ്ടില്ല, തനിക്ക് പൈലറ്റിനെ കാണണമെന്ന് വനിത വാശിപിടിച്ചു. നിയന്ത്രിക്കാൻ ശ്രമിച്ച ക്രൂ അംഗങ്ങളെ ആക്രമിക്കാനും ഇവർ ശ്രമിച്ചു. ഒടുവിൽ പുരുഷ ക്രൂം അംഗം ഇടപെട്ടാണ് നിയന്ത്രിച്ചത്.
യാത്രക്കിടെ പ്രശ്നമുണ്ടാക്കുന്ന യാത്രക്കാരുടെ കരിമ്പട്ടിക ഉണ്ടാക്കുമെന്നും ഇവർക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വനിതയെ പിന്നീട് മോസ്കോയിലെ ഷെറെമെറ്റീവോ വിമാനത്താവളത്തിൽ പൊലീസിന് കൈമാറി. പൊലീസ് കസ്റ്റഡിയിലെടുക്കും മുമ്പ് ഡോക്ടർ അവരെ പരിശോധിച്ചെന്നും അധികൃതർ പറഞ്ഞു.
നേരത്തെ മുംബൈയിലും സമാന സംഭവമുണ്ടായിരുന്നു. ഇറ്റാലിയൻ വനിത യാത്രക്കാരി ക്യാബിൻ ക്രൂ അംഗത്തെ ഇടിയ്ക്കുകയും മുഖത്ത് തുപ്പകയും ചെയ്തു. അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയർലൈൻ വിമാനത്തിലാണ് സംഭവം. 45 കാരിയായ ഇറ്റാലിയൻ വനിതാ യാത്രക്കാരിയെ തിങ്കളാഴ്ച പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തു. എയർലൈൻ ജീവനക്കാരുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എക്കണോമി ക്ലാസിലായിരുന്നെങ്കിലും ബിസിനസ് ക്ലാസ് സീറ്റിൽ ഇരിക്കുന്നതിനെ ക്രൂ അംഗങ്ങൾ എതിർത്തതിനെ തുടർന്ന് മദ്യലഹരിയിലായിരുന്ന ഫ്‌ളയർ പൗള പെറൂച്ചിയോ പ്രശ്നമുണ്ടാക്കിയതായി അധികൃതർ പറഞ്ഞു.
തന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി വിമാനത്തിൽ നടക്കുകയും ചോദ്യം ചെയ്തതോടെ അസഭ്യം പറയുകയും ചെയ്തു. ക്യാപ്‌റ്റന്റെ നിർദ്ദേശപ്രകാരം ക്യാബിൻ ക്രൂ അംഗങ്ങൾ പെറൂച്ചിയോയെ കീഴടക്കി. വസ്ത്രം ധരിപ്പിച്ച് പുലർച്ചെ അഞ്ചിന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതുവരെ പിൻവശത്തുള്ള സീറ്റിൽ കെട്ടിയിട്ടു. അന്ധേരി കോടതിയിൽ ഹാജരാക്കിയ ശേഷം പെറൂച്ചിയോയുടെ പാസ്‌പോർട്ട് പൊലീസ് പിടിച്ചെടുത്തു, കേസിൽ കുറ്റപത്രവും സമർപ്പിച്ചു. തുടർന്ന് യുവതിയെ ജാമ്യത്തിൽ വിട്ടു
