ആഗോളതലത്തിൽ വാഴ പഴങ്ങൾ എത്തിക്കുന്നതിൽ മുൻപന്തിയിലുള്ള പനാമയിൽ പെൻഷൻ പരിഷ്കരണമാണ് വ്യാപക അക്രമത്തിലേക്ക് എത്തിയത്

പനാമ സിറ്റി: മധ്യ അമേരിക്കൻ രാജ്യമായ പനാമയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പനാമയിൽ ഏറ്റവുമധികം വാഴക്കുലകൾ ഉൽപാദിപ്പിക്കുന്ന മേഖലയിൽ സംഘ‍ർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് നടപടി. പെൻഷൻ പരിഷ്കാര നടപടിയാണ് വ്യാപകമായ രീതിയിലെ അക്രമത്തിന് കാരണമായിട്ടുള്ളത്. അക്രമികൾ കടകൾ കൊള്ളയടിക്കുകയും കെട്ടിടങ്ങൾ തകർക്കുകയും പ്രതിഷേധം തുടരുകയും ചെയ്തതോടെയാണ് പനാമയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഭരണഘടനാപരമായ അവകാശങ്ങൾ അടുത്ത അഞ്ച് ദിവസത്തേക്ക് റദ്ദാക്കിയതായാണ് പനാമ സ‍ർക്കാർ വിശദമാക്കിയത്. വടക്ക് പടിഞ്ഞാറൻ മേഖലയായ ബോകാസ് ഡെൽ ടോറോ പ്രവിശ്യയിലാണ് ഭരണഘടനാപരമായ അവകാശങ്ങൾ റദ്ദാക്കിയിട്ടുള്ളത്. പൊലീസിന് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യുന്നതിന് സഹായിക്കാനാണ് ഈ നീക്കമെന്നാണ് സ‍ർക്കാർ വിശദമാക്കിയിട്ടുള്ളത്. ഒരു മാസം മുൻപാണ് മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മേഖലയിലെ വാഴക്കുല കർഷകരുടെ യൂണിയനുകൾ ദേശീയ തലത്തിൽ പെൻഷൻ പരിഷ്കരണത്തിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. സമരമെന്ന നിലയിൽ ആരംഭിച്ച പ്രതിഷേധം നിലവിൽ അക്രമത്തിലേക്ക് എത്തുകയായിരുന്നു.

പരിഷ്കരണവാദികളിൽ നിന്ന് പ്രവിശ്യയെ രക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് നിലവിലെ നീക്കമെന്നും പനാമ സർക്കാർ വിശദമാക്കി. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ പെൻഷൻ പരിഷ്കരണം ആവശ്യപ്പെട്ട് മാർച്ചിൽ പ്രതിഷേധം നടന്നിരുന്നു. ആഗോള തലത്തിൽ തന്നെ വാഴപ്പഴത്തിന്റെ വലിയ ഉൽപാദകരായ ചിഗ്വിറ്റ ബ്രാൻഡിന്റെ വാഴ തോട്ടങ്ങളിൽ വലിയ രീതിയിലാണ് പ്രതിഷേധം രൂപം കൊണ്ടത്. സമരത്തിലുണ്ടായിരുന്ന ആയിരത്തോളം ജീവനക്കാരെ കമ്പനി കഴിഞ്ഞ മാസം പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുമായുള്ള ഏറ്റുമുട്ടലുകൾ, റോഡ് ഉപരോധങ്ങൾ അടക്കമുള്ളവ ബോകാസ് ഡെൽ ടോറോയിൽ നടന്നത്. ഈ ആഴ്ച ആദ്യത്തിൽ ബോകാസ് ഡെൽ ടോറോയിൽ പ്രതിഷേധക്കാർ ചിഗ്വിറ്റയുടെ വാഴക്കുല സംരക്ഷണ കേന്ദ്രങ്ങളും ഒരു പ്രാദേശിക എയ‍ർപോർട്ടും നശിപ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം