സൗദി അറേബ്യയിൽ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ സാധാരണയിലും കൂടുതൽ മഴയും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജിസാൻ, അസീർ തുടങ്ങിയ മേഖലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലും ഈ കാലാവസ്ഥാ വ്യതിയാനം പ്രകടമാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

റിയാദ്: സൗദി അറേബ്യയിൽ വരും മാസങ്ങളിൽ മഴയും താപനിലയും സാധാരണയേക്കാൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച പുറത്തിറക്കിയ കാലാവസ്ഥാ പ്രവചന റിപ്പോർട്ടിലാണ് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലും കാലാവസ്ഥാ വ്യതിയാനം പ്രകടമാകുമെന്ന് വ്യക്തമാക്കുന്നത്.

ഈ വർഷം ഏപ്രിൽ മാസത്തിൽ രാജ്യത്തെ വിവിധയിടങ്ങളിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. തബൂക്കിന്‍റെ വടക്ക്, കിഴക്ക് ഭാഗങ്ങൾ, മദീനയുടെ കിഴക്കും തെക്കും ഭാഗങ്ങൾ, മക്ക, അസീർ, അൽ ജൗഫ് (കിഴക്കൻ ഭാഗങ്ങൾ ഒഴികെ), ഹാഇൽ (കിഴക്കൻ ഭാഗങ്ങൾ ഒഴികെ), അൽ ഖസീം, വടക്കൻ അതിർത്തി മേഖലകൾ, റിയാദ്, നജ്‌റാൻ (കിഴക്കൻ ഭാഗങ്ങൾ ഒഴികെ), കിഴക്കൻ പ്രവിശ്യ (തെക്കൻ ഭാഗങ്ങൾ ഒഴികെ), അൽ ബാഹ, ജിസാൻ, കൂടാതെ തെക്കുപടിഞ്ഞാറൻ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. മഴയുടെ തീവ്രത കനത്തതോ അതിശക്തമായതോ ആകാൻ സാധ്യതയുണ്ടെന്നും, പ്രത്യേകിച്ച് ജിസാൻ, അസീർ മേഖലകളിൽ അസാധാരണമായ മഴ ലഭിക്കാനിടയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. മറ്റ് പ്രദേശങ്ങളിൽ മഴയുടെ അളവ് സാധാരണ നിലയിലായിരിക്കും.

മെയ് മാസത്തിലും മഴ പെയ്യാനുള്ള സാധ്യത തുടരും. അസീർ, ജിസാൻ, അൽ ബാഹ, നജ്‌റാെൻറ പടിഞ്ഞാറൻ ഭാഗങ്ങൾ, മക്കയുടെ തെക്കും കിഴക്കും ഭാഗങ്ങൾ, റിയാദിെൻറ പടിഞ്ഞാറൻ-മധ്യ ഭാഗങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തേക്കാം. രാജ്യത്തിെൻറ ബാക്കി ഭാഗങ്ങളിൽ മഴ സാധാരണ അളവിൽ തുടരാനാണ് സാധ്യത. ജൂൺ മാസത്തിൽ ജിസാൻ, പടിഞ്ഞാറൻ അസീർ, പടിഞ്ഞാറൻ അൽ ബാഹ, മക്കയുടെ തെക്കും പടിഞ്ഞാറും ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഈ സമയത്ത് മഴയുടെ തീവ്രത കുറവായിരിക്കുമെന്നും (ലഘുവായതോ മിതമായതോ) മറ്റ് പ്രദേശങ്ങളിൽ മഴ സാധാരണ നിലയിലായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.