ഇന്ത്യയുടെ വിദേശപര്യടന പ്രതിനിധിസംഘം യുഎസിലെത്തിയപ്പോൾ നടന്ന സംവാദ പരിപാടിയിൽ ശശി തരൂരിനോട് ചോദ്യം ചോദിച്ചയാളെ കണ്ട് വേദിയിൽ ചിരി പട‍ർന്നു.

വാഷിങ്ടണ്‍: ഇന്ത്യയുടെ വിദേശപര്യടന പ്രതിനിധിസംഘം യുഎസിലെത്തിയപ്പോൾ നടന്ന സംവാദ പരിപാടിയിൽ ശശി തരൂരിനോട് ചോദ്യം ചോദിച്ചയാളെ കണ്ട് വേദിയിൽ ചിരി പട‍ർന്നു. വേറാരുമല്ല, ശശി തരൂരിന്റെ മകൻ ഇഷാൻ തരൂർ ആണ് അച്ഛനോട് ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചത്. വാഷിങ്ടൻ പോസ്റ്റ് പത്രത്തിന്റെ പ്രതിനിധിയായാണ് തരൂരിന്റെ മകൻ ഇഷാൻ തരൂർ എത്തിയത്. പത്രത്തിൽ ഗ്ലോബൽ അഫയേഴ്സ് കോളമിസ്റ്റായാണ് ഇഷാൻ പ്രവർത്തിക്കുന്നത്.

ഇഷാൻ ചോദ്യം ചോദിക്കാൻ എഴുന്നേറ്റപ്പോൾ തന്നെ, എന്റെ മകനാണിത് ചോദ്യം ചോദിക്കാൻ അനുവദിക്കരുതെന്ന് തമാശ രൂപത്തിൽ ശശി തരൂ‍ർ എം പി പറഞ്ഞിരുന്നു. ഇതു കേട്ട് സദസ്സിലാകെ ചിരി പടർന്നു. എന്നാൽ അച്ഛൻ അടുത്ത രാജ്യത്തേക്ക് പോകും മുൻപ് കണ്ട് ഒരു ഹായ് പറയാൻ വന്നതാണെന്ന് മറുപടിയായി ഇഷാൻ തരൂരും പ്രതികരിച്ചു. അച്ഛനും മകനും തമ്മിലുള്ള ഈ സംഭാഷണം കേട്ട് വേദിയിലും സദസിലുമുള്ളവർ പൊട്ടിച്ചിരിക്കുകയായിരുന്നു.

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ഈ വിദേശപര്യടന പ്രതിനിധി സംഘത്തെ നയിക്കുന്നത് ശശി തരൂരാണ്. പഹൽഗാം ഭീകരാക്രമണത്തിൽ പാക് പങ്കിനെക്കുറിച്ചും, ഏതെങ്കിലും രാജ്യങ്ങൾ പഹൽഗാം ആക്രമണത്തിൽ പാക് പങ്കിനെക്കുറിച്ചുള്ള തെളിവുകൾ ചോദിച്ചിരുന്നുവോയെന്നും ഇഷാൻ തരൂ‍ർ ചോദിച്ചു. തെളിവുകൾ ഒരു രാജ്യത്തു നിന്നും ചോദിച്ചില്ലെന്ന് തരൂർ പറഞ്ഞു. വ്യക്തമായ കാരണമില്ലാതെ ഇന്ത്യ സൈനിക നടപ‌ടി സ്വീകരിക്കില്ലെന്നും തരൂരിന്റെ മറുപടി.

മേയ് 24ന് ആണ് ശശി തരൂർ അടങ്ങുന്ന ഇന്ത്യയുടെ വിദേശപര്യടന പ്രതിനിധിസംഘം യാത്ര ആരംഭിച്ചത്. നിലവിൽ പാനമ, ഗയാന, കൊളംബിയ, ബ്രസീൽ, വാഷിങ്ടണ്‍ എന്നിവിടങ്ങളിൽ സംഘം സന്ദർശനം പൂർത്തിയാക്കിയിട്ടുണ്ട്.