Asianet News MalayalamAsianet News Malayalam

കസാഖ്‍സ്ഥാനിൽ സ്ഥിതി നിയന്ത്രണവിധേയമെന്ന് ഇന്ത്യൻ എംബസി; തൊഴിലാളികളെ സംരക്ഷിക്കും

ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് പൊലീസ് സംരക്ഷണം നൽകിയിട്ടുണ്ടെന്നും തിരികെ പോകാൻ ആഗ്രഹിക്കുന്നവർക്ക് കസാഖ്സ്ഥാൻ വിമാനത്താവളം വരെ പൊലീസ് സുരക്ഷയൊരുക്കുമെന്നും എംബസി അറിയിച്ചു.

situation under control in Kazakhstan says indian embassy
Author
Delhi, First Published Jul 1, 2019, 10:10 AM IST

കസാഖ്സ്ഥാൻ: തൊഴിലാളി സംഘർഷത്തെ തുടർന്ന് ഇന്ത്യക്കാർ ഉൾപ്പെടെ കുടുങ്ങിയ കസാഖ്സ്ഥാനിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായി ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് പൊലീസ് സംരക്ഷണം നൽകിയിട്ടുണ്ടെന്നും തിരികെ പോകാൻ ആഗ്രഹിക്കുന്നവർക്ക് കസാഖ്സ്ഥാൻ വിമാനത്താവളം വരെ പൊലീസ് സുരക്ഷയൊരുക്കുമെന്നും എംബസി അറിയിച്ചു. 

തൊഴിലാളി സംഘര്‍ഷങ്ങളെത്തുടര്‍ന്ന് കസാഖ്സ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് മലയാളികള്‍ ഉള്‍പ്പടെയുള്ള 150 ഇന്ത്യക്കാര്‍ കുടുങ്ങുകയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇടപെടലിനെത്തുടര്‍ന്ന് തൊഴിലാളികളെ ഇന്നലെ തന്നെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. 

സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തെ ചൊല്ലി തൊഴിലാളികള്‍ ഏറ്റുമുട്ടിയയോടെയാണ് സംഘര്‍ഷമുണ്ടായത്. കസാഖ്സ്ഥാനിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലൊന്നായ ടെങ്കിസില്‍ ശനിയാഴ്ച രാവിലെയാണ് സംഘര്‍ഷം തുടങ്ങിയത്. വേതനക്കുറവിനെച്ചൊല്ലി തദ്ദേശീയരുടെ പ്രതിഷേധം എണ്ണപ്പാടത്ത് നേരത്തെ തന്നെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ലബനന്‍കാരനായ ലോജിസ്റ്റിക്സ് ചീഫ് അഡ്മിനിസ്ട്രേറ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രമാണ് പെട്ടന്നുള്ള പ്രകോപനത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. 

ചിത്രം തങ്ങളെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സംഘടിച്ച തദ്ദേശീയര്‍ വിദേശ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയിട്ടും ഇത് നിയന്ത്രിക്കാനായില്ല. വിദേശികളെ പുറത്തെത്തിക്കാന്‍ വാഹനമെത്തിച്ചെങ്കിലും തദ്ദേശീയര്‍ കല്ലെറിഞ്ഞു. പരിക്കേറ്റവരില്‍ ഇന്ത്യക്കാരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. എണ്ണപ്പാടത്തിന് സമീപത്തെ ഹോട്ടലുകളിലാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കഴിയുന്നത്. ഇവരെ ഇവിടെ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണ്. 

പ്രധാന പട്ടണത്തിലേക്ക് റോഡുമാര്‍ഗം എത്താന്‍ മുന്നൂറിലേറെ കിലോമീറ്റര്‍ താണ്ടണം. തൊഴിലാളികൾക്കായി ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ തുറന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശപ്രകാരം നോര്‍ക്ക റൂട്ട്സും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios