യുഎസ് താവളങ്ങളിലെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍, റഡാറുകള്‍ എന്നിവയ്ക്ക് വന്‍ നാശനഷ്ടം വന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലണ്ടന്‍: യുദ്ധത്തിനിടെ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഗള്‍ഫിലെ 20 അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നാശനഷ്ടം വന്നതായി റിപ്പോര്‍ട്ട്. ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്ന വീഡിയോകളും വിശകലനം ചെയ്ത് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് താവളങ്ങളിലെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍, റഡാറുകള്‍ എന്നിവയ്ക്ക് വന്‍ നാശനഷ്ടം വന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഓപ്പറേഷന്‍ എപിക് ഫ്യൂറി ആരംഭിച്ചുശേഷം ഇറാനിലെ പതിമൂവായിരത്തിലധികം ഇടങ്ങളില്‍ ആക്രമണം നടത്തിയതായി അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇറാന്റെ സൈന്യം ഏതാണ്ട് പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടുവെന്നും വൈറ്റ് ഹൗസ് അവകാശപ്പെട്ടിരുന്നു. ഗള്‍ഫിലെ എട്ട് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയാണ് ഇറാന്‍ ആക്രമിച്ചത്. ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങള്‍ ഇനി സുരക്ഷിതമല്ലെന്ന് ചൊവ്വാഴ്ച ഇറാന്‍ പരാമധികാര നേതാവ് മുജ്തബ ഖമനെയി പ്രസ്താവനയില്‍ അവകാശപ്പെട്ടിരുന്നു.
പ്രമുഖ ഉപഗ്രഹ ചിത്ര കമ്പനിയായ പ്ലാനറ്റ് നല്‍കിയ ചിത്രങ്ങള്‍ വിശകലനം ചെയ്ത് നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ യുദ്ധത്തിന്റെ നാശനഷ്ടങ്ങള്‍ വിശകലനം ചെയ്തിരുന്നു. തുടര്‍ന്ന് ചിത്രങ്ങള്‍ നല്‍കരുതെന്ന് യുഎസ് പ്ലാനറ്റിനോട് ആവശ്യപ്പെട്ടു. ഇറാന്റെയും പശ്ചിമേഷ്യയുടെയും പുതിയ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവരരുതെന്നാണ് യുഎസ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഈ കമ്പനിയുടെ ദൃശ്യങ്ങള്‍ ലഭ്യമല്ലാതായി. പ്ലാനറ്റില്‍ നിന്നുള്ള പഴയ ചിത്രങ്ങളും വിവിധ ഏജന്‍സികളുടെ ഉപഗ്രഹ ചിത്രങ്ങളും വിവിധ വീഡിയോകളും ഉപയോഗിച്ചാണ് ഇറാന്‍ ആക്രമണങ്ങളുടെ നാശനഷ്ടങ്ങള്‍ ബിബിസി കണ്ടെത്തിയത്.
മൂന്ന് യുഎസ് താവളങ്ങളിലെ ആന്റി ബാലിസ്റ്റിക് മിസൈല്‍ ബാറ്ററി സംവിധാനങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായതായി ബിബിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 100 കോടി ഡോളര്‍ ചിലവ് വരുന്ന ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് ബാറ്ററികളില്‍ എട്ടെണ്ണം മാത്രമാണ് അമേരിക്ക പ്രവര്‍ത്തിപ്പിക്കുന്നതെന്നാണ് വിവരം. ഓരോ ബാറ്ററിയും പ്രവര്‍ത്തിപ്പിക്കുന്നതിന് 100 സൈനികര്‍ അടങ്ങുന്ന ഒരു സംഘം ആവശ്യമാണ്. ഇതില്‍ നിന്നും തൊടുക്കുന്ന ഓരോ ഇന്റര്‍സെപ്റ്റര്‍ മിസൈലിനും ഏകദേശം 1.27 കോടി ഡോളര്‍ ചിലവ് വരും.
ഗള്‍ഫിലെ ഒരു വ്യോമതാവളത്തിലുള്ള അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ക്കും നിരീക്ഷണ വിമാനങ്ങള്‍ക്കും കടുത്ത നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. 70 കോടി ഡോളര്‍ വരെ ചിലവ് വരുന്ന ഇ-3 സെന്‍ട്രി നിരീക്ഷണ വിമാനവും ആക്രമിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മറ്റൊരു രാജ്യത്തെ യു എസ് താവളത്തില്‍ നടത്തിയ ആക്രമണത്തില്‍ ഉപഗ്രഹ ആശയവിനിമയ ഉപകരണങ്ങള്‍ക്ക് വ്യാപക നാശം സംഭവിച്ചു.
പെന്റഗണിന്റെ മെയ് മാസത്തെ കണക്ക് അനുസരിച്ച് ഓപ്പറേഷന്‍ എപിക് ഫ്യൂറിയുടെ ആകെ ചിലവ് 2900 കോടി ഡോളറാണ്. ഇതില്‍ വലിയൊരു പങ്ക് ആക്രമണത്തില്‍ തകര്‍ന്ന ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കോ പകരമുള്ളവ വാങ്ങാനോ ആണെന്നാണ് കണക്കാക്കുന്നത്. എഫ്-15, എഫ്-35 യുദ്ധവിമാനങ്ങള്‍, 24 എംക്യു-9 റീപ്പര്‍ ഡ്രോണുകള്‍, ഒരു എ-10 യുദ്ധവിമാനം എന്നിവയുള്‍പ്പെടെ കുറഞ്ഞത് 42 യുഎസ് വിമാനങ്ങളെങ്കിലും തകര്‍ക്കപ്പെടുകയോ നാശനഷ്ടം സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


