സൗദി അറേബ്യയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 11,967 പേർ അറസ്റ്റിലായി. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി. നിയമലംഘകരെ സഹായിക്കുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയത്തിെൻറ പരിശോധന തുടരുന്നു. ഒരാഴ്ചയ്ക്കിടെ 11,967 പേരെയാണ് അറസ്റ്റ് ചെയ്തത്. പിടിക്കപ്പെട്ടവരിൽ ഏറ്റവും കൂടുതൽ പേർ താമസ നിയമങ്ങൾ ലംഘിച്ചവരാണ് 7,650 പേർ.
അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 2,952 പേരെയും തൊഴിൽ നിയമ ലംഘനങ്ങൾക്ക് 1,365 പേരെയും പിടികൂടി. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ 1,140 പേരിൽ 71 ശതമാനം പേർ ഇത്യോപ്യക്കാരും 26 ശതമാനം യമനികളും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. കൂടാതെ, അതിർത്തി വഴി അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 42 പേരും, നിയമലംഘകർക്ക് യാത്രാസൗകര്യവും താമസവും നൽകിയ 17 പേരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവർക്ക് പ്രവേശനം സുഗമമാക്കുകയോ, അവർക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങളോ നൽകുന്നത് അതീവ ഗുരുതരമായ കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവരാണെങ്കിൽ 911 എന്ന നമ്പറിലും, മറ്റ് പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് വിവരമറിയിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.


