അഭയാര്‍ത്ഥികളായ കുട്ടികളെ മാതാപിതാക്കളില്‍ നിന്നുമകറ്റുന്ന നയത്തില്‍ ട്രംപിനെതിരേ മെലാനിയ ട്രംപ് രൂക്ഷമായി പ്രതികരിച്ചിരുന്നതായി റിപ്പോര്‍ട്ട്. വിഷയത്തില്‍ ട്രംപിനെ അസഭ്യം പറയുന്ന മെലാനിയ ട്രെപിന്‍റെ ഫോണ്‍ സംസാരം പുറത്തായി. 2018ല്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ടേപ്പില്‍ നിന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. രാജ്യാന്തര തലത്തില്‍ ട്രംപിന് എറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന നിലപാടായിരുന്നു കുടിയേറ്റക്കാരുടെ കുടുംബങ്ങളെ തമ്മില്‍ പിരിക്കുന്നത്. 

അമേരിക്കന്‍ പ്രഥമ വനിതയെന്ന നിലയില്‍ ക്രിസ്തുമസ് കാലത്ത് ഉയര്‍ന്ന വിവാദം മെലാനിയയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ടേപ്പുകള്‍. മെലാനിയയുടെ സുഹൃത്തും മുതിര്‍ന്ന ഉപദേഷ്ടാവുമായ സ്റ്റെഫാനി വിന്‍സ്റ്റണ്‍ വോക്കോഫിന്‍റെ പുതിയ ബുക്കിലാണ് വിവരങ്ങള്‍ ഉള്ളത്. മെലാനിയയും സ്റ്റെഫാനിയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് വ്യക്തമാക്കുന്നതാണ് മെലാനിയ ആന്‍ഡ് മീ എന്ന ബുക്ക്. വ്യാഴാഴ്ച രാത്രിയാണ് സിഎന്‍എന്‍ ഈ ടേപ്പിലെ വിവരങ്ങള്‍ പുറത്ത് വിട്ടത്. വൈറ്റ് ഹൌസ് വിടുന്നതിനുമുന്‍പ് സ്റ്റെഫാനി റെക്കോര്‍ഡ് ചെയ്ത വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. 

''ഞാന്‍ സങ്കീര്‍ണമായ അവസ്ഥയിലാണെന്നാണ് അവര്‍ പറയുന്നത്. ഞാന്‍ അവനെ പോലെ തന്നെയാണ്.അവനെ ഞാന്‍ പിന്തുണയ്ക്കുന്നു. ഞാന്‍ കൂടുതല്‍ സംസാരിക്കാറില്ല,കാര്യമായി ഒന്നും ചെയ്യാറില്ല. ക്രിസ്തുമസിനായുള്ള ഒരുക്കത്തിലാണ്. ആരാണ് ക്രിസ്തുമസ് ഒരുക്കങ്ങള്‍ നശിപ്പിക്കാറുള്ളത്. പക്ഷേ എനിക്കത് ചെയ്യേണ്ടി വരും'' എന്നും ട്രംപിനെതിരേ അസഭ്യ വാക്കുകളോടെ മെലാനിയ പറയുന്നു. 

ക്രിസ്തുമസ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് ട്രംപിനെതിരെ കുടിയേറ്റക്കാരുടെ കുടുംബങ്ങളെ തമ്മില്‍ പിരിക്കുന്നത് സംബന്ധിച്ച് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. വിമര്‍ശനങ്ങളേക്കുറിച്ച് കാര്യമായി പ്രതികരിക്കാതിരുന്ന മെലാനിയ താന്‍ ക്രിസ്തുമസിനുള്ള ഒരുക്കത്തിലാണ് എന്ന് പ്രതികരിച്ചത് നേരത്തെ വിവാദമായിരുന്നു. ഇതിനേക്കുറിച്ചും രഹസ്യ ടേപ്പില്‍ പറയുന്നുണ്ട്. ''ഞാന്‍ ക്രിസ്തുമസിനായുള്ള ഒരുക്കത്തിലാണ് എന്ന് പറഞ്ഞപ്പോള്‍ പിരിക്കപ്പെട്ട കുഞ്ഞുങ്ങളുടെ കാര്യമെന്താണ് എന്നാണ് അവര്‍ ചോദിക്കുന്നത്. എനിക്കൊരു വിശ്രമം വേണം. ഒബാമ ഇങ്ങനെ ചെയ്തപ്പോള്‍ അവരെന്തെങ്കിലും പറഞ്ഞോ? എനിക്ക് പോകാനാവില്ല. ആ കുഞ്ഞിനെ അമ്മയോട് ചേര്‍ക്കാനുള്ള ശ്രമങ്ങളിലാണ് താനുള്ളത്. എനിക്കൊരു അവസരം ലഭിച്ചില്ല. കാര്യങ്ങള്‍ നിയമപരമായി തന്നെ നീങ്ങണം''. 

