സൗദി അറേബ്യയിൽ അഴിമതി വിരുദ്ധ അതോറിറ്റിയായ ‘നസഹ’ നടത്തിയ വ്യാപക പരിശോധനയിൽ 71 ഉദ്യോഗസ്ഥർ അറസ്റ്റിലായി. കൈക്കൂലി, പദവി ദുരുപയോഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ആഭ്യന്തരം, ആരോഗ്യം, കായികം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. കഴിഞ്ഞ ഒരു മാസത്തിനിടെ 360 ജീവനക്കാരെ ചോദ്യം ചെയ്യുകയും ഇവർക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയിൽ വിവിധ സർക്കാർ മന്ത്രാലയങ്ങളിലെ അഴിമതി തുടച്ചുനീക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനുമുള്ള ശക്തമായ നടപടികളുമായി അഴിമതി വിരുദ്ധ അതോറിറ്റിയായ ‘നസഹ’ രംഗത്ത്. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തുടനീളം അതോറിറ്റി നടത്തിയ വിപുലമായ പരിശോധനകളുടെ ഒടുവിലത്തെ വിവരങ്ങൾ ബുധനാഴ്ച പ്രസ്താവനയിലൂടെ പുറത്തുവിട്ടു.

പുതിയ വിവരങ്ങൾ പ്രകാരം, അഴിമതി ആരോപണങ്ങളിൽ 360 ജീവനക്കാരെ ചോദ്യം ചെയ്യുകയും അവർക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 71 പേരെ അതോറിറ്റി ഇതിനകം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രധാനമായും ആഭ്യന്തരം, ആരോഗ്യം, കായികം എന്നീ മൂന്ന് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് നിലവിൽ ഈ കർശന നടപടികൾ നേരിടുന്നത്. കൈക്കൂലി വാങ്ങുക, ഔദ്യോഗിക പദവിയും സ്വാധീനവും ദുരുപയോഗം ചെയ്യുക തുടങ്ങിയ അതീവ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ‘നസഹ’ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം രാജ്യത്തുടനീളം 1,395 നിരീക്ഷണ-പരിശോധനാ പര്യടനങ്ങളാണ് അതോറിറ്റി നടത്തിയത്. സർക്കാർ ഏജൻസികളിൽ സമഗ്രത പ്രോത്സാഹിപ്പിക്കുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ അറസ്റ്റിലായവരിൽ ചിലരെ നിയമപ്രകാരമുള്ള ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.