ബീജിംഗ്: റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ നിന്നും അവയവങ്ങള്‍ തട്ടിയെടുത്ത ഡോക്ടര്‍മാര്‍ അടക്കമുള്ള ആറംഗ സംഘത്തിന് ജയില്‍ ശിക്ഷ. ചൈനയിലെ ആന്‍ഹുയി പ്രവിശ്യയിലാണ് സംഭവം. റോഡപകടങ്ങളില്‍ മരണപ്പെടുന്നവരുടെ അവയവങ്ങള്‍ ഔദ്യോഗികമായി ദാനം ചെയ്യുന്നുവെന്ന പ്രതീതി കുടുംബത്തിന് സൃഷ്ടിച്ച ശേഷമായിരുന്നു ഉയര്‍ന്ന പദവികള്‍ വഹിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ തട്ടിപ്പ്. 2017നും 2018നും ഇടയില്‍ മാത്രം പതിനൊന്ന് രോഗികളുടെ കരളും കിഡ്നിയുമാണ് സംഘം തട്ടിയെടുത്തതെന്ന് കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അവയവ ശസ്ത്രക്രിയാ മേഖലയില്‍ വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ചൈനയിലുള്ളത്. ആളുകള്‍ പൊതുവായി ദാനം ചെയ്യുന്നതിലൂടെയാണ് ചൈനയില്‍ അവയവ ശസ്ത്രക്രിയാ മേഖലയുടെ പ്രവര്‍ത്തനം. റോഡപകടങ്ങളില്‍ സെറിബ്രല്‍ ഹെമറിജ് സംഭവിച്ചവരെയായിരുന്നു സംഘം ഇരയാക്കിയിരുന്നത്. ആന്‍ഹുയി പ്രവിശ്യയിലെ ഹുവായിവാന്‍ കൌണ്ടി ആശുപത്രിയില്‍ വച്ചായിരുന്നു ഇവരുടെ തട്ടിപ്പുകള്‍. ഐസിയുവിന്‍റെ ചുമതലയുള്ള ആശുപത്രിയുടെ തലവനാണ് അവയവദാനത്തിന് അപകടത്തില്‍പ്പെട്ടവരില്‍ നിന്ന് അനുമതി വാങ്ങുന്നത്. പിന്നീട് ഈ സമ്മതപത്രം വ്യാജമായി ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.

സമ്മതപത്രം എഴുതി വാങ്ങിയ ശേഷം രോഗിയെ പാതിരാത്രിയോടെ ആശുപത്രിയില്‍ നിന്ന് കടത്തി ശസ്ത്രക്രിയയിലൂടെ അവയവങ്ങള്‍ എടുക്കും. രഹസ്യമായി ബന്ധപ്പെടുന്ന സംഘവുമായി ബന്ധമുള്ള  മറ്റ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ഇവ കൈമാറ്റം ചെയ്യും. ഇതിന് ശേഷം രോഗിയെ വീണ്ടും ആശുപത്രിയില്‍ തിരികെയെത്തിച്ച് ബന്ധുക്കളോട് രോഗി മരിച്ചതായി അറിയിക്കും. ഇതായിരുന്നു തട്ടിപ്പിന്‍റെ രീതി. ഇത്തരത്തില്‍ മരിച്ച ഒരാളുടെ മകന് തോന്നിയ സംശയമാണ് ഈ ശൃംഖലയിലേക്ക് അന്വേഷണമെത്തിയതിന് പിന്നില്‍. ആശുപത്രിയില്‍ നിന്നെത്തിച്ച സമ്മതപത്രത്തിലെ ചില അപാകതകള്‍ യുവാവ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. നേരത്തെ വധശിക്ഷയ്ക്ക് വിധിക്കുന്ന കുറ്റവാളികളുടെ അവയവങ്ങള്‍ ചൈന ഇത്തരത്തില്‍ ശേഖരിച്ചിരുന്നു. ഇത് ആഗോളതലത്തില്‍ വ്യാപക വിമര്‍ശനത്തിന് വഴിവച്ചതോടെയാണ് അധികൃതര്‍ 2015ല്‍ ഈ നടപടി ഒഴിവാക്കിയത്.