''ഇവിടെത്തുന്ന കുട്ടികള്‍ അവര്‍ക്ക് ലഭിച്ച സൌകര്യങ്ങളില്‍ അത്ഭുതപ്പെടുകയാണ്. അവരുടെ രാജ്യത്ത് ലഭിക്കാത സൌകര്യങ്ങളാണ് ഇവിടെ ലഭിക്കുന്നത്. പക്ഷേ നിങ്ങള്‍ക്കറിയാമല്ലോ അവര്‍ രക്ഷിതാക്കള്‍ക്കൊപ്പമല്ല. അനധികൃതമായി കടന്ന് വരുമ്പോള്‍ എന്തെങ്കിലും ചെയ്യാതെ വയ്യല്ലോ. മെക്സിക്കോ അവരെ വേണ്ട രീതിയില്‍ കരുതുന്നില്ല. എന്നാല്‍ അമേരിക്ക അങ്ങനെയല്ല അവരെ സംരക്ഷിക്കുന്നത്. ഈ കൂട്ടത്തില്‍ നുണ പറഞ്ഞ് വരുന്നവരുമുണ്ട്. പക്ഷേ പ്രൊഫഷണല്‍സ് അല്ലാത്തതുകൊണ്ട് അത് നമ്മുക്ക് മനസിലാകും അതിനാലാണ് അവരെ ഇവിടെ തങ്ങാന്‍ അനുവദിക്കുന്നത്''. മെലാനിയ പറയുന്നു. പ്രഥമ വനിതയ്ക്ക് ആ കുട്ടികളുടെ നേരം മാതൃസ്നേഹം തോന്നിയിരിക്കാമെന്നും എന്നാല്‍ അധികാരത്തിന്‍റെ അജന്‍ഡകളിലേക്ക് അവര്‍ പെട്ടന്ന് യോജിക്കുകയായിരുന്നവെന്നാണ് സ്റ്റെഫാനി പറയുന്നത്.

എന്നാല്‍ ബുക്കിനെതിരെയും പുറത്ത് വന്ന രഹസ്യ ടേപ്പുകളേക്കുറിച്ചും രൂക്ഷമായാണ് മെലാനിയയുടെ ഓഫീസ് പ്രതികരിക്കുന്നത്. രഹസ്യമായി പ്രഥമ വനിതയെ റെക്കോര്‍ഡ് ചെയ്തതും വിവാദമുണ്ടാക്കി ബുക്ക് പ്രസിദ്ധീകരിച്ചതിലും ഗൂഢമായ ഉദ്ദേശമുണ്ട്. ആത്മരതിയുടെ പ്രകടനം ആണ് ബുക്കില്‍ കാണാനാവുന്നത്. ഈ സമയത്ത് ഇത്തരമൊരു ബുക്ക് പുറത്ത് വിട്ടതിലും രഹസ്യമായ ഉദ്ദേശങ്ങളുണ്ടെന്നാണ് മെലാനിയയുടെ ഓഫീസ് പ്രതികരിക്കുന്നത്. ഇവാന്‍ക ട്രംപുമായുളള തണുപ്പന്‍ ബന്ധത്തേക്കുറിച്ചും അതിര്‍ത്തി വിഷയങ്ങളിലെ മെലാനിയയുടെ നിലപാടുകളേക്കുറിച്ചും മിഷേല്‍ ഒബാമയേക്കുറിച്ച് മെലാനിയയുടെ അഭിപ്രായത്തെക്കുറിച്ചുമെല്ലാം ബുക്ക് പ്രതിപാദിക്കുന്നുണ്ട്. 

മേയ് 5 മുതല്‍ അതിര്‍ത്തി കടന്നു വന്നിട്ടുള്ള 2300 കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചത് വലിയ വിവാദമായിരുന്നു. ക്യാമ്പ് മുറികളില്‍ താമസിപ്പിച്ചിട്ടുള്ള കുട്ടികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സ്വന്തം ക്യാബിനറ്റില്‍ നിന്നും പ്രഥമവനിത മെലാനിയ ട്രംപില്‍ നിന്നും വിമര്‍ശനം നേരിട്ടതോടെയാണ് നയത്തില്‍ മാറ്റം വരുത്താന് ട്രംപ് തയ്യാറായത്.