ഇറാന്‍: കൊറോണപ്പേടിയില്‍ രാജ്യം വിറയ്ക്കുമ്പോഴും തളരാന്‍ തയ്യാറില്ലെന്ന് വ്യക്തമാക്കി ആരോഗ്യ പ്രവര്‍ത്തകര്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകരുടെ ജീവനാണ് അപകടത്തിലായത്.കോറോണയ്ക്കെതിരായ പോരാട്ടത്തിന് കൃത്യമായ മരുന്നുകളും വൈദഗ്ധ്യവും ഇല്ലാത്തതാണ്  ആരോഗ്യപ്രവര്‍ത്തകരെ വലയ്ക്കുന്നത്. എന്നാല്‍ ആത്മധൈര്യം നഷ്ടപ്പെടാതെ നൃത്തം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകയുടെ ദൃശ്യങ്ങള്‍ വൈറലാവുന്നു. ഇറാനില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. 

"

ഇറാനിയന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയായ നേഗര്‍ മൊര്‍ട്‍സ്വവിയാണ് ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. അറേബ്യന്‍ ഗാനത്തിന് ആശുപത്രിയില്‍ വച്ച് ചുവട് വയ്ക്കുന്ന ആരോഗ്യപ്രവര്‍ത്തകയുടെ ദൃശ്യങ്ങളാണ് കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായിരിക്കുന്നത്.  കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്ന സഹപ്രവര്‍ത്തകരുടെ സംസാരവും പശ്ചാത്തലത്തില്‍ കേള്‍ക്കാന്‍ സാധിക്കും. 

ഇറാന്‍ വൈസ് പ്രസിഡന്‍റിനും കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വനിതാ കുടുംബക്ഷേമ വൈസ് പ്രസിഡന്‍റ് മസൗമേ എബ്തെകാറിനാണ് വൈറസ് ബാധയേറ്റത്. ഹസന്‍ റുഹാനി മന്ത്രിസഭയിലെ ആദ്യത്തെ വനിതാ അംഗമാണ് എബ്തെകാര്‍. കൊറോണ വൈറസ് ഇറാനില്‍ അതിമാരകമായി മാറിയിരിക്കുകയാണ്. എല്ലാ പ്രവിശ്യകളിലും കൊറോണ പടര്‍ന്നതായി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൊഹാനി നേരത്തെ അറിയിച്ചിരുന്നു. 92 പേര്‍ ബുധനാഴ്ചവരെ ഇറാനില്‍ മാത്രം കൊറോണ ബാധിച്ച് മരിച്ചുവെന്നാണ് കണക്കുകള്‍. ലോകാരോഗ്യ സംഘടനയുടെ കൊറോണ അതീവ ജാഗ്രതാ നിര്‍ദേശം ലഭിച്ചിട്ടുള്ള രാജ്യമായ ഇറാനിലാണ് ചൈനയക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം ഉണ്ടായിരിക്കുന്നത്.