മനില: സേവനം നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ വെടി വയ്ക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശവുമായി ഒരു രാജ്യത്തിന്‍റെ പ്രസിഡന്‍റ്.  ഫിലിപ്പീന്‍സ് പ്രസിഡന്‍റ്  റോഡ്രിഗോ ഡുറ്റേര്‍ട്ടെയുടേതാണ് പ്രസ്താവന. എന്നാല്‍ വെടി വയ്ക്കുന്നതിന് ഒരു നിബന്ധന കൂടി പ്രസിഡന്‍റ് മുന്നോട്ട് വയ്ക്കുന്നുണ്ട്. 

അഴിമതിക്കാരെ നിങ്ങള്‍ വെടിവച്ചോളൂ പക്ഷേ അവരെ കൊല്ലരുത്. ഗുരുതരമായ മുറിവുകള്‍ അവര്‍ക്ക് സംഭവിച്ചാലും നിങ്ങളെ ഞാന്‍ സംരക്ഷിക്കാമെന്നാണ് പ്രസിഡന്‍റിന്‍റെ പ്രസ്താവന. വടക്കന്‍ മനിലയില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെയാണ് പ്രസിഡന്‍റിന്‍റെ പ്രസ്താവന. അത്തരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതുകൊണ്ട് നിങ്ങള്‍ ജയിലില്‍ പോവില്ലെന്നും പ്രസിഡന്‍റ് ഉറപ്പ് നല്‍കി. 

യാഥാസ്ഥിതികമല്ലാത്ത നിലപാടുകള്‍ക്ക് കൊണ്ട് സാമൂഹിക പ്രശ്നങ്ങളെ നേരിടാന്‍ നിര്‍ദേശിച്ചതിന്‍റെ പേരില്‍ കുപ്രസിദ്ധനാണ് എഴുപത്തിനാലുകാരനായറോഡ്രിഗോ ഡുറ്റേര്‍ട്ട. നിങ്ങള്‍ നികുതി നല്‍കുന്നവരാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഏതെങ്കിലും അധികാരികള്‍ കൈക്കൂലി ആവശ്യപ്പെട്ടാല്‍ അവരുടെ കരണത്ത് അടിച്ചിടണം. നിങ്ങളുടെ കൈവശം ആയുധമുണ്ടെങ്കില്‍ അതുപയോഗിച്ച് അവരെ ഉപദ്രവിക്കാനും മടിക്കരുത്. വെടി വയ്ക്കുകയാണെങ്കില്‍ അത് കാലില്‍ വയ്ക്കുക. അത് ആളപായം ഉണ്ടാക്കില്ലെന്നും റോഡ്രിഗോ ഡുറ്റേര്‍ട്ട വിശദമാക്കുന്നു.