സൗദി അറേബ്യയിൽ 69 അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിൽ 100 ശതമാനം സ്വദേശിവത്കരണം.  ഏപ്രിൽ 5 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമപ്രകാരം, ഈ തസ്തികകളിൽ 100% സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ, ഇത് ആയിരക്കണക്കിന് പ്രവാസികളുടെ തൊഴിലിനെ ബാധിക്കും.

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടി നൽകിക്കൊണ്ട് മാനവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് വിഭാഗത്തിലെ 69 പുതിയ തൊഴിലുകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് സ്വദേശിവൽക്കരണം (നിതാഖാത്) വ്യാപിപ്പിച്ചു. ഈ തസ്തികകളിൽ ഇനി മുതൽ 100 ശതമാനവും സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ.

ഏപ്രിൽ 5 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. പ്രവാസികൾ ധാരാളമായി ജോലി ചെയ്തിരുന്ന പല സുപ്രധാന തസ്തികകളും പുതിയ പട്ടികയിൽ ഉൾപ്പെട്ടതോടെ ആയിരക്കണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്നോ അല്ലെങ്കിൽ ഈ തസ്തികകളിലേക്ക് പുതിയ വിസ ലഭിക്കില്ലെന്നോ ഉറപ്പായി. പുതുക്കിയ പട്ടിക പ്രകാരം താഴെ പറയുന്ന മേഖലകളിലെ 69 തൊഴിലുകളിൽ നിന്ന് പ്രവാസികളെ പൂർണ്ണമായും ഒഴിവാക്കും:

1. സെക്രട്ടേറിയൽ ജോലികൾ: വിവിധ സ്ഥാപനങ്ങളിലെ സെക്രട്ടറി തസ്തികകൾ.

2. വിവർത്തനം: ട്രാൻസ്‌ലേറ്റർ തസ്തികകളിൽ ഇനി പ്രവാസികൾക്ക് തുടരാനാകില്ല.

3. ഡാറ്റ എൻട്രി: വിവരശേഖരണവും ഡാറ്റാ എൻട്രിയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും.

4. ക്ലറിക്കൽ തസ്തികകൾ: റൈറ്റിംഗ്, ഓഫീസ് ക്ലർക്ക് വിഭാഗങ്ങൾ.

5. അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട്: ഭരണപരമായ പിന്തുണ നൽകുന്ന മറ്റ് അനുബന്ധ ജോലികൾ.

പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള തസ്തികകളിൽ ഒരാൾ മാത്രം ജോലി ചെയ്യുന്ന ചെറിയ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. അതായത്, ഒരു ചെറിയ ഓഫീസിൽ ഒരു ഡാറ്റ എൻട്രി ഓപ്പറേറ്റർ മാത്രമേ ഉള്ളൂ എങ്കിൽ അവിടെയും സ്വദേശിയെ തന്നെ നിയമിക്കണം.

ലക്ഷ്യം സ്വദേശി പ്രാതിനിധ്യം

രാജ്യത്തെ തൊഴിൽ വിപണിയിൽ പൗരന്മാരുടെ പങ്കാളിത്തം പരമാവധി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ഭരണകൂടം നീങ്ങുന്നത്. 'സൗദി യൂനിഫൈഡ് ക്ലാസിഫിക്കേഷൻ ഓഫ് പ്രൊഫഷൻസി'ന് അനുസൃതമായാണ് ഈ തൊഴിൽ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കുന്നത് പ്രവാസികൾക്ക് ഇനിയും വെല്ലുവിളിയായേക്കാം.