പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ദുബായ് മാളിൽ ശൈഖ് ഹംദാന്‍റെ അപ്രതീക്ഷിത സന്ദർശനം. നഗരജീവിതം സാധാരണ നിലയിലാണെന്ന് വ്യക്തമാക്കുന്ന ഈ സന്ദർശനം, പൊതുജനങ്ങൾക്ക് വലിയ ആശ്വാസം നൽകുകയും ദുബായുടെ സുരക്ഷയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്തു.

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കെ, ജനങ്ങൾക്ക് ആത്മവിശ്വാസവും കരുത്തും പകർന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഒന്നാം ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ദുബായ് മാൾ സന്ദർശിച്ചു. തിങ്കളാഴ്ചയായിരുന്നു ഭരണാധികാരികളുടെ ഈ അപ്രതീക്ഷിത സന്ദർശനം. മാളിലെത്തിയ ശൈഖ് ഹംദാനും ശൈഖ് മക്തൂമും സന്ദർശകർക്കും താമസക്കാർക്കുമൊപ്പം നടക്കുകയും അവരോട് സംസാരിക്കുകയും ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

നഗരത്തിലെ ഏറ്റവും തിരക്കേറിയ കേന്ദ്രങ്ങളിലൊന്നായ ദുബായ് മാളിലെ ഇവരുടെ സാന്നിധ്യം, ദുബായിലെ ജീവിതം സാധാരണ നിലയിലാണെന്ന വ്യക്തമായ സന്ദേശമാണ് നൽകുന്നത്. സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ പൊതുജനങ്ങൾക്ക് വലിയ ആശ്വാസമായി ഈ സന്ദർശനം മാറി. ഭരണാധികാരികൾ ജനങ്ങളുമായി പുലർത്തുന്ന അടുത്ത ബന്ധവും ദുബായുടെ സുരക്ഷയിലുള്ള ആത്മവിശ്വാസവുമാണ് ഇതിലൂടെ പ്രകടമായത്. മാളിലെത്തിയ സന്ദർശകർ തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളെ അടുത്തു കണ്ട സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. സുരക്ഷയും സമാധാനവും ദുബായുടെ മുഖമുദ്രയാണെന്ന് അടിവരയിടുന്നതായിരുന്നു ഈ സന്ദർശനം.

View post on Instagram