Asianet News MalayalamAsianet News Malayalam

ട്രംപിന്‍റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ്

ഒരു സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ ട്രംപ് കൊവിഡുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ പുറത്തേക്ക് പോകാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഏകദേശം പത്ത് മിനിറ്റിന് ശേഷം വൈറ്റ് ഹൗസിന് പുറത്ത് ഒരു വെടിവെപ്പ് നടന്നതായി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. 

Shooting Outside White House during trump press meet
Author
Washington D.C., First Published Aug 11, 2020, 6:19 AM IST

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ്  ഡോണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തി. വാര്‍ത്താസമ്മേളനം നടത്തുകയായിരുന്ന ട്രംപിനെ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനത്തേക്ക് ഉടന്‍ മാറ്റി.

അക്രമിയെ കസ്റ്റഡിയില്‍ എടുത്തശേഷമാണ് ട്രംപ് വാര്‍ത്താസമ്മേളനം പുനരാരംഭിച്ചത്. അമേരിക്കയിലെ പ്രാദേശിക സമയം 5.50ഓടെയായിരുന്നും സംഭവം. ഒരു സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ ട്രംപ് കൊവിഡുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ പുറത്തേക്ക് പോകാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

ഏകദേശം പത്ത് മിനിറ്റിന് ശേഷം തിരിച്ചെത്തിയ ട്രംപ് വൈറ്റ് ഹൗസിന് പുറത്ത് ഒരു വെടിവെപ്പ് നടന്നതായി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. വൈറ്റ് ഹൗസിന് അടുത്തായി പെന്‍സില്‍വാനിയയിലെ 17-ാം സ്ട്രീറ്റിലാണ് സംഭവം നടന്നത്. വൈറ്റ് ഹൗസിന് പുറത്ത് അക്രമി മറ്റൊരാളെ വെടിവെയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ ഇയാളെ സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

പരിക്കേറ്റ അക്രമിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റാര്‍ക്കും പരിക്കില്ല. മുന്‍കരുതലിന്‍റെ ഭാഗമായാണ് പ്രസിഡന്‍റിന്‍റെ വാര്‍ത്താ സമ്മേളനം സീക്രട്ട് സര്‍വ്വീസ് തടസപ്പെടുത്തിയത്. വാര്‍ത്താ സമ്മേളനത്തിലേക്ക് തിരിച്ചെത്തിയ ട്രംപ് സീക്രട്ട് സര്‍വ്വീസിനെ അഭിനന്ദിച്ചു. 

Follow Us:
Download App:
  • android
  • ios