വാഷിങ്ടണ്‍: കൊവിഡ് രോഗബാധിതരുടെ എണ്ണം നിയന്ത്രിക്കാനാകാതെ രാജ്യം പ്രതിസന്ധിയിലാകുമ്പോഴും ക്വാറന്‍റൈന്‍ ഭേദിച്ച് അമേരിക്കയില്‍ പള്ളി തുറക്കുന്നു. സാത്താനാണ് നമ്മളെ അകറ്റി നിര്‍ത്തുന്നതെന്നും കുരുത്തോല ദിനത്തില്‍ നിയമം ലംഘിച്ച് പള്ളിതുറക്കണമെന്നും യുിഎസിലെ  ലൂസിയാനയിലുള്ള പാസ്റ്റര്‍ ടോണ്‍ സ്പെല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെ ലൂസിയാനയിലെ ബാറ്റണ്‍ റൂജിലെ പള്ളി കുരുത്തോല പെരുന്നാള്‍ ആഘോഷിക്കാനായി തയ്യാറെടുക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യമായി അമേരിക്ക ഗുരുതരാവസ്ഥയിലാണ് നീങ്ങുന്നത്. ഇതിനിടയിലാണ് എല്ലാ സുരക്ഷാ മാര്‍‌ഗങ്ങളും ലഘിച്ചുകൊണ്ട് കൊറണ വൈറസിനെതിരായ പ്രതിരോധത്തെ തകര്‍ത്ത് പാസ്റ്റര്‍ മതവികാരം ഇളക്കിവിട്ട് സംസാരിച്ചിരിക്കുന്നത്.

''ഞങ്ങള്‍ നിയമത്തെ ധിക്കരിക്കുന്നത് സുവിശേഷം പ്രചരിപ്പിക്കുന്നത് ദൈവഹിതമായതുകൊണ്ടാണെന്നാണ് പാസ്റ്റര്‍ ടോണ്‍ സ്പെല്ലിന്‍റെ വാദം''. സാത്താന്‍ ഞങ്ങളെ അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. പ്രാര്‍ത്ഥിക്കാന്‍ ഞങ്ങളെ അവന്‍ അനുവദിക്കുന്നില്ല. എന്നാല്‍ സാത്താനെ ജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, മറ്റൊരു പാസ്റ്ററായ കെല്ലി ബര്‍ട്ടണ്‍ പറയുന്നു.

അധികൃതരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് 1000 പേരുടെ ഒത്തുചേരലിനും കുരുത്തോല പെരുന്നാളിന്‍റെ ഭാഗമായുള്ള പരിപാടികളും സോളിക്ല റോക്ക് പള്ളി സംഘടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ഇതുവരെ അമേരിക്കയില്‍ മൂന്ന് ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 8300 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 

രാജ്യം വലിയ പ്രതിസന്ധിയിലാണെന്ന അമേരിക്കന്‍ പ്രസിഡന്‍റെ ഡോണള്‍ഡ് ട്രംപിന്‍റെ പ്രസ്താവന വകവെയ്ക്കാതെയാണ് വിശ്വാസികളെ ചൂഷണം ചെയ്യുന്ന തീരുമാനവുമായി ചില പള്ളികള്‍ രംഗത്ത് വന്നിരിക്കുന്നത്.