അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ സമാധാന പ്രഖ്യാപനത്തിന് പിന്നാലെ സൗദി അറേബ്യക്ക് നേരെ ഇറാൻ വ്യാപക ഡ്രോൺ, മിസൈൽ ആക്രമണ ശ്രമം നടത്തി. റിയാദും കിഴക്കൻ പ്രവിശ്യകളും ലക്ഷ്യമിട്ടെത്തിയ ഡസൻ കണക്കിന് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും സൗദി പ്രതിരോധ സേന വിജയകരമായി തകർത്തു.

റിയാദ്: ഇറാനെതിരായ നീക്കങ്ങളിൽ നിന്ന് അഞ്ച് ദിവസത്തേക്ക് ഏകപക്ഷീയമായി പിൻവാങ്ങുകയാണെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിർണായക പ്രഖ്യാപനം നിലനിൽക്കെ, സൗദി അറേബ്യക്ക് നേരെ ഇറാന്‍റെ വ്യാപക ഡ്രോൺ ആക്രമണ ശ്രമം. ട്രംപിന്‍റെ പ്രഖ്യാപനം വന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പശ്ചിമേഷ്യയിൽ സംഘർഷം കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും, സൗദിയിലെ എണ്ണപ്പാടങ്ങളെയും പ്രധാന നഗരങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ശക്തമാകുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, ചൊവ്വാഴ്ച പുലർച്ചെയും രാവിലെയുമായി സൗദിയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 39 ഡ്രോണുകളെ സൗദി പ്രതിരോധ സേന വിജയകരമായി തകർത്തു. വ്യോമ പ്രതിരോധ സേനയും എയർഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് വൻ ദുരന്തം ഒഴിവാക്കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ട്രംപിന്‍റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെ തന്നെ ആക്രമണങ്ങൾ ആരംഭിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരവും രാത്രിയുമായി എത്തിയ അഞ്ച് ഡ്രോണുകൾ പ്രതിരോധ സേന വെടിവെച്ചിട്ടു. ഇതിനുപുറമെ, തിങ്കളാഴ്ച രാവിലെ വടക്കൻ-കിഴക്കൻ മേഖലകൾ ലക്ഷ്യമിട്ടെത്തിയ 12 ഡ്രോണുകളും സൈന്യം തകർത്തിരുന്നു. ഡ്രോണുകൾക്ക് പുറമെ തലസ്ഥാന നഗരമായ റിയാദിനെ ലക്ഷ്യമാക്കി വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകളിൽ ഒന്ന് ആകാശത്തുവെച്ച് തകർക്കുകയും രണ്ടാമത്തേത് ജനവാസമില്ലാത്ത മേഖലയിൽ പതിക്കുകയും ചെയ്തു.

രാജ്യത്തിന്‍റെ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 724 ഡ്രോണുകളും, 50 ബാലിസ്റ്റിക് മിസൈലുകളും, ഏഴ് ക്രൂയിസ് മിസൈലുകളുമാണ് സൗദി സൈന്യം വിജയകരമായി തടഞ്ഞത്. ഇതിൽ ഭൂരിഭാഗവും റിയാദ്, കിഴക്കൻ പ്രവിശ്യകൾ എന്നിവയെ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഏത് സാഹചര്യത്തെയും നേരിടാൻ സൗദി വ്യോമസേന പൂർണ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.