ചൈനയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി ആറുപേര്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരിക്കേറ്റു. കാറിന്‍റെ ഡ്രൈവറെ പൊലീസ് വെടിവെച്ചു കൊന്നു.
ചൈന: ചൈനയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി ആറ് പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറെ പൊലീസ് വെടിവെച്ചു കൊന്നു. മധ്യചൈനയിലെ ഹ്യൂബേ പ്രവിശ്യയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അപകടത്തില്‍ ആറ് പേര്‍ മരിക്കുകയും ഏഴോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യമോ അക്രമിയുടെ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച ചൈനീസ് സമയം പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നതെന്ന് ഇംഗ്ലീഷ് മാധ്യമം സിജിടിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയില്‍ അപകടം നടക്കുന്നതിന്‍റെയും പരിക്കേറ്റവരെ കാല്‍നടയാത്രക്കാര്‍ സഹായിക്കുന്നതിന്‍റെയും ദൃശ്യങ്ങളുണ്ട്. വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലും മറ്റുമുളള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ചൈനയില്‍ കുറച്ച് നാളുകളായി വര്‍ധിച്ചുവരികയാണ്.
സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ആളുകള്‍ കൂടുതലുളള സ്ഥലങ്ങളില്‍ വച്ച് ആക്രമിക്കപ്പെടുന്നത് പതിവാകുകയാണ്. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ തീവ്രസ്വഭാവമുളള സംഘടനകള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സൂചനകള്‍. ഇതേ രീതയില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ ആള്‍ക്കൂട്ടത്തിന് നേരെ എസ് യു വി കാര്‍ ഇടിച്ചുകയറി 11 പേര്‍ മരിക്കുകയും 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
