ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കിയാണ് ചൈന ചരിത്രം കുറിച്ചത്. പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യയില്‍ അമേരിക്കയോട് മത്സരിക്കാന്‍ ചൈനയെ പ്രാപ്തമാക്കുന്നതാണ് ഈ വിജയം.
ബീജിംഗ്: ബഹിരാകാശ രംഗത്ത് അമേരിക്കന്‍ ആധിപത്യത്തിന് വെല്ലുവിളിയുയര്‍ത്തി നിര്‍ണായക നേട്ടം സ്വന്തമാക്കി ചൈന. ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കിയാണ് ചൈന ചരിത്രം കുറിച്ചത്. പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യയില്‍ അമേരിക്കയോട് മത്സരിക്കാന്‍ ചൈനയെ പ്രാപ്തമാക്കുന്നതാണ് ഈ വിജയം.
തെക്കന്‍ ചൈനയിലെ ഹ ഒമശിാന്‍ ദ്വീപില്‍ നിന്നാണ് വെള്ളിയാഴ്ച ലോംഗ് മാര്‍ച്ച് 10ബി റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണം നടന്ന് ആറ് മിനിറ്റുകള്‍ക്ക് ശേഷം, റോക്കറ്റിന്റെ മുകള്‍ഭാഗം വേര്‍പെട്ടു. തുടര്‍ന്ന് ഇതിന്റെ ഒന്നാം ഘട്ട ബൂസ്റ്റര്‍ കടലില്‍ സജ്ജീകരിച്ചിരുന്ന പ്രത്യേക പ്ലാറ്റ്ഫോമിലേക്ക് പതിയെ ഇറങ്ങുകയായിരുന്നു. വലക്കണ്ണികള്‍ ഉപയോഗിച്ച് റോക്കറ്റ് ബൂസ്റ്ററിനെ സുരക്ഷിതമായി പിടിച്ചെടുക്കുന്ന ലോകത്തിലെ ആദ്യത്തെ പരീക്ഷണമാണിത്. ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിക്കാനും ചൈനയ്ക്ക് സാധിച്ചു.
എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് കമ്പനിയാണ് നിലവില്‍ പുനരുപയോഗിക്കാവുന്ന റോക്കറ്റുകളുടെ വിപണി ഭരിക്കുന്നത്. റോക്കറ്റുകള്‍ വിജയകരമായി തിരിച്ചിറക്കി വീണ്ടും ഉപയോഗിക്കുന്നതിലൂടെ വിക്ഷേപണച്ചെലവ് വന്‍തോതില്‍ കുറയ്ക്കാന്‍ സാധിക്കും. ഇത് മനസ്സിലാക്കിയാണ് ചൈനയും ഈ സാങ്കേതികവിദ്യയിലേക്ക് വന്‍ നിക്ഷേപം നടത്തിയത്. സമീപമാസങ്ങളില്‍ ചൈനയിലെ സ്വകാര്യ ബഹിരാകാശ കമ്പനികള്‍ നടത്തിയ സമാന പരീക്ഷണങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന എയറോസ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി കോര്‍പ്പറേഷന്റെ ഈ ചരിത്ര വിജയം.
ചൈനീസ് ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ നാഴികക്കല്ലാണിതെന്ന് സി.എ.എസ്.സി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ചൈനയുടെ ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ക്കും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന പ്രോജക്ടുകള്‍ക്കും ഏറെ നിര്‍ണായകമായ ലോംഗ് മാര്‍ച്ച് 10 ശ്രേണിയിലാണ് ഈ പുതിയ റോക്കറ്റ് ഉള്‍പ്പെടുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇതേ ബൂസ്റ്റര്‍ ഉപയോഗിച്ച് മറ്റൊരു വിക്ഷേപണം കൂടി നടത്താനാണ് ചൈനയുടെ തീരുമാനം.


