നാളെ നടക്കുന്ന ബിംസ്റ്റെക് മന്ത്രിതല യോഗത്തിലും എസ് ജയശങ്കർ പങ്കെടുക്കും. തടവിലാക്കിയ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാൻ അടിയന്തര നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
കൊളംബോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ (S Jaishankar) ശ്രീലങ്കയിലെത്തി (Sri Lanka). ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയ്ക്ക് കൂടുതൽ പിന്തുണ നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ച ചെയ്തേക്കും. കഴിഞ്ഞ ദിവസം ഇന്ത്യ നാല്പതിനായിരം ടൺ അരിയും ഡീസലും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിരുന്നു. നാളെ നടക്കുന്ന ബിംസ്റ്റെക് മന്ത്രിതല യോഗത്തിലും എസ് ജയശങ്കർ പങ്കെടുക്കും. തടവിലാക്കിയ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാൻ അടിയന്തര നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ഇതിനിടെ, ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാകുകയാണ്. പ്രസിഡന്റ് ഗോതപായ രജപക്സേയുടെ രാജ്യ ആവശ്യപ്പെട്ട് കൂടുതൽ മേഖലകളിൽ ജനം തെരുവിലിറങ്ങി. പ്രതിസന്ധിയിൽ ഉലയുന്ന ശ്രീലങ്കയിൽ വിലക്കയറ്റം അതിരൂക്ഷമായിട്ടുണ്ട്. അരക്കിലോ പാൽപ്പൊടിക്ക് 800 രൂപയ്ക്ക് അടുത്തായി വില. അരി കിലോയ്ക്ക് 290 രൂപയായി ഉയർന്നു. ഭക്ഷ്യവസ്തുക്കൾക്കും മരുന്നുകൾക്കും ക്ഷാമം തുടരുകയാണ്. ഇന്ധനവില ഇന്നലെ വീണ്ടും കൂട്ടിയിരുന്നു.
ഒറ്റ ദിവസം കൊണ്ട് 20 ശതമാനം ഉയർച്ചയാണ് പെട്രോളിന് ശ്രീലങ്കയിൽ ഇന്നലെ ഉണ്ടായത്. കഴിഞ്ഞ ദിവസം വരെ 254 രൂപയുണ്ടായിരുന്ന പെട്രോൾ വില ശനിയാഴ്ച മുതൽ 303 രൂപയായി വർധിച്ചു. 25 ശതമാനം വിലകൂട്ടി രണ്ടാഴ്ച പൂർത്തിയാകും മുന്നേയാണ് ഈ പുതിയ വർധന. ഇന്ധന ക്ഷാമം രൂക്ഷമായ ലങ്കയിൽ പവർകട്ട് ഞായറാഴ്ചയും തുടരും.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്ക വിദേശത്തെ എംബസികളും അടച്ചുപൂട്ടുകയാണ്. ഇറാഖ്, നോർവേ, സുഡാൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേതടക്കമുള്ള എംബസികളാണ് ശ്രീലങ്ക അടയ്ക്കുന്നത്. വിദേശ എംബസികളുടെ പ്രവർത്തനത്തിന് പണം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ലങ്കൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീലങ്കൻ തമിഴ് വംശജരെ അംഗീകരിക്കാത്തതിനെതിരെ പ്രതിഷേധം
ശ്രീലങ്കൻ അഭയാർഥി പ്രശ്നം എന്നും തമിഴ്‌നാട്ടിൽ വൈകാരിക വിഷയമാണ്. അധികാരം പിടിക്കാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും തമിഴ് വാദം ഉയർത്തിക്കാട്ടാൻ തീവ്ര സംഘടനകളും ഒരേ രീതിയിൽ പ്രയോഗിക്കുന്ന വിഷയം. സാമ്പത്തിക പ്രതിസന്ധി കാരണം ശ്രീലങ്കയിൽ നിന്ന് 16 പേർ തമിഴ്നാട്ടിലെത്തിയ പുതിയ സാഹചര്യത്തിൽ തമിഴ് രാഷ്ട്രീയവും പതിയെ ആ പഴയ തമിഴ് വാദത്തിലേക്ക് കടക്കുകയാണ്.
ചൊവ്വാഴ്ചയാണ് ശ്രീലങ്കയിൽ നിന്നും രണ്ട് സംഘങ്ങളായി 16 പേർ തമിഴ്നാട്ടിലെത്തിയത്. അനധികൃതമായി എത്തിയ ഇവരെ ജയിലിലിടാൻ കോടതി ഉത്തരവിട്ടെങ്കിലും തമിഴ്നാട് സർക്കാരിന്റെ പ്രത്യേക അപേക്ഷ പ്രകാരം രാമേശ്വരത്തെ മണ്ഡപം ക്യമ്പിലേക്ക് മാറ്റി. അന്ന് മുതൽ മണ്ഡം ക്യാംപ് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെയും അണികളും കൊണ്ട് നിറഞ്ഞു. എന്നും ചെറു സംഘങ്ങളായി എത്തുന്ന ഇവർ ശ്രീലങ്കയിൽ നിന്നെത്തിയവരെ കാണുകയും അവർക്ക് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ശ്രീലങ്കൻ തമിഴർക്കൊപ്പമല്ലെങ്കിൽ ജന വികാരം എതിരാകുമെന്ന ചരിത്ര സത്യം ഒരു രാഷ്ട്രീയ പാർട്ടിയും മറക്കുന്നില്ല.
എന്നാൽ കടുത്ത തമിഴ് വാദം ഉയർത്തുന്ന സംഘടനകൾ ഈ വിഷയത്തിൽ നിലപാട് കുറച്ച് കൂടി കടുപ്പിച്ചിരിക്കുകയാണ്. ശ്രീലങ്കൻ തമിഴരെ അഭയാർത്ഥികളായി അംഗീകരിക്കാൻ വൈകുന്നതും അവർക്കെതിരെ എഫ്ഐആർ ഇട്ടതും നാം തമിഴർ പോലുള്ള സംഘടനകൾ അതിശക്തമായി എതിർക്കുന്നു. വരും ദിവസങ്ങളിൽ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് തീരുമാനം. അഭയാർത്ഥികളായി പരിഗണിക്കണമെന്ന ശ്രീലങ്കൻ തമിഴരുടെ ആവശ്യം വൈകുന്നതിനിടെയാണ് തീവ്ര തമിഴ് വാദം ഉയർത്തുന്ന സംഘടനകൾ പ്രതിഷേധത്തിനൊരുങ്ങുന്നത്.
