ടെക്സാസ്: കാര്‍ഡ് ബോര്‍ഡ് ബോക്സിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 13 പേര്‍ ടെക്സാസില്‍ പൊലീസ് പിടിയില്‍. ലാറിഡോയിലെ ഹൈ വേ പൊലീസിന്‍റെ പരിശോധനയില്‍ വാഹനത്തില്‍ പതിമൂന്ന് പെട്ടികള് മാത്രമാണെന്നായിരുന്നു ഗുഡ്സ് വാനിന്‍റെ ഡ്രൈവര്‍ മറുപടി നല്‍കിയത്. പൊലീസ് നായയാണ് ഉദ്യോഗസ്ഥരെ എമിഗ്രേഷന്‍ പരിശോധനയ്ക്കിടെ വലിയ രീതിയിലെ മനുഷ്യക്കടത്ത് കണ്ടെത്താന്‍ സഹായിച്ചത്. 

ആദ്യഘട്ട പരിശോധനയില്‍ പൊലീസ് നായയ്ക്ക് തോന്നിയ സംശയം രണ്ടാം ഘട്ട പരിശോധനയില്‍ തെളിയുകയായിരുന്നു. വാനിന്‍റെ കാര്‍ഗോ വയ്ക്കുന്ന ഭാഗത്ത് സീല്‍ ചെയ്ത നിലയിലായിരുന്നു പെട്ടികള്‍ കണ്ടെത്തിയത്. പെട്ടികളെ മാര്‍ക്ക് ചെയ്ത് പൊലീസ് നായ തുടര്‍ച്ചയായി കുരച്ചതോടെ പൊലീസ് ഇത് തുറന്ന് പരിശോധന നടത്തുകയായിരുന്നു.മെക്സികോ, എല്‍ സാല്‍വദോര്‍, ഹോണ്ടുറാസ്, ഇക്വഡോര്‍ എന്നിവിടങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചവരാണ് പിടിയിലായത്.

അമേരിക്കകാരനായ ഡ്രൈവറും വാഹനത്തില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹായിയും പിടിയിലായി. ഇവരില്‍ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വകുപ്പ് വ്യക്തമാക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെയാണ് ഇത്തരത്തിലെ അനധികൃത മനുഷ്യക്കടത്തെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പെട്ടികള്‍ക്കുളില്‍ കഴിഞ്ഞ ഇവര്‍ക്ക് മറ്റ് ശാരീരിക ബുദ്ധിമുട്ടികള്‍ ഇല്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യുകയാണെന്നും പൊലീസ് വ്യക്തമാക്കി